Random Posts

Monday, May 23, 2011

ഗോവിന്ദച്ചാമിയല്ല, അത് ചാര്‍ളി തോമസ്; മുംബൈ അധോലോകവുമായി അടുത്തബന്ധം

പാലക്കാട്: ട്രെയിന്‍യാത്രയ്ക്കിടെ നിരപരാധിയായൊരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലചെയ്തത് ഗോവിന്ദച്ചാമിയല്ല. ഒറ്റക്കയ്യനായ ഈ പ്രതിയുടെ ശരിയായ പേര് ചാര്‍ളിതോമസ്. മുംബൈ അധോലോകവുമായി ഗോവിന്ദച്ചാമി എന്നുവിളിക്കുന്ന ചാര്‍ളി തോമസിനു അടുത്ത ബന്ധമുണ്ടെന്നും ഇപ്പോള്‍ വ്യക്തമായി. പ്രതിക്കുവേണ്ടി വിചാരണവേളയില്‍ കോടതിയിലെത്തുന്ന വമ്പന്‍ അഭിഭാഷകനിര തന്നെ ഇതിനു ഉദാഹരണം. കേരളത്തിലെ ടെയ്രിനുകളില്‍ കുറ്റകൃതങ്ങള്‍ നടത്തിവന്ന വികലാംഗനായ പ്രതിക്കു വേണ്ടി മുംബൈ ഹൈകോടതിയിലെ അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ നേതൃത്വത്തില്‍ അഞ്ചു പേരാണ് നിയമയുദ്ധത്തിനെത്തിയിരിക്കുന്നത്. സൗമ്യയുടെ കേസ് അട്ടിമറിക്കാന്‍ ഇതോടെ വഴിയൊരുങ്ങിയെന്ന ആശങ്ക വ്യാപകമായി.

ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധവും മുംബൈയില്‍നിന്നുള്ള അഭിഭാഷകന്റെ വരവും സംശയങ്ങള്‍ക്കിട നല്‍കിയിരിക്കുകയാണ്. മുംബൈ റെയില്‍വേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പുസംഘമാണ് ഗോവിന്ദച്ചാമിക്കു വേണ്ടി രംഗത്തുള്ളതെന്നാണ് ആരോപണം. മുംബൈയില്‍ നിന്നുള്ള വരവിന് പിന്നില്‍ സാമൂഹികനീതിക്കപ്പുറം ഒന്നുമില്ലെന്നാണ് അഡ്വ. ബി.എ. ആളൂര്‍ തുടക്കത്തില്‍ പറഞ്ഞത്. ഗോവിന്ദച്ചാമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ടുവന്ന് അഭ്യര്‍ഥിച്ചതിനാലാണ് കേസ് ഏറ്റെടുത്തതെന്നാണ് ആളൂര്‍ ഇപ്പോള്‍ പറയുന്നത്.

സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് നല്‍കിയ കുറ്റപത്രം പരസ്പരവിരുദ്ധവും അവിശ്വസനീയവുമാണെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. സൗമ്യയുടെ ബന്ധുക്കള്‍ക്കോ പ്രോസിക്യൂഷനോ യഥാര്‍ഥ പ്രതിയെയോ, പ്രതികളെയോ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള അവസരമൊരുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ഇവര്‍ പറയുന്നു. പ്രസ്താവനയില്‍ പറയുന്ന മറ്റ് വാദങ്ങള്‍ ഇങ്ങനെ: മര്‍മപ്രധാന തെളിവുകളും സാക്ഷിമൊഴികളും പൊലീസ് അവഗണിച്ചു. സാക്ഷികള്‍ കണ്ട ഒറ്റക്കയ്യന്‍ സംഭവത്തിനുതൊട്ടുമുമ്പ് ധാരാളം യാത്രക്കാരുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ മധ്യഭാഗത്തു കയറിയെന്ന് സാക്ഷിമൊഴിയുണ്ട്.

മുള്ളൂര്‍ക്കരവെച്ച് ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങിയ സൗമ്യ മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ കയറിയെന്നും സാക്ഷിമൊഴി. സംഭവത്തിനുമുമ്പ് യാത്രയിലുടനീളം സൗമ്യയെ ആരോ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ സൗമ്യ മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നും പ്രധാന സാക്ഷിയുടെ മൊഴിയുണ്ട്. രാത്രി 8.30നാണ് കൃത്യമെന്ന് പൊലീസ് പറയുന്നു. എന്നാല്‍, രാത്രി 9.30 വരെയും റയില്‍വേ ജീവനക്കാരും ചെറുതുരുത്തി പൊലീസും നാട്ടുകാരും ട്രാക്കില്‍ തിരഞ്ഞെങ്കിലും സൗമ്യയെ കണ്ടെത്താനായില്ല. പിന്നീട് പത്തിനാണ് അതേസ്ഥലത്ത് സൗമ്യയെ കണ്ടെത്തിയത്.

അപ്പോള്‍തന്നെ അറിവുകിട്ടിയിട്ടും റെയില്‍വേ പൊലീസ് കേസെടുത്തില്ല. സംഭവശേഷം സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പുലര്‍ച്ചെ മൂന്നിനാണ്. കുറ്റവാളിയായിരുന്നെങ്കില്‍ എളുപ്പത്തില്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുവാന്‍ കഴിയുമായിരുന്ന ഗോവിന്ദച്ചാമി, പാലക്കാട് തങ്ങി എന്ന പൊലീസ് വാദം വിശ്വസനീയമല്ല എന്നൊക്കെയാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകരുടെ വാദങ്ങള്‍. കുറ്റപത്രം ഫലപ്രദമല്ലെന്ന് ആവര്‍ത്തിക്കുന്ന അഭിഭാഷകര്‍ക്ക് എന്നാല്‍ വ്യക്തമായ തെളിവുകള്‍ നിരത്താനായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക വാദം കേള്‍ക്കലില്‍ തൃശൂര്‍ അതിവേഗ കോടതി നമ്പര്‍ ഒന്ന് ജഡ്ജി രവീന്ദ്ര ബാബു ഈ വാദങ്ങള്‍ തള്ളി. ജൂണ്‍ ആറിനാണ് കേസില്‍ വിചാരണ തുടങ്ങുന്നത്.

ഈവര്‍ഷം ഫെബ്രുവരി ഒന്നിന് രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ട്രെയിനില്‍ നിന്ന് ഒരു ഒറ്റക്കയ്യന്‍ തന്നെ താഴേക്ക് തള്ളിയിെട്ടന്നും വീണിടത്തുനിന്ന് വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി മുഖത്ത് കല്ലുകൊണ്ട് അടിച്ചവശയാക്കിയശേഷം ശാരീരികമായി പീഡിപ്പിച്ചെന്നും യാത്രക്കിടെ പൊലീസട് സൗമ്യ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ നാലാംനാള്‍ മരിച്ചു. സൗമ്യ ബലാത്സംഗത്തിനിരയായി മരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . വസ്ത്രത്തിലും ശരീരത്തിലും ബീജാവശിഷ്ടങ്ങളുണ്ടായിരുന്നതായി രാസപരിശോധനയിലും ആന്തരാവയവ പരിശോധനയിലും തെളിഞ്ഞിരുന്നു. പ്രതി കൈക്കലാക്കിയ സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വില്‍പന ചെയ്ത് നാലാമതൊരാളില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലായ ഗോവിന്ദച്ചാമിയുമായി പൊലീസ് തെളിവെടുപ്പും നടത്തി.

ഇതിനുശേഷമാണ് മുംബൈ ഹൈകോടതിയിലെ അഡ്വ.ബി.എ.ആളൂര്‍ രംഗത്തെത്തിയത്. വടക്കാഞ്ചേരി കോടതിയിലെത്തി കുറ്റപത്രം പരിശോധിച്ച ഇദ്ദേഹം തൃശൂരിലെ അഭിഭാഷകരെ ഒപ്പംചേര്‍ത്തു. അഡ്വക്കറ്റുമാരായ ബി.എ.ആളൂര്‍, ജോര്‍ജ്കുട്ടി, പി.എ.ശിവരാജന്‍, ഇ.ഷനോജ് ചന്ദ്രന്‍, എന്‍.ജെ.നെറ്റോ എന്നിവര്‍ ചേര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു