
ഭരണമാറ്റം ദഹിക്കാത്ത തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പൊലീസുകാരെ പീഡിപ്പിച്ച് പ്രതികാരം തീര്‍ത്തു. തുടര്‍ച്ചയായി രണ്ടുദിവസം ഊണും ഉറക്കവും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത പൊലീസുകാരെ വസ്ത്രം മാറാന്‍ പോലും അനുവദിക്കാതെ മൂന്നാം ദിവസവും ഡ്യൂട്ടി നല്‍കിയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതികാരം തീര്‍ത്തത്.
തൃക്കാക്കര എ.സിയുടെ കീഴിലുള്ള കളമശ്ശേരി തൃപ്പൂണിത്തുറ സൗത്ത് സി.ഐമാരുടെ സ്‌ട്രൈക്കര്‍ ഫോഴ്‌സിലുള്‍പ്പെട്ട പൊലീസുകാര്‍ക്കാണ് സി.പി.എമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന എ.സിയുടെ പീഡനത്തിനിരയായത്. കൗണ്ടിംഗ് ഡ്യൂട്ടിക്ക് എന്നുപറഞ്ഞ് ക്യാമ്പില്‍ നിന്ന് ഡ്യൂട്ടിക്കയച്ച പൊലീസുകാരെ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സൗകര്യം നല്‍കാതെയാണ് അസി. കമ്മീഷണര്‍ പീഡിപ്പിച്ചത്. പരാതി പറഞ്ഞ പൊലീസുകാരോട് അപമര്യാദയായി പെരുമാറിയ അസി. കമ്മീഷണര്‍ മനുഷ്യത്വരഹിതമായി പൊലീസുകാരെ മൂന്നാം ദിവസവും രാത്രി ഡ്യൂട്ടിക്കിടുകയായിരുന്നു. അസി. കമ്മീഷണറുടെ സ്‌ട്രൈക്കര്‍ ഫോഴ്‌സിലെ ഒരു പൊലീസുകാരന്റെ മുത്തശ്ശി മരിച്ച വിവരമറിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസുകാരനെ അടിയന്തിരമായി തിരിച്ചു വിളിപ്പിച്ച് പീഡിപ്പിച്ച എ.സിക്കെതിരെ സേനയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞ്. മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പൊലീസുകാരന് അവധി നല്‍കിയ തൃക്കാക്കര എസ്.ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ അസിസ്റ്റന്റ് കമ്മീഷണര്‍ പൊലീസുകാരനെ തിരികെ വിളിച്ച് അടിയന്തിരമായി ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചാണ് പ്രതികാരം തീര്‍ത്തത്. കൗണ്ടിംഗ് ഡ്യൂട്ടി കഴിഞ്ഞ പൊലീസുകാരെ തിരിച്ചയക്കണമെന്ന് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് പൊലീസുകാരെ പീഡിപ്പിച്ച് ഭരണമാറ്റത്തോടുള്ള തന്റെ അസഹിഷ്ണുത അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകടിപ്പിച്ചത്.






