Random Posts

Saturday, May 28, 2011

ബേബിയുടെ സൂത്രം പൊളിഞ്ഞു: ചിത്രസൂത്രം അങ്ങനെ പരാജയകകഥയായി....

തിരുവനന്തപുരം: വി.എസ് മന്ത്രിസഭയുടെ അവസാനതീരുമാനങ്ങളിലൊന്ന് സിനിമാക്കഥ പോലെ പരിണാമഗുപ്തി നിറഞ്ഞതായിരുന്നു. സംസ്ഥാന സിനിമാ അവാര്‍ഡ് തീരുമാനത്തിലായിരുന്നു ഇതെന്നത് തികച്ചും യാദൃശ്ചികം. സംസ്ഥാന അവര്‍ഡിനു പരിഗണിക്കപ്പെടേണ്ട ചിത്രങ്ങള്‍ സംബന്ധിച്ച് ഏകദേശധാരണ നേരത്തെ രൂപീകരിച്ചിരുന്നു. ഇതനുസരിച്ച് ചിത്രസൂത്രം എന്ന ചിത്രത്തിനു അവാര്‍ഡു നല്‍കാനുള്ള സൂത്രപ്പണികളും അവാര്‍ഡുനിര്‍ണ ജൂറിയുടെ നേതൃത്വത്തില്‍ നടന്നു. എന്നാല്‍ സംസ്ഥാന അവാര്‍ഡിനുതൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതോടെ സൂത്രപ്പണികളെല്ലാം തകരുകയായിരുന്നു. മാത്രവുമല്ല, വിവാദം ശക്തമായാല്‍ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ അവാര്‍ഡ് റദ്ദാക്കാനും മടിക്കില്ലെന്ന തിരിച്ചറിവും വന്നു. അതോടെ നേരത്തെ നിശ്ചയിച്ച പട്ടിക ഒഴിവാക്കി, ദേശീയ അവാര്‍ഡിനോട് നീതിപുലര്‍ത്തുന്ന തരത്തില്‍ അവാര്‍ഡുകള്‍ പുനക്രമീകരിക്കുകയായിരുന്നു. ഒരു ജൂറി അംഗം തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.

ചിത്രസൂത്രത്തെ മികച്ച സിനിമയായും നാരായണഗുരുവിനെ അവതരിപ്പിച്ച തലൈവാസല്‍ വിജയിനെ മികച്ച നടനായും പ്രഖ്യാപിക്കാനായിരുന്നു ആദ്യതീരുമാനം. ആദാമിന്റെ മകന്‍ അബു ജൂറി അവസാനമാണ് കണ്ടതെന്ന പരാമര്‍ശം ആരോപണങ്ങളുണ്ടാകാതിരിക്കാന്‍വേണ്ടി മനപ്പുര്‍വ്വം പ്രചരിപ്പിച്ചതാണ്. ആദ്യം അവഗണിച്ചുവിട്ട ഈ സിനിമ ദേശീയ പുരസ്‌കാര നിര്‍ണയത്തെതുടര്‍ന്ന് ജൂറി രണ്ടാംവട്ടവും കാണുകയായിരുന്നു. ജൂറി അവസാനം കണ്ടചിത്രം ഡോ.ബിജു സംവിധായനം ചെയ്ത വീട്ടിലേക്കുള്ള വഴിയാണ്. ലഭ്യമായ പ്രിന്റുകളുടെ അടിസ്ഥാനത്തില്‍ അക്ഷരമാലാ ക്രമത്തിലാണ് സിനിമകള്‍ ജൂറി കാണുക. ഏതെങ്കിലും സിനിമയുടെ പ്രിന്റ് ആദ്യം ലഭ്യമായില്ലെങ്കില്‍ സ്‌ക്രീനിംഗ് അവസാനിക്കും മുമ്പ് അത് എത്തിച്ചാല്‍ അവസാനം ജൂറി പ്രസ്തുത സിനിമയും കാണും. ഇത്തവണ മല്‍സരത്തിനായി അപേക്ഷിച്ചിരുന്നവയില്‍ കാല്‍ച്ചിലമ്പ് എന്ന സിനിമ, പ്രിന്റ് സമയത്തെത്തിക്കാതിരുന്നതിനാല്‍ ജൂറി കണ്ടില്ല.

മേയ് 10 നാണ് പുരസ്‌കാരം നിര്‍ണയിക്കാനുള്ള സിനിമകള്‍ ജൂറി അംഗങ്ങള്‍ കണ്ടുതുടങ്ങിയത്. ആദ്യദിവസം കണ്ട സിനിമകളില്‍ ആദാമിന്റെ മകന്‍ അബുവും ഉള്‍പ്പെട്ടിരുന്നു. 19നാണ് സ്‌ക്രീനിംഗ് അവസാനിച്ചത്. അന്ന് ഉച്ചയോടെയാണ് വീട്ടിലേക്കുള്ള വഴിയുടെ പ്രിന്റ് ജൂറിക്കു മുന്നിലെത്തിയത്. അന്നുതന്നെ അന്തിമമായി പുരസ്‌കാരങ്ങളും നിര്‍ണയിച്ചു. രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവാദം സൃഷ്ടിച്ച ചിത്രസൂത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനമായിരുന്നു ജൂറിയുടേത്. ആരെയും പിണക്കരുതെന്നും വിവവാദങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം ഏറെ ശ്രദ്ധനേടിയവയും പുരസ്‌കാര പ്രതീക്ഷയുള്ളവയുമായ ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്നിവയ്ക്ക് യഥാക്രമം മികച്ച നവാഗത സംവിധായകനും ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയക്കും പുരസ്‌കാരം നല്‍കാനും തീരുമാനിച്ചു. എലക്ര്ട ദേശീയ അവാര്‍ഡിനു പരിഗണിക്കപ്പെടാതെ പോയതിനാല്‍ സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദിനു നല്‍കുന്നതും ആരോപണങ്ങളുയരാതിരിക്കാന്‍ സഹായകമാകുമെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ 20ന് ഉച്ചയോടെ ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ ആദാമിന്റെ മകന്‍ അബുവും സലിംകുമാറും എല്ലാവരെയും ഞെട്ടിച്ചു. ആദ്യം അവഗണിച്ചുവിട്ട പ്രസ്തുത സിനിമ ഇതോടെ വീണ്ടും കാണണമെന്ന് ജൂറിയിലെ ചില അംഗങ്ങള്‍ ആവശ്യമുന്നയിക്കുകയായിരുന്നു. 20ന് വൈകിട്ട് വീണ്ടും ഈ സിനിമ കണ്ടതിനുശേഷം മികച്ച സിനിമ, നടന്‍ എന്നിവ മാത്രം മാറ്റി നിശ്ചയിക്കുകയും ആദ്യം മികച്ച സിനിമയായി നിശ്ചയിച്ച ചിത്രസൂത്ര’ത്തിനും നടനായി നിശ്ചയിച്ചിരുന്ന തലൈവാസല്‍ വിജയിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. മാറ്റിനിശ്ചയിച്ച പുരസ്‌കാരങ്ങള്‍ രേഖപ്പെടുത്തി കവറിലാക്കി 20നു വൈകിട്ടുതന്നെ ജൂറി അക്കാദമി ഭാരവാഹികള്‍ വഴി സര്‍ക്കാരിനെ ഏല്‍പിച്ചു.

ഈ മാറ്റിമറിക്കലിനെത്തുടര്‍ന്നാണ് ആദാമിന്റെ മകന്‍ അബുവിലെ മിന്നുന്ന പ്രകടനത്തിനാണ് അദ്ദേഹത്തിന് വീണ്ടും അവാര്‍ഡ് ലഭിച്ചത്. മികച്ച നടിയായി ഗദ്ദാമയിലെ പ്രകടനത്തിന് കാവ്യാമാധവനെ തെരഞ്ഞെടുത്തു. മികച്ച ചിത്രം ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബുവാണ്. ഇലക്ര്ട സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.നഗാഗത സംവിധായകനുള്ള അവാര്‍ഡ് മോഹന്‍ രാഘവനാണ്(ട്രി.പി ദാസന്‍ സ്റ്റാന്‍ഡേഡ് 6 ബി).യുഗപുരുഷനില്‍ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ച തലൈവാസല്‍ വിജയിന് പ്രത്യേക ജൂറി പുരസ്‌കാരമുണ്ട്.

മികച്ച രണ്ടാമത്തെ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞാണ്. മികച്ച രണ്ടാമത്തെ നടന്‍ ബിജു മേനോന്‍ (ടി.പി ദാസന്‍ സ്റ്റാന്‍ഡേഡ് 6 ബി) രണ്ടാമത്തെ നടി മംത മോഹന്‍ദാസ്(കഥ തുടരുന്നു). സുരാജ് വെഞ്ഞാറമൂടാണ് മികച്ച ഹാസ്യനടന്‍. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റാണ് മികച്ച ജനപ്രിയ ചിത്രം. തിരക്കഥാ കൃത്തിനുള്ള അവാര്‍ഡ് സലിം അഹമ്മദ്(ആദാമിന്റെ മകന്‍ അബു). മികച്ച എഡിറ്റിംഗിനുള്ള അവാര്‍ഡ് സോബിന്‍ കെ.സോമനാണ്. മികച്ച ഗായകന്‍ ഹരിഹരനാണ്. മികച്ച ഗായിക രാജലക്ഷ്മി(കരയിലേക്ക് ഒരു കടല്‍ ദൂരം) മികച്ച സംഗീത സംവിധായകന്‍ ജയചന്ദ്രനാണ്. ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് എം.ജെ രാധാകൃഷ്ണനും ഷഹ്‌നാദും പങ്കിട്ടു. പ്രത്യേക ജൂറി പരാമര്‍ശത്തിന് ചിത്രസൂത്രത്തിന്റെ സംവിധായകന്‍ വിപിന്‍ വിജയ് അര്‍ഹനായി. മികച്ച ബാലതാരം കൃഷ്ണ പത്മകുമാര്‍(ജാനകി) എന്നിവരും അര്‍ഹരായി.

നേരത്തെ ചിത്രസൂത്രത്തിനുവേണ്ടി പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മുന്‍ സാംസ്‌കാരിക മന്ത്രി എം.എ. ബേബിയും രംഗത്തെത്തിയിരുന്നു. ചിത്രസൂത്രം’ എന്ന സിനിമയ്ക്ക് അവാര്‍ഡു നല്‍കാനാണ് ഇവര്‍ കരുക്കള്‍ നീക്കിയത്. ഇത് ജൂറിയിലും ചലച്ചിത്ര അക്കാദമിയിലും തര്‍ക്കങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്തു. അന്നത്തെ മന്ത്രിയായിരുന്ന എം.എ. ബേബിയുടെ താത്പര്യപ്രകാരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുകിക്കയറ്റി അവാര്‍ഡു നല്‍കിയതിലൂടെ വിവാദമായി സിനിമയാണ് ചിത്രസൂത്രം. മന്ത്രി ബേബിയുമായി ഏറെ അടുപ്പമുള്ള സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ആവശ്യപ്രകാരമായിരുന്നത്രേ ഇത്. ദേശീയതലത്തില്‍ 'ആദമിന്റെ മകന്‍ അബു’വും 'വീട്ടിലേക്കുള്ള വഴി’യും മികച്ചചിത്രങ്ങളാകുകയും ചിത്രസൂത്രം സാങ്കേതികവിഭാഗത്തിലെ ഒരു അവാര്‍ഡില്‍ മാത്രം ഒതുങ്ങുകയും ചെയ്തതോടെ സംസ്ഥാനജൂറി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുന്നത്