Random Posts

Monday, May 2, 2011

ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു, ലിബിയയില്‍ നിന്നും നടക്കുന്ന വാര്‍ത്തകള്‍; ബ്രിട്ടണിലുള്‍പ്പെടെ അതീവ ജാഗ്രത



അല്‍ ഖയിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാദന്റെ മൃതദേഹം കണ്ടെത്തിയെന്നും ഇത് അമേരിക്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടെന്നും ബി.ബി.സിയും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. മൃതദേഹം അമേരിക്കന്‍ സൈന്യം കണ്ടെത്തിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സൗദിയില്‍ ജനിച്ച ലാദനെ പിടികൂടാന്‍ 2001 മുതല്‍ അമേരിക്ക ശ്രമം നടത്തുകയാണ്. ലാദന്റെ മരണം സ്ഥിരീകരിക്കാന്‍ ബരാക്ക് ഒബാമ അടിയന്തര പത്രസമ്മേളനം വിളിച്ചു. ഇതിനുവേണ്ടി അദ്ദേഹത്തിന്റെ മറ്റുപരിപാടികള്‍ മാറ്റിവച്ചു. അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഒരാഴ്ച മുന്‍പാണ് ലാദന്‍ കൊല്ലപ്പെട്ടതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു.
                                         
യുഎസിനും പാക്കിസ്ഥാനും ഇന്നു ചരിത്രദിനമാണെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ കഴിഞ്ഞതു ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിലെ നാഴിക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. ഇസ്‌ലാമാബാദില്‍ യുഎസ് സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഉസാമയെ വധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഉസാമ ഒളിവില്‍ കഴിഞ്ഞിരുന്ന വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഉസാമയുടെ ഇസ്‌ലാമാബാദിലെ ഒളിത്താവളം സംബന്ധിച്ച ആദ്യ സൂചന ലഭിച്ചതെന്നും ഒബാമ വ്യക്തമാക്കി.കഴിഞ്ഞ ആഴ്ചയാണ് സൈനിക നടപടിക്ക് ഉത്തരവിട്ടത്. മൃതദേഹം യുഎസ് സേനയുടെ കൈവശമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാനവികതയ്‌ക്കെതിരായ ആക്രമണത്തിനുള്ള മറുപടിയാണു ഉസാമയുടെ വധമെന്നും ഒബാമ പറഞ്ഞു. 10 വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിനാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്. ഇസ്‌ലാമുമായല്ല, മനുഷ്യരാശിക്കു നേരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെയാണ് യുഎസ് യുദ്ധം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

അതേസമയം ലാദന്‍പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പാശ്ചാത്യലോകത്ത് ആണവക്കൊടുങ്കാറ്റ് അഴിച്ചുവിടുമെന്ന് നേരത്തെ അല്‍ ഖ്വയ്‌ദ ഭീഷണി മുഴക്കിയിരുന്നു. യൂറോപ്പില്‍ തങ്ങള്‍ ആണവബോംബ് നിക്ഷേപിച്ചിട്ടുണ്ടെന്നും ലാദന്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പൊട്ടുമെന്നും അല്‍ഖ്വയ്ദയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞതായി വിക്കിലീക്‌സ് കഴിഞ്ഞമാസമാണ് വെളിപ്പെടുത്തിയത്. അതേസമയം വൃക്കരോഗബാധിതനായ ലാദന്‍ മരണംകാത്തുകിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിന്‍ ലാദന്റെ രണ്ടു വൃക്കകളും തകരാറിലാണെന്നും പതിവായി ഡയാലിസ് വേണ്ടിവരുന്നുണ്ടെന്നുമായിരുന്നു അമേരിക്കയ്ക്കു കിട്ടിയ വിവരം. നട്ടെല്ലു വേദനയുമുണ്ടത്രേ. വടിയും കുത്തിപ്പിടിച്ചാണ് നടപ്പ്. സഹപ്രവര്‍ത്തകരും അംഗരക്ഷകരുമായി നൂറോളം പേര്‍ എപ്പോഴും ഒന്നിച്ചുണ്ടാകുമെന്നും അമേരിക്ക പ്രചരിപ്പിച്ചിരുന്നു. എന്തായാലും മരണകാരണം എന്താണെന്നു വ്യക്തമായാല്‍ മാത്രമേ ഇതുസംബന്ധിച്ച ഉഹാപോഹങ്ങള്‍ക്കും അവസാനമുണ്ടാകുകയുള്ളു.


1957 മാര്‍ച്ച് 10ന് സൗദി അറേബ്യയിലെ റിയാദില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായി മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍ ആയിരുന്നു ബിന്‍ ലാദന്റെ പിതാവ്. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ലാദന്‍ പിന്നീട് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി. 1979ല്‍ ലാദന്‍ സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷം ലാദന്‍ കോളേജ് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ലാദന് താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ലാദന്‍. നേരത്തെ പലതവണ ലാദന്‍ മരണമടഞ്ഞതായ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ബി.ബി.സി അടുക്കമുള്ളവര്‍ ആധികാരികമായി ലാദന്റെ മരണം പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്.

ടൈഫോയിഡ് മൂലം ബിന്‍ ലാദന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മരിച്ചുവെന്നു സൗദി അറേബിയന്‍ അധികൃതര്‍ക്കു പാക്കിസ്ഥാനില്‍ നിന്നു വിവരം കിട്ടിയതായി ഫ്രാന്‍സിന്റെ ചാരന്മാര്‍ അവരുടെ പ്രസിഡന്റ് ഷാക്ക് ഷിറാക്കിനെ അറിയിച്ചുവെന്നു കഴിഞ്ഞവര്‍ഷം അവസാനം 'ലെ എസ്ത് റിപ്പബ്ലിക്കന്‍്' എന്ന പത്രം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതൊരു പ്രാദേശിക പത്രമാണെങ്കിലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതു ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തനായ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു. ബിന്‍ ലാദനെപ്പറ്റി യാണെങ്കില്‍ കുറേനാളുകളായി ഒരു വിവരവുമില്ല. അതിനാല്‍ പലരും ഈ വാര്‍ത്ത ഉടന്‍ വിശ്വസിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അതു വലിയ തലക്കെട്ടുകളായി. പക്ഷേ പിറ്റേന്നു തന്നെ ഫ്രാന്‍സും സൗദി അറേബിയയും പാക്കിസ്ഥാനും അതു നിഷേധിച്ചു. ഒരു രഹസ്യവിവരം തങ്ങള്‍ക്കു കിട്ടിയിരുന്നു വെന്നും അതു ചോര്‍ന്നുപോയിരുന്നുവെന്നും മാത്രമാണ് ഫ്രാന്‍സ് സ്ഥിരീകരിച്ചത്. ഉള്ളടക്കം അവര്‍ വെളിപ്പെടുത്തിയില്ല. അഞ്ചുവര്‍ഷമായി ബിന്‍ ലാദനെ ജീവനോടെയാ അല്ലാതെയോ പിടികൂടാന്‍ കാത്തുനില്‍ക്കുന്ന അമേരിക്കയിലെ ബുഷ് ഭരണകൂടം ഈ വാര്‍ത്ത കാര്യമായി കണക്കിലെടുത്തതേയില്ല. ''ഉസാമയ്‌ക്കൊരു കുഴപ്പവുമില്ല. സുരക്ഷിതനായിരിക്കുന്നു'' എന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സൈന്യാധിപന്‍ മുല്ലാ ദാദുല്ലയും പറഞ്ഞു. ഇസ്‌ലാമാബാദില്‍ ഫ്രാന്‍സിന്റെയും സൗദി അറേബിയയുടെയും നയത്രന്ത്ര ഉദ്യോഗസ്ഥര്‍ യാദൃഛികമായി കണ്ടിരുന്നു. അവര്‍ തമ്മിലു ണ്ടായ അനൗപചാരിക സംഭാഷണമാണ് വാര്‍ത്തയായി മാറിയതെന്നു ബ്രിട്ടീഷ് പത്രം 'ഗാര്‍ഡിയന്‍' ഊഹിക്കുന്നു. ചിലര്‍ മനഃപൂര്‍വം അസത്യം പ്രചരിപ്പിച്ച താണെന്ന അഭ്യൂഹവുമുണ്ട്. വെളളത്തില്‍ നിന്നുണ്ടാകുന്ന ഒരു രോഗം ബിന്‍ ലാദനെ ബാധിച്ചിരുന്നുവെന്നും മരണം സംഭവിച്ചിരി ക്കാമെന്നും പറയുന്ന ഒരു ലേഖനം യു. എസ്. വാരികയായ 'ടൈമി'ന്റെ വെബ് സൈറ്റിലും നേരത്തെ പ്രത്യക്ഷപ്പെടുകയുണ്ടായി.  ബിന്‍ ലാദന്‍ മരിച്ചുവെന്ന വിവരം അല്‍ഖായിദ അണികളെ ശിഥിലമാക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്യും; അതു തടയാനായി താന്‍ ജീവിപ്പിച്ചിരിപ്പുണ്ടെന്നു പുതിയ ഒരു വിഡിയോ ടേപ്പിലൂടെ പ്രഖ്യാപിക്കാന്‍ ബിന്‍ ലാദന്‍ നിര്‍ബന്ധിതനാകും; ബിന്‍ലാദന്‍ എവിടെയുണ്ടെന്നറിയാന്‍ ആ ടേപ് സഹായകമാകും; അതുപയോഗിച്ചു ബിന്‍ ലാദനെ പിടികൂടാന്‍ പുതിയൊരു ശ്രമം നടത്താം.-ഇത്തരമൊരു ഉദ്ദേശ്യമാണത്രേ ഈ നീക്കത്തിനു പിന്നില്‍. ഇതൊരു തിയറി മാത്രം.

അഫ്ഗാനിസ്ഥാ നില്‍ അഞ്ചുവര്‍ഷം മുമ്പ് അധികാരം നഷ്ടപ്പെട്ട താലിബാന്‍ തിരിച്ചുവരവിനുള്ള തീവ്ര ശ്രമത്തിലാണ്. തെക്കുകിഴക്കന്‍ അഫ്ഗാനി സ്ഥാനിലെ വലിയൊരു ഭാഗം അവരുടെ നിയന്ത്രണത്തി ലായിക്കഴിഞ്ഞു. ബിന്‍ ലാദനെ ഇപ്പോള്‍ പിടിച്ചില്ലെങ്കില്‍ പിന്നെയൊരിക്കലും അതു സാധ്യമാകില്ലെന്നു വന്നേക്കാമെന്നും അമേരിക്ക നാളുകളായി വിലയിരുത്തുന്നു. അഫ്ഗാനിസ്ഥാനിലെ തോറബോറ മലയിടുക്കുകയിളില്‍ ബിന്‍ ലാദനും സംഘവും ഉണ്ടെന്ന രഹസ്യവിവരം കിട്ടിയ 2001 ഡിസംബര്‍ മുതല്‍ യു. എസ്. വ്യോമസേന അവിടെ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. പതിനായിരങ്ങളാണ് ഇവിടെ പ്രതിവര്‍ഷം കൊല്ലപ്പെടുന്നത്. അക്കൂട്ടത്തില്‍ ബിന്‍ ലാദനുണ്ടോ എന്നു തിട്ടപ്പെടുത്താന്‍ മൃതദേഹങ്ങളില്‍ നിന്നുളള ഡി. എന്‍. എ. സാമ്പിളുകള്‍ അമേരിക്കയിലെ ലബോറട്ടറികളിലേക്കയച്ചു. പക്ഷേ അതൊന്നും ബിന്‍ലാദന്റേതായിരുന്നില്ല.

ബിന്‍ ലാദന്റെ ഏറ്റവും ഒടുവിലത്തെ വിഡിയോ ടേപ് പുറത്തുവന്നത് 2004 അവസാനത്തി ലായിരുന്നു. അതിനു ശേഷം വന്നതെല്ലാം ഓഡിയോ ടേപ്പുകളാണ്. അല്‍ ജസീറ ടിവി സംപ്രേഷണം ചെയ്ത സമീപകാലത്തെ വിഡിയോ ടേപ്പുകളിലെല്ലാം സംസാരിക്കുന്നതു അല്‍ഖായിദയിലെ രണ്ടാമനായ അയ്മാന്‍ അല്‍സവാഹരിയാണ്. ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 നു പുറത്തുവിട്ട വിഡിയോ ടേപ്പില്‍ അല്‍സവാഹരി പറഞ്ഞതും. അതേസമയം ലാദന്റെ മരണവും ലിബിയയിലെ ആഭ്യന്തരകലാപവും കൂട്ടിക്കുഴക്കുന്ന പലരുമുണ്ട്. ഗദ്ദാഫിയുടെ ഇളയമകന്‍ സയ്ഫ് അല്‍അറബും (29) മൂന്നു ചെറുമക്കളും സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ലാദന്റെ മരണവാര്‍ത്ത. ഗദ്ദാഫിയുടെ ആറുമക്കളില്‍ ഏറ്റവും ഇളയവനാണ് അല്‍അറബ്. ഗദ്ദാഫിയുടെ കൊട്ടാരത്തിനു നേരെ ശക്തമായ വെടിവെയ്പുണ്ടായി. ഗദ്ദാഫിയും ഭാര്യയും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിനും ചര്‍ച്ച നടത്താനും തയ്യാറാണെന്ന് ഗദ്ദാഫി പ്രഖ്യാപിച്ചുവെങ്കിലും നാറ്റോ ഈ വാഗ്ദാനം തള്ളിക്കളഞ്ഞു.

സഖ്യസേന വ്യോമനടപടികള്‍ ഉപേക്ഷിച്ച് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട ഗദ്ദാഫി, അധികാരം ഒഴിയണമെന്ന വിമതരുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ആവശ്യം തള്ളി. ഔദ്യോഗിക ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് ഗദ്ദാഫി നിലപാട് വ്യക്തമാക്കിയത്. സമാധാനത്തിന്റെ വാതിലുകള്‍ തുറന്നിരിക്കുകയാണെന്നും സഖ്യരാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, അമേരിക്ക എന്നിവര്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടു വരണമെന്നും ഗദ്ദാഫി അഭ്യര്‍ഥിച്ചു. പശ്ചാത്താപത്തിന്റെയും വെല്ലുവിളിയുടെയും സമ്മിശ്ര വികാരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വിമതരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാതിരുന്ന ഗദ്ദാഫിയുടെ സ്വരത്തില്‍ നേരിയ അനുരഞ്ജനത്തിന്റെ സൂചനയുണ്ടായിരുന്നെങ്കിലും വിമതര്‍ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുംവേണ്ടി അധികാരം ഉപേക്ഷിക്കാനോ രാജ്യം വിടാനോ തന്നെ കിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നെ രാജ്യത്തുനിന്ന് ഓടിക്കാനോ നാടിനു വേണ്ടി യുദ്ധം ചെയ്യരുതെന്ന് പറയാനോ ആര്‍ക്കും അധികാരമില്ല ഗദ്ദാഫി വ്യക്തമാക്കി. ഞങ്ങള്‍ കീഴടങ്ങുകയില്ല. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇവിടത്തെ പ്രശ്‌നങ്ങള്‍ രാജ്യത്തുവെച്ചുതന്നെ തീര്‍ക്കും. അതിന് പുറത്തുള്ളവരുടെ സായുധ പിന്തുണ വേണ്ട. അതുകൊണ്ട് യുദ്ധ വിമാനങ്ങളും കൊണ്ട്‌രാജ്യം വിടണം സഖ്യസേനയോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗദ്ദാഫിയുടെ സൈന്യം ലിബിയയിലെ സാധാരണക്കാര്‍ക്ക് ഭീഷണിയാവുന്നിടത്തോളം കാലം വ്യോമാക്രമണം തുടരുമെന്ന് നാറ്റോ വ്യക്തമാക്കി. വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടതെന്ന് നാറ്റോ ഉദ്യോഗസ്ഥന്‍ ഗദ്ദാഫിയെ ഓര്‍മിപ്പിച്ചു.

നേരത്തെ ലിബിയന്‍ സര്‍ക്കാറും നാറ്റോയും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായിരുന്നെങ്കിലും പ്രാബല്യത്തില്‍ വരുന്നതിനു മുമ്പുതന്നെ അത് തകരുകയാണുണ്ടായത്. സര്‍ക്കാര്‍വിരുദ്ധ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വിമതര്‍ നാലു ദിവസത്തിനകം ആയുധം താഴെ വെച്ചാല്‍ പൊതു മാപ്പ് നല്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വക്താവ് മൂസ ഇബ്രാഹിം പറഞ്ഞു. അല്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വിമതരുടെ ഭാഗിക നിയന്ത്രണത്തിലുള്ള മിസ്രാറ്റ നഗരത്തിനുചുറ്റും ഗദ്ദാഫി സേന കുഴിബോബുകള്‍ പാകിയിട്ടുണ്ടെന്ന നാറ്റോയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിസ്രാറ്റ നഗരം നിയന്ത്രണത്തിലായെന്ന് ഗദ്ദാഫി സേന വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാല്‍ നാറ്റോയോ മറ്റ് കേന്ദ്രങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴും ചില്ലറ ഏറ്റുമുട്ടല്‍ തുടരുന്ന മിസ്രാറ്റയ്ക്കു ചുറ്റും ഗദ്ദാഫി സേന പാകിയ കുഴിബോബുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് നാറ്റോ കേന്ദ്രങ്ങള്‍ അറിയിച്ചു.

ഏതായാലും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വരുന്നവാര്‍ത്തകള്‍ അമേരിക്കയും സഖ്യകക്ഷികളും ഏറെക്കാലമായി ഭയപ്പെടുന്ന ചില വിപത്തുകള്‍ക്ക് വഴിവയ്ക്കുമോയെന്നാണ് ആശങ്ക. കാരണം ലാദന്‍ ഉള്‍പ്പെടെ ഇസ്‌ലാമിക തീവ്രവാദികള്‍ അമേരിക്കയിലും യൂറോപ്പിലും വര്‍ഷങ്ങളായി ഒരു ആക്രമണത്തിനു കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങളാണോ ഇവയെന്നാണ് സംശയം. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് അമേരിക്ക, ബ്രിട്ടണ്‍ മുതലായ പാശ്ചാത്യരാജ്യങ്ങളുടെ എംബസികള്‍ക്കും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തന്ത്രപ്രധാനമഅയ എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.