Random Posts

Tuesday, May 17, 2011

കോട്ടയത്ത് പാലംവലിയും വയനാട്ടില്‍ ഘടകകക്ഷികള്‍ക്ക് ശക്തിയില്ലാത്തതും തിരിച്ചടിയായി -സി.പി.എം


തിരുവനന്തപുരം: കോട്ടയത്ത് പാലംവലിയും വയനാട്ടില്‍ ശക്തരായ ഘടകകക്ഷികളില്ലാത്തതും തിരിച്ചടിയായെന്ന് സി.പി.എം പ്രാദേശിക തലങ്ങളിലെ പ്രാഥമിക വിലയിരുത്തല്‍. മലപ്പുറത്തിന് സമാനമായ സാമുദായിക കേന്ദ്രീകരണം പാലക്കാട്ട് ചില മണ്ഡലങ്ങളിലുമുണ്ടായെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നേട്ടങ്ങളുണ്ടാക്കാനായി. കൊല്ലത്ത് കത്തോലിക്കാ സഭാ നേതൃത്വം ഇടയലേഖനം വായിക്കാഞ്ഞത് മുന്നണിക്ക് അനുകൂലമായി. എന്നാല്‍, എറണാകുളത്തടക്കം ചിലയിടങ്ങളില്‍ മറ്റ് സഭാ നേതൃത്വം എടുത്ത നിലപാട് പ്രതികൂലമായി.
ജില്ലാ കമ്മിറ്റികള്‍ ചേരും മുമ്പ് കീഴ്ഘടകങ്ങളില്‍നിന്ന് ലഭിച്ചതും ജില്ലാ നേതൃത്വം തയാറാക്കുന്നതുമായ കണക്കുകളിലാണ് ഈ വിലയിരുത്തല്‍.
കോട്ടയം ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ ഉറച്ച വിജയം പ്രതീക്ഷിച്ച എല്‍.ഡി.എഫിന് രണ്ടിടത്തേ വിജയിക്കാനായുള്ളൂ. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് കഷ്ടിച്ച് കടന്നു കയറിയപ്പോള്‍ വൈക്കത്ത് സി.പി.ഐ ജയിച്ചു. എന്നാല്‍, കോട്ടയത്ത് വി.എന്‍. വാസവന്റെ തോല്‍വി പ്രാദേശിക തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കോട്ടയം മണ്ഡലത്തിലെ തോല്‍വി ജില്ലാ തലത്തില്‍ അന്വേഷണത്തിന് വിധേയമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇവിടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ഥിക്ക് എതിരായി പ്രവര്‍ത്തനം നടന്നെന്ന് വിലയിരുത്തലുണ്ട്. ഏറ്റുമാനൂരില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള കുമരകത്തെയും തിരുവാര്‍പ്പിലെയും വോട്ടാണ് വിജയിക്കാന്‍ സഹായകമായത്. ചങ്ങനാശ്ശേരിയില്‍ ഡോ.  ഇക്ബാല്‍ തോല്‍ക്കാന്‍ കാരണം യു.ഡി.എഫിന് മേല്‍ക്കോയ്മയുള്ള മൂന്ന് പഞ്ചായത്തിലെ വോട്ടുകളാണെന്ന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വയനാട്ടില്‍ ശക്തരായ ഘടകകക്ഷികളില്ലാത്തതാണ് പരാജയ കാരണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മൂന്ന് മണ്ഡലങ്ങളിലും സി.പി.എം മാത്രമാണ് ഉണ്ടായിരുന്നത്. സോഷ്യലിസ്റ്റ് ജനത മുന്നണി വിട്ടത് ദോഷകരമായെന്ന അഭിപ്രായവും ജില്ലയില്‍ സി.പി.എമ്മിലുണ്ട്. വീരേന്ദ്രകുമാറിന്റെ ഭൂമി പ്രശ്‌നത്തിലെ സമരങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്നും കര്‍ഷക കടാശ്വാസ നിയമം കേന്ദ്ര സര്‍ക്കാറിന്റെ പല ആശ്വാസ പദ്ധതികളില്‍ മുങ്ങിപ്പോയെന്നുമുള്ള അഭിപ്രായമാണ് ജില്ലയില്‍നിന്നു വരുന്നത്. എന്നാല്‍, പാര്‍ട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളില്‍ വോട്ട് കുറഞ്ഞിട്ടില്ല. തിരുനെല്ലിയില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞു. നൂല്‍പ്പുഴയില്‍ 300 വോട്ടോളം കുറഞ്ഞു. ബത്തേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള പ്രശ്‌നം ഗുണകരമാകുമെന്ന വിലയിരുത്തല്‍ പാളി.
കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും ബി.ജെ.പി ജയിക്കുമെന്ന ധാരണയില്‍ എല്‍.ഡി.എഫിന് ലഭിക്കേണ്ട നിഷ്പക്ഷ വോട്ടുകള്‍ ലീഗിന് ലഭിച്ചെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ വോട്ട് മറിഞ്ഞോയെന്നാണ് പാര്‍ട്ടി അന്വേഷണം. 35000 വോട്ട് ലഭിച്ച മഞ്ചേശ്വരത്ത് എല്‍.ഡി.എഫിന്റെ വോട്ട് കുറഞ്ഞിട്ടില്ല. ഇതുവരെ 32000 ത്തോളം വോട്ട് ലഭിച്ച ഇവിടെ 2006 ല്‍ മാത്രമാണ് 39,000 ലഭിച്ചതെന്നും അന്നുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്നുമാണ് വിലയിരുത്തല്‍.
എറണാകുളത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നം ഉള്‍പ്പെടെ കാരണങ്ങളാണ് തിരിച്ചടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജനത്തിന് മടുത്ത സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിച്ചതും എസ്.എന്‍.ഡി.പി ഉള്‍പ്പെടെ സാമുദായിക സംഘടനകളുടെ നിലപാടുമാണ് തൃപ്പൂണിത്തുറയില്‍ അടക്കം തോല്‍വിക്ക് കാരണം. പറവൂരും കോതമംഗലവും ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സഭയുടെ നിലപാടുകളും യു.ഡി.എഫിന് അനുകൂലമായ സാഹചര്യവും മാറ്റിമറിക്കാന്‍ കഴിഞ്ഞില്ലെന്നും കീഴ്ഘടകങ്ങളില്‍ നിന്ന് ലഭിക്കുന്ന വിലയിരുത്തല്‍ വ്യക്തമാക്കുന്നു.
പാലക്കാട് തൃത്താല മണ്ഡലത്തിലെ തോല്‍വി ഞെട്ടിക്കുന്നതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മണ്ഡലത്തിന്റെ സ്വഭാവം മാറിയപ്പോള്‍ വോട്ടിങ്ങിലും മാറ്റമുണ്ടായി. ബി.ജെ.പിക്ക് 9000- 10,000 വോട്ടുള്ള ഇവിടെ മുസ്‌ലിം സമുദായത്തില്‍നിന്ന് യു.ഡി.എഫിന് അനുകൂലമായി വോട്ട് മറിഞ്ഞെന്നും പറയുന്നു. പാലക്കാട് മണ്ഡലത്തിലെ തോല്‍വി അപ്രതീക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. '70കളിലെ മണ്ഡല പുനര്‍നിര്‍ണയ ശേഷം രണ്ടു തവണ മാത്രമാണ് എല്‍.ഡി.എഫ് ജയിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. മണ്ണാര്‍ക്കാട്, പട്ടാമ്പി, തൃത്താല മണ്ഡലങ്ങളെയാണ് മലപ്പുറത്തിന് സമാനമായ സാമുദായിക കേന്ദ്രീകരണം നടന്നവയായി വിലയിരുത്തുന്നത്. മണ്ണാര്‍ക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് പരാജയ കാരണമായി സി.പി.എം ചൂണ്ടിക്കാട്ടുന്നത്. സി.പി.ഐ ചട്ടം നടപ്പാക്കിയപ്പോള്‍ വിജയം കൈവിട്ടെന്ന അഭിപ്രായമാണ് സി.പി.എമ്മിന്.
കണ്ണൂരില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ യു.ഡി.എഫിന് അനുകൂലമായ അഞ്ച് മണ്ഡലങ്ങളില്‍ അവര്‍ക്ക് ലഭിച്ച ലീഡിനെ മറികടക്കാന്‍ കഴിയാത്തത് വീഴ്ചയായെന്ന് ജില്ലാ നേതൃത്വം സമ്മതിക്കുന്നു. എന്നാല്‍, എല്‍.ഡി.എഫിന് അനുകൂലമായ ആറിടത്ത് 1.62 ലക്ഷത്തില്‍പരമാണ് ലീഡ് ലഭിച്ചത്. യു.ഡി.എഫിന് അഞ്ചിടത്ത് 25,436 വോട്ട് മാത്രമാണ് ലീഡുള്ളത്. ലോക്‌സഭയില്‍ എല്‍.ഡി.എഫിന് ലഭിച്ചതിനേക്കാള്‍ 76,891 വോട്ട് വര്‍ധനയുണ്ടായി. 49,283 വോട്ട് യു.ഡി.എഫിന് കുറഞ്ഞു. 1.47 ലക്ഷത്തില്‍പരം വോട്ടിന്റെ ലീഡാണ് എല്‍.ഡി.എഫിന് ജില്ലയില്‍ ആകെ ലഭിച്ചത്.
മലപ്പുറത്ത് നിലമ്പൂരും പെരിന്തല്‍മണ്ണയും ലഭിക്കുമെന്ന് പ്രതീക്ഷിച്ചതായി നേതൃത്വം സമ്മതിക്കുന്നു. വി.എസിന്റെ പര്യടനത്തിന് ആള്‍ക്കൂട്ടം ഉണ്ടായിരുന്നെങ്കിലും അത് വിജയമാക്കാനായില്ല. കുഞ്ഞാലി ക്കുട്ടി മല്‍സരിച്ച വേങ്ങരയില്‍ എല്‍.ഡി.എഫിന് ഒട്ടും സ്വാധീനമില്ലെന്നും ജില്ലാ ഘടകം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് പാറശ്ശാലയിലെയും നെയ്യാറ്റിന്‍കരയിലെയും സ്ഥാനാര്‍ഥി നിര്‍ണയം ദോഷകരമായി ഭവിച്ചു. കഴക്കൂട്ടവും വര്‍ക്കലയും പ്രതീക്ഷ തെറ്റിച്ചു. നെടുമങ്ങാട്ട് മുന്നണി വോട്ടുകളിലുണ്ടായ ചോര്‍ച്ച നേതൃത്വം ഗൗരവമായാണ് കാണുന്നത്.
തിരുവമ്പാടിയും ചവറയും സി.പി.എമ്മിന്റെ കണക്ക് കൂട്ടലില്‍ ഉള്‍പ്പെട്ടിരുന്നു. തൃശൂരിലെ മണലൂരില്‍ ജില്ലാ സെക്രട്ടറി തന്നെ സ്ഥാനാര്‍ഥിയായതിലുണ്ടായ അഭിപ്രായ ഭിന്നത ദോഷകരമായെന്നും വിലയിരുത്തുന്നു.