തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുടിയനായ പുത്രന്‍ വി.എസ് അരുണ്‍കുമാറിനെതിരേ ഉയര്‍ന്നവന്ന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ അവസാനനിമിഷം വരെ ശ്രമം. മുഖ്യമന്ത്രിപദവിയിലുള്ള അവസാനനിമിഷം വരെ അന്വേഷണം അട്ടിമറിക്കാന്‍ വി.എസ് ശ്രമിച്ചു. എന്നാല്‍ ശ്രമംവിജയിക്കില്ലെന്നു കണ്ടതോടെ പതിമൂന്നാംമണിക്കൂറില്‍ പുതിയ വിജ്ഞാപനം ഇറക്കി പ്രതിച്ഛായ സംരക്ഷിക്കുകയും ചെയ്തു. അരുണിനെതിരേയുള്ള കേസില്‍ ലോകായുക്തയ്ക്കു നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് ഉറപ്പാക്കിയതിനുശേഷമായിരുന്നു ഉമ്മന്‍ ചാണ്ടി ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിക്കു കൈമാറിയത്. പരാതിനല്‍കുന്ന സമയം വരെയും ഐഎച്ച്ആര്‍ഡിയെ ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതാണ് സാങ്കേതികതടസമായി നിലനിന്നിരുന്നത്. പരിധിയില്‍ വരാത്ത സ്ഥാപനത്തിലെ ജീവനക്കാരനുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാന്‍ ലോകായുക്തയ്ക്കു കഴിയില്ല. പൊതുസേവകര്‍ എന്ന നിര്‍വചനത്തില്‍ വരുന്നവരെ സംബന്ധിച്ച പരാതികള്‍ മാത്രമാണു ലോകായുക്ത പരിഗണിക്കുക. മുഖ്യമന്ത്രിയുടെ നടപടിയെ ഉമ്മന്‍ ചാണ്ടി ചോദ്യം ചെയ്തിരുന്നു.
ഇന്നലെ കോടതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ വിവാദം ഒഴിവാക്കാന്‍ മേയ് നാല് എന്ന തീയതി വച്ച് ഇന്നലെ പ്രത്യേക വിജ്ഞാപനം ഇറക്കുകയായിരുന്നു മുഖ്യമന്ത്രി. ഐഎച്ച്ആര്‍ഡി സംസ്ഥാന സര്‍ക്കാരിനു കീഴിലാണെങ്കിലും ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്. സൊസൈറ്റികള്‍ ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം നോട്ടിഫൈ ചെയ്യണം. സിഡിറ്റ്, ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ ലോകായുക്തയുടെ പരിധിയില്‍പ്പെടുത്തിയിരുന്നത്. അരുണ്‍കുമാറിന്റെ അഭിഭാഷകനും മുഖ്യമന്ത്രിയോട് അടുപ്പമുള്ള മറ്റൊരു അഭിഭാഷകനും നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് ലോകായുക്തയ്ക്കു വിട്ടത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നു മാസങ്ങള്‍ നീണ്ട സിറ്റിങ്ങുകള്‍ക്കു ശേഷമെ ലോകായുക്ത തീരുമാനിക്കുകയുള്ളൂവെന്ന് അഭിഭാഷകര്‍ ഉറപ്പു നല്‍കിയിരുന്നു. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നു ലോകായുക്ത പ്രസ്താവിക്കുന്നതോടെ അഴിമതിക്കേസ് തള്ളിയെന്ന വാദം ഉയര്‍ത്താനുമായിരുന്നു നീക്കം. ഇന്നലെ വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണു മുഖ്യമന്ത്രിയുടെ തട്ടിപ്പു പുറത്തായത്.
അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ ചന്ദന മാഫിയയ്‌ക്കെതിരായ നിലപാടു മയപ്പെടുത്താന്‍ അരുണ്‍കുമാര്‍ കോഴ വാങ്ങി, യോഗ്യതകളില്ലാത ഐഎച്ച്ആര്‍ഡിയില്‍ നിയമനം നേടി, ഉന്നത സ്ഥാനങ്ങളിലേയ്ക്കു അനര്‍ഹമായി സ്ഥാനക്കയറ്റങ്ങള്‍ നേടി, പിഎച്ച്ഡി രജിസ്‌ട്രേഷനു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെതിരേ ലോകായുക്ത അന്വേഷണം തുടങ്ങിവച്ചിരുന്നു. ലോകായുക്തയുടെ പ്രത്യേക വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയെ പരാതിക്കാരനും അരുണ്‍ കുമാറിനെ എതിര്‍ കക്ഷിയാക്കിയുമാണ് ലോകായുക്ത അന്വേഷണം നടത്താന്‍ തുടങ്ങിയത്. ജൂണ്‍ രണ്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും ലോകായുക്ത നോട്ടീസയച്ചിട്ടുണ്ട്. അരുണ്‍കുമാറിനെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വി.എസ് അച്യുതാനന്ദന്‍ മറുപടി പറയാതിരുന്നതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വീണ്ടും പരാതി എഴുതി നല്‍കുകയായിരുന്നു. ചന്ദനമാഫിയയില്‍ നിന്ന് ഏഴുലക്ഷം രൂപ അരുണ്‍കുമാര്‍ വാങ്ങിയെന്ന ഖാദര്‍ പാലോത്തിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഐ എച്ച് ആര്‍ ഡിയില്‍ ജോലി ചെയ്യുമ്പോള്‍ അരുണ്‍കുമാര്‍ വ്യാജരേഖ ചമച്ചെന്നാണ് മറ്റൊരു പരാതി. മറയൂര്‍ ചന്ദനക്കേസിലെ ഇടപെടലും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2004ല്‍ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറി അടച്ചുപൂട്ടാന്‍ എല്‍ ഡി എഫിന് നേതൃത്വമുള്ള പഞ്ചായത്ത് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചന്ദന ഫാക്ടറികള്‍ക്കും ചന്ദന കടത്തിനുമെതിരെ ശക്തമായി പ്രചാരണം നടത്തിവന്നിരുന്ന പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്റെ ഓഫീസ് ഇടപെട്ട് അരുണ്‍കുമാറിന്റെ സ്വാധീനത്തിന് വഴങ്ങി ഈ ചന്ദന ഫാക്ടറിക്ക് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും നിയമസഭയിലും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അവ്യക്തമായ ഭാഷയില്‍ മറുപടിയാണ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
കണ്ണൂര്‍ പവര്‍ പ്രോജക്ട് ആരംഭിക്കുന്നതിന് അരുണ്‍കുമാര്‍ 75 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി വ്യവസായിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ കെ പി പി നമ്പ്യാര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയ കാര്യമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. കയര്‍ഫെഡ് എം.ഡിയായിരിക്കെ അരുണ്‍കുമാര്‍ നടത്തിയ കോടികളുടെ തട്ടിപ്പും അരുണ്‍കുമാറിന്റെ ഭാര്യ ഡയറക്ടറായ ചെറി എന്റര്‍പസസ് എന്ന സ്ഥാപനം ഓണ്‍ലൈന്‍ ലോട്ടറി ബിസിനസ് നടത്തിയിയത് സംബന്ധിച്ച വിവരങ്ങളും പരാതിയിലുണ്ട്. തിരുവനന്തപുരം ഗോള്‍ഫ് ക്ലബിലെ അംഗത്വത്തെക്കുറിച്ചും കോഴിക്കോട് കോസ്‌മോ പൊളിറ്റന്‍ ക്ലബിലും അരുണ്‍കുമാര്‍ നേടിയ അംഗത്വത്തെക്കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രണ്ട് പഞ്ചനക്ഷത്ര ക്ലബുകളില്‍ അംഗമാകുവാന്‍ അരുണ്‍കുമാറിനുള്ള സാമ്പത്തിക സ്രോതസ് എന്തെന്ന് അന്വേഷിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നത്. കോടതികളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന നന്ദകുമാര്‍ എന്നയാളുമായി അരുണ്‍കുമാറിനുള്ള ബന്ധം അഡ്വ. രാംകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കണം.
അരുണ്‍കുമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ വിദേശയാത്രകളുടെ വിവരം പുറത്തുവിടാന്‍ തയ്യാറാകണം. ഏതെല്ലാം രാജ്യങ്ങളില്‍ എത്ര പ്രാവശ്യം വീതമാണ് അദ്ദേഹം യാത്ര നടത്തിയിട്ടുള്ളത്, ഇത് ഔദ്യോഗിക യാത്രകളാണെങ്കില്‍ വേണ്ട അനുമതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. സ്വകാര്യ യാത്രകളാണെങ്കില്‍ ഇതിനുള്ള പണം ഈ സര്‍ക്കാരുദ്യോഗസ്ഥന് എവിടെ നിന്നുണ്ടായി എന്നും ഈ യാത്രകളില്‍ അരുണ്‍കുമാറിന്റെ സഹയാത്രികര്‍ ആരൊക്കെയെന്നിവയും ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു. അരുണ്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ഗുരുതരമായ ആരോപങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നതിനാല്‍ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവതാളത്തിലാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍






