Random Posts

Sunday, May 15, 2011

അരങ്ങൊരുങ്ങി, ഇനി അച്യുതാനന്ദനിഗ്രഹം ആട്ടക്കഥ


തിരുവനന്തപുരം: അരങ്ങൊരുങ്ങി. ഇനി കേരളം കാണാന്‍പോകുന്നത് അച്യുതാനന്ദന്‍ നിഗ്രഹം ആട്ടക്കഥ. പാര്‍ട്ടിസെക്രട്ടറിയേയും ഭൂരിഭാഗം മന്ത്രിമാരേയും നിരന്തരം വെല്ലുവിളിച്ചും പ്രതിക്കൂട്ടില്‍ നിര്‍ത്തിയും വളര്‍ന്ന വി.എസ് അച്യുതാനന്ദന്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാകുക എന്ന വലിയ വിപത്ത് ഒഴിവായതോടെ അടുത്ത ലക്ഷ്യത്തിലേക്ക് സിപിഎം ഔദ്യോഗികവിഭാഗം കൈവയ്ക്കുകയാണ്. പ്രതിപക്ഷനേതാവ് എന്ന പദവി കോടിയേരി ബാലകൃഷ്ണന്റെ തലയില്‍ വച്ചുകൊടുക്കാനുള്ള ആലോചനകളാണ് ഇതില്‍ പ്രധാനം. അതോടെ അച്യുതാനന്ദന്‍ നിഗ്രഹം ആട്ടക്കഥ പൂര്‍ത്തിയാകും. പിന്നെ വന്ദ്യവയോധികനായ വി.എസ് വിശ്രമത്തിനു പോകുമെന്നാണ് ഔദ്യോഗികവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. പ്രതിപക്ഷത്തിരുന്നുകൊണ്ടു പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങുമെന്നു പിണറായി സൂചിപ്പിച്ചുകഴിഞ്ഞു.

അതേസമയം വി.എസ് തളരുന്നില്ല. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടന്‍ പാര്‍ട്ടി സെക്രട്ടറിയ്‌ക്കെതിരേ ഒളിയമ്പുമായാണ് വി.എസ് രംഗത്തെത്തിയത്. കേരളത്തിലെ പിണറായിക്കും കേന്ദ്രത്തിലെ കാരാട്ടിനും അതു കൊണ്ടുവെന്നുമാത്രം. സംഘടാനാതലത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ പാര്‍ട്ടിക്ക് പ്രേരണ നല്‍കുന്നതാണ് തിരഞ്ഞെടുപ്പുഫലമെന്ന വാദമാണ് ഫലപ്രഖ്യാപനത്തോടെ വി.എസ് മുന്നോട്ടുവച്ചിരിക്കുന്നത്. വി.എസിന്റെ ലക്ഷ്യം മനസ്സിലാക്കിത്തന്നെയായിരുന്നു പിണറായി വിജയന്റെ മറുപടി. കുറേക്കാലമായി നിങ്ങള്‍ ഇത്തരം മോഹങ്ങള്‍ കൊണ്ടുനടക്കുകയല്ലേയെന്ന മാധ്യമപ്രവര്‍ത്തകരോടുള്ള പിണറായിയുടെ പ്രതികരണം യഥാര്‍ഥത്തില്‍ നീളുന്നത് വി.എസിന് നേരെയാണ്. നിയമസഭയില്‍ എല്‍.ഡി.എഫ്.നേടിയ 68 സീറ്റ് എന്നത് സമീപകാല നിയമസഭകളിലെ ഏറ്റവും ശക്തമായ പ്രതിപക്ഷമാണ്.

പ്രതിപക്ഷ നേതൃപദവി ഉപയോഗപ്പെടുത്തി സഭയിലും പുറത്തും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് താന്‍ നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയിലും വലിയ പ്രതിധ്വനി സൃഷ്ടിക്കുമെന്ന കാര്യം വി.എസ്. ഉറപ്പിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി പ്രതിപക്ഷ നേതൃസ്ഥാനം തനിക്ക് നിഷേധിക്കാന്‍ ഔദ്യോഗികപക്ഷം നീങ്ങുമോയെന്നും അദ്ദേഹത്തിന് സംശയമുണ്ട്. ഇത് മനസ്സിലാക്കിയാണ് തട്ടിക്കൂട്ട് സര്‍ക്കാരിന് ഇല്ലെന്നും നിയമസഭയില്‍ ശക്തമായ പ്രതിപക്ഷമായിരിക്കുമെന്നുമുള്ള നയപ്രഖ്യാപനം തിരഞ്ഞെടുപ്പുഫലം വന്നതിന് തൊട്ടുപിന്നാലെതന്നെ വി.എസ്. നടത്തിയത്. പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം. സമ്മേളനങ്ങള്‍ക്ക് സപ്തംബര്‍ ആദ്യവാരം തുടക്കമിടുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെ പാര്‍ട്ടിയെ നയിച്ചത് വി.എസ്. ആണെന്ന ധാരണ പാര്‍ട്ടിയിലെ വി.എസിന്റെ എതിരാളികള്‍ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ തിരഞ്ഞെടുപ്പുഫലം ഉള്‍പ്പാര്‍ട്ടി സമരത്തിനുള്ള നല്ല ഇന്ധനമാണെന്നത് താന്‍ തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വി.എസിന്റെ നീക്കങ്ങള്‍. കനത്ത പരാജയം ഒഴിവാക്കിയതിന്റെ 'ക്രഡിറ്റ്' വി.എസിന് നല്‍കുന്നതിനൊപ്പം ലഭിക്കേണ്ട വിജയം അന്യമാക്കിയത് പാര്‍ട്ടിനേതൃത്വമാണെന്ന കുറ്റാരോപണവും വി.എസ്.പക്ഷം നിരത്തുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി പാര്‍ട്ടിയില്‍ ആലോചിക്കാതെ പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പോസ്റ്ററുകളില്‍ വി.എസിന്റെ ചിത്രം പതിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചതും എല്‍.ഡി.എഫിന് ദോഷകരമായെന്ന വാദവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.എം. ഔദ്യോഗിക പക്ഷത്തെ പലപ്രമുഖരും തിരഞ്ഞെടുപ്പ് വിജയത്തിന് വി.എസിന്റെ സഹായം തേടിയിരുന്നു. വി.എസിന് സീറ്റുനല്‍കേണ്ടെന്ന് ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ വാദിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വി.എസിന്റെ സഹായത്താല്‍ വിജയം നേടിയ ഇവര്‍ക്ക് ഇനി പാര്‍ട്ടിക്കുള്ളില്‍ പഴയ രീതിയില്‍ നീങ്ങാനാകില്ലെന്നും വി.എസ്.പക്ഷം കരുതുന്നു. അതേസമയം സംഘടനാരംഗത്തെ പാളിച്ചകള്‍ക്കു മറുപടിപറയേണ്ട ബാധ്യതയാണ് ഔദ്യോഗികവിഭാഗം നേരിടുന്ന വലിയ കടമ്പ. ഇതുമനസില്‍ക്കണ്ട് വി.എസ് വിഭാഗവും കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനുണ്ടായ ക്ഷീണത്തിന് ന്യായീകരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടിനേതൃത്വം. ജില്ലയില്‍ ആകെയുള്ള 11 സീറ്റില്‍ അഞ്ചെണ്ണമാണ് ഇത്തവണ യു.ഡി.എഫ്. നേടിയത്. കുത്തക മണ്ഡലങ്ങളായ ആറിടത്ത് നേരത്തെതന്നെ സി.പി.എം. ജയം ഉറപ്പിച്ചതാണ്. 'ഫൈറ്റിങ്' സീറ്റുകളായി നാല് മണ്ഡലങ്ങള്‍ കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്നു. യു.ഡി.എഫിന് ഇടതുമുന്നണി 'നല്‍കിയത്' ഇരിക്കൂര്‍ മാത്രമായിരുന്നു. എങ്ങനെ വന്നാലും രണ്ട് സീറ്റുകൂടി പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലോടെയായിരുന്നു കണ്ണൂരില്‍ നേതൃത്വം കരുക്കള്‍ നീക്കിയതും. പക്ഷേ, നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും എല്ലാ സ്ഥലത്തും യു.ഡി.എഫ്. ജയിച്ചുകയറിയപ്പോള്‍ അവസാന കണക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണമാറ്റത്തിന് തുണയായത് കണ്ണൂരിലെ ഈ അട്ടിമറി ജയങ്ങള്‍ കൂടിയാണ്.

കൂത്തുപറമ്പും കണ്ണൂരും പിടിച്ചെടുക്കാമെന്ന മോഹംകൊണ്ടാണ് രണ്ട് സീറ്റും ഘടകകക്ഷി നേതാക്കള്‍ക്കായി വിട്ടുകൊടുത്ത് സി.പി.എം. പുതിയ തന്ത്രം പരീക്ഷിച്ചത്. അതോടൊപ്പം പേരാവൂരിലും അഴീക്കോട്ടും സിറ്റിങ് എം.എല്‍.എ.മാരെക്കൊണ്ടുതന്നെ മുന്നേറാമെന്നും സി.പി.എം. നേതൃത്വം കണക്കുകൂട്ടി. പക്ഷേ, നാലിടത്തും ഈ തന്ത്രങ്ങള്‍ പാളി. അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ജയിച്ചുവെങ്കിലും എല്ലായിടത്തെയും ഭൂരിപക്ഷം മൊത്തം കൂട്ടിയാലും കാല്‍ ലക്ഷത്തോളം മാത്രമാണ്. അതേസമയം പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ഓരോ സ്ഥലത്തും സി.പി.എം. സ്ഥാനാര്‍ഥികള്‍ നേടിയ ഭൂരിപക്ഷം കാല്‍ ലക്ഷത്തിലേറെയാണ്. ധര്‍മ്മടത്ത് മാത്രമാണ് അവര്‍ അല്പം പിന്നാക്കം പോയത്അവിടെ ലീഡ് 15,162 വോട്ടാണ്. സീറ്റുകളുടെ എണ്ണം കുറഞ്ഞതും ഭരണം കൈമോശംവന്നതും കണ്ണൂരിലെ സി.പി.എം. നേതൃത്വത്തെയാണ് ഏറ്റവും ഉലച്ചത്. സി.പി.എം. കേരള ഘടകത്തിന് നേതൃത്വം നല്‍കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 'കണ്ണൂര്‍ ലോബി' പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എന്നും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. വീണ്ടും അത് മറ്റുതരത്തില്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ ഐ.എന്‍.എല്ലിന് വിട്ടുനില്‍കിയതും പാര്‍ട്ടിയില്‍ വലിയ ഒച്ചപ്പാടിന് ഇനിയും വഴിവയ്ക്കും. സോഷ്യലിസ്റ്റ് ജനതയിലെ കെ.പി.മോഹനന് എതിരെ മുസ്‌ലിം വോട്ടുകള്‍ സമാഹരിക്കാനാണ് ഐ.എന്‍.എല്ലിന് സീറ്റ് നല്‍കിയതെന്ന നേതൃത്വത്തിന്റെ വിശദീകരണം അണികള്‍ക്ക് തൃപ്തികരമായിരുന്നില്ല. കൂത്തുപറമ്പ് ഒരു വികാരമായി കൊണ്ടുനടക്കുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ അസ്വസ്ഥത തന്നെയായിരുന്നു.

തലശ്ശേരിയില്‍ മത്സരിച്ച കോടിയേരി ബാലകൃഷ്ണന്റെ 'യാത്ര' സുഖകരമാക്കാനായിരുന്നു ഈ കൈമാറ്റമെന്ന് പലരും അടക്കം പറയുകയും ചെയ്തിരുന്നു. പാര്‍ട്ടിക്കാരെക്കാള്‍ സി.പി.എം. നേതൃത്വം വിശ്വസിക്കുന്ന ഘടകകക്ഷി നേതാവാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. ഒറ്റ സീറ്റ് മാത്രം വാങ്ങി ഒതുങ്ങിക്കൂടിയ കടന്നപ്പള്ളിക്ക് എതിരെ കോണ്‍ഗ്രസ് എസ്സില്‍ കലാപം ഉണ്ടായിരുന്നു. എങ്കിലും പഴയ കോണ്‍ഗ്രസ്സുകാരനായ കടന്നപ്പള്ളി കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിക്കുമെന്നായിരുന്നു സി.പി.എം. കണക്കുകൂട്ടല്‍. അതേസമയം, കണ്ണൂര്‍ നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടിനടന്ന പ്രധാന സി.പി.എം. നേതാക്കളില്‍ ഒരാള്‍പോലും കടന്നപ്പള്ളിക്കുവേണ്ടി മണ്ഡലത്തില്‍ ഒരിടത്തും പ്രസംഗിക്കാതിരുന്നത് ഒടുവില്‍ തെറ്റായ സന്ദേശമാണ് പ്രചരിപ്പിച്ചത്. 'കൂടുതല്‍ സി.പി.എം. നേതാക്കളെ ഇറക്കി കിട്ടാവുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ഇല്ലാതാക്കരുത് എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്' എന്നായിരുന്നു ഇതുസംബന്ധിച്ച് സി.പി.എം. നേതാക്കളുടെ രഹസ്യമായ വിശദീകരണം. പക്ഷേ, കൂത്തുപറമ്പിലെന്നപോലെ കണ്ണൂരിലും സി.പി.എം. തന്ത്രം പാളി. അതേസമയം, മണ്ഡലം പുനര്‍നിര്‍ണയമാണ് സി.പി.എമ്മിന് ഇന്ന് സംഭവിച്ച ക്ഷീണത്തിന് പ്രധാന കാരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. അതിര്‍ത്തികള്‍ നിര്‍ണയിക്കുമ്പോള്‍ ശക്തികേന്ദ്രങ്ങളോട് കൂടുതല്‍ 'സ്വന്തം' പഞ്ചായത്തുകള്‍തന്നെ കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്ന് മിക്കവരും സമ്മതിക്കുന്നു. ജയിച്ച സ്ഥലങ്ങളിലെ കൂറ്റന്‍ ലീഡും കൈമോശംവന്ന സീറ്റുകളിലെ നേരിയ വ്യത്യാസവും ഇത് ശരിവെക്കുന്നു.

സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഏറ്റവും സുസംഘടിതമായ പാര്‍ട്ടി സംവിധാനമുള്ള കണ്ണൂര്‍ ജില്ലയില്‍പോലും ഇങ്ങനെ സീറ്റുകള്‍ വഴുതിപ്പോയപ്പോള്‍ അതിന്റെ ആഘാതം ചെറുതല്ല. സംസ്ഥാനത്ത് സി.പി.എമ്മിന്റെ നിയന്ത്രണവും കടിഞ്ഞാണും കണ്ണൂരില്‍ തന്നെയാകുമ്പോള്‍ ഈ ആഘാതത്തിന് വലിയ മാനങ്ങളുണ്ട്. കാല്‍നൂറ്റാണ്ടിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് സിപിഎമ്മിന്റെ കേരളത്തിലെ അവസാനവാക്കായ പിണറായി വിജയന്റെ തട്ടകത്തില്‍ ഇക്കുറി പാര്‍ട്ടിക്കേറ്റത് ഞെട്ടിക്കുന്ന പരാജയമായിരുന്നു. 1987 മുതല്‍ ഇപ്പോള്‍ 2011 വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ ഇത്രയും കുറഞ്ഞ സീറ്റുകളില്‍ പാര്‍ട്ടി ജയിക്കുന്നതാദ്യമാണ്. മണ്ഡല പുനര്‍വിഭജനത്തെ തുടര്‍ന്ന് രൂപീകൃതമായ 3 പുതിയ മണ്ഡലങ്ങളടക്കം ജില്ലയിലെ 11 മണ്ഡലങ്ങളില്‍ കേവലം 6 മണ്ഡലങ്ങളില്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. 5 മണ്ഡലങ്ങളില്‍ യുഡിഎഫ് നേടിയ വിജയം ഒരു തരത്തില്‍ സിപിഎമ്മിന്റെ അമിതമായ അവകാശവാദങ്ങള്‍ക്കും സിപിഎം കണ്ണൂര്‍ ലോബിയുടെ അഹന്തക്കുമേറ്റ കനത്ത തിരിച്ചടിയുമാണ്. നേരത്തെ 10 മണ്ഡലമുണ്ടായിരുന്നപ്പോള്‍ 1987ല്‍ മാത്രമാണ് യുഡിഎഫിന് 4 സീറ്റില്‍ ജയിക്കാനായത്.

യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ ഇരിക്കൂറിനും കണ്ണൂരിനും പുറമേ അഴീക്കോട് എം.വി.രാഘവനും പേരാവൂരില്‍ കെ.പി.നൂറുദ്ദീനുമാണ് അന്ന് യുഡിഎഫ് ടിക്കറ്റില്‍ ജയിച്ചുകയറിയത്. പിന്നീട് പെരിങ്ങളം മണ്ഡലത്തില്‍ പി.ആര്‍.കുറുപ്പിനെ അട്ടിമറിച്ച് കെ.എം.സൂപ്പി ജയിച്ച 1991ലും പേരാവൂരില്‍ 2001ല്‍ പ്രൊഫ. എ.ഡി.മുസ്തഫ ജയിച്ചപ്പോഴും മാത്രമാണ് 3 സീറ്റുകളില്‍ യുഡിഎഫിന് ജില്ലയില്‍ ജയിക്കാനായത്. മറ്റ് കാലഘട്ടങ്ങളിലെല്ലാം ഇരിക്കൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളിലൊഴിച്ചുള്ള 8 മണ്ഡലങ്ങളിലും ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം സ്ഥിരമായി ജയിച്ചുവരുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. 2006ലെ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് 8 സീറ്റും യുഡിഎഫിന് 2 സീറ്റുമാണുണ്ടായിരുന്നത്. അവിടെയാണ് സംസ്ഥാനതലത്തില്‍ യുഡിഎഫിന് വന്‍വിജയമൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിലും കണ്ണൂര്‍ ജില്ലയില്‍ 5 സീറ്റുകള്‍ നേടാന്‍ അവര്‍ക്കായിട്ടുള്ളത്. ഇത് യുഡിഎഫിന് ജില്ലയില്‍ ലഭിച്ച ജനങ്ങളുടെ അംഗീകാരമെന്നതിലുപരി സിപിഎമ്മിനോട് ജനങ്ങള്‍ക്കുണ്ടായ ശക്തമായ എതിര്‍പ്പിന്റെ പ്രതിഫലനമായി വേണം കാണാന്‍. അതോടൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള പാളിച്ചകളും ഇടതുമുന്നണിക്ക് തിരിച്ചടിയായി.