Random Posts

Sunday, May 1, 2011

വി.എസിന്റെ അപ്രീതി: ബ്രിട്ടാസ് തെറിച്ചത് യച്ചൂരിവഴി

തിരുവനന്തപുരം: കൈരളി ചാനലിന്റെ എഡിറ്റര്‍-എം.ഡി പദവിയില്‍ നിന്നും ജോണ്‍ബ്രിട്ടാസിനെ ഒഴിവാക്കിയതിനു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സി.പി.എം പി.ബി അംഗം സീതാറാം യെച്ചൂരിയെ കോടാലിയാക്കിയതായി സൂചന. പിണറായിക്കുപോലും സംരക്ഷിച്ചു നിര്‍ത്താനാകാത്ത വിധത്തില്‍ കൃത്യമായ കളികളാണ് വി എസ് നടത്തിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ സമ്മര്‍ദ്ദമാണ് ബ്രിട്ടാസിനെ കൈവിടാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിണറായിയുടെ ആജ്ഞാനുവര്‍ത്തിയായി എട്ടുവര്‍ഷമായി ബ്രിട്ടാസ് കൈരളിയെ ഔദ്യോഗികപക്ഷത്തിന്റെ നാവായി കൊണ്ടുനടക്കുകയാണ്. ഔദ്യോഗികപക്ഷം ആപത്തില്‍പ്പെട്ടപ്പോഴെല്ലാം ചെറുത്തുനില്‍പ്പിനു ബ്രിട്ടാസും കൈരളിയും മുന്നിട്ടിറങ്ങി. പാര്‍ട്ടിയിലെ വിഭാഗീയതയായാലും വലതുപക്ഷമാധ്യമങ്ങളുടെ ആക്രമണമായാലും ഇതിനെ ശക്തമായി പ്രതിരോധിക്കുന്നതിനുപിന്നില്‍ ബ്രിട്ടാസിന്റെ വാര്‍ത്താലോകത്തെ പരിചയവും ഔദ്യോഗിക വിഭാഗത്തോടുള്ള അടങ്ങാത്ത കൂറും ഉണ്ടായിരുന്നു.

വിഭാഗീയതിയില്‍ എല്ലാക്കാലത്തും ഒരുഭാഗത്ത് വി.എസ് ഉണ്ട് എന്നതിനാല്‍ പല വാര്‍ത്തകളും വി.എസിന് എതിരാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഫാരിസ് അബുബക്കറിന്റെ വിവാദ അഭിമുഖം വന്നതോടെ വി.എസും ബ്രിട്ടാസും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായി. അങ്ങനെ അവസരം ഒത്തുവന്നപ്പോള്‍ യെച്ചൂരിയുടെ സഹായത്തോടെ വി.എസ് ബ്രിട്ടാസിന്റെ പണി കളയുകയായിരുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ചാനല്‍ വിടാന്‍ ബ്രിട്ടാസ് പാര്‍ട്ടി നേതൃത്വത്തോട് അനുമതി തേടിയിരുന്നതായാണ് സൂചന. എന്നാല്‍ അത് പാര്‍ട്ടിക്കെതിരെ വ്യാപകപ്രചരണത്തിന് വഴിവയ്ക്കുമെന്ന് കണ്ട് തീരുമാനം വൈകിക്കുകയായിരുന്നു. ഏപ്രില്‍ 19ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ബ്രട്ടാസിന് ചാനല്‍ വിടാന്‍ അനുമതി നല്‍കിയത്. പത്രപ്രവര്‍ത്തനരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രിട്ടാസ് ദേശാഭിമാനിയില്‍ നിന്നാണ് കൈരളി ടിവിയിലെത്തിയത്.

ബ്രിട്ടാസ് സ്ഥാനമേല്‍ക്കുമ്പോള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലായിരുന്നു കൈരളി. ബ്രിട്ടാസിന്റെ മികവില്‍ മുഖ്യധാരയിലേക്ക് തിരിച്ചുവന്ന ചാനല്‍ പിന്നീട് പീപ്പിള്‍, വീ ചാനലുകള്‍ കൂടി ആരംഭിച്ചു.തിരുവനന്തപുരത്ത് സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മ്മിച്ചതും ഇക്കാലയളവിലാണ്. ചാനല്‍ ഇക്കൊല്ലം 20 കോടി രൂപ ലാഭമുണ്ടാക്കിയതായി വാര്‍ഷിക പൊതുയോഗകണക്കുകള്‍ വ്യക്തമാക്കുന്നു. കൈരളിയുടെ മാനേജിംഗ് ഡയറക്ടര്‍, എഡിറ്റര്‍ എന്നതിലുപരി കേരളത്തിലെ അറിയപ്പെടുന്ന അഭിമുഖകാരനുമാണ് ബ്രിട്ടാസ്. കൈരളിയിലെ ക്രോസ്ഫയര്‍, ചാറ്റ് ഷോ, ക്വസ്റ്റിയന്‍ ടൈം എന്നീ പരിപാടികളിലൂടെ മലയാളവാര്‍ത്താമാധ്യമരംഗത്ത് പ്രത്യേക ശൈലി കൊണ്ടുവന്നത് ബ്രിട്ടാസാണ്.

ഫാരിസ് അബൂബക്കറുമായുളള ബ്രിട്ടാസിന്റെ അഭിമുഖം വന്‍വിവാദത്തിനിടയാക്കിയിരുന്നു. ബ്രിട്ടാസിന്റെ പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയാണ് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ജോണ്‍ ബ്രിട്ടാസിന്റെ രാജിക്ക് പിന്നിലെങ്കിലും കൈരളിയിലെ തന്റെ പടിയിറക്കത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ബ്രിട്ടാസ് തയ്യാറായിട്ടില്ല. ഫാരിസ് അബൂബക്കറിന്റെ വിവാദ അഭിമുഖം വന്നത് മുതല്‍ ജോണ്‍ ബ്രിട്ടാസ് വിഎസിന്റെ കണ്ണിലെ കരടായിരുന്നു. എന്നാല്‍ കൈരളിയെ വന്‍ ലാഭത്തിലേക്ക് നയിച്ച എം ഡിയെ മാറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ തക്കം കിട്ടിയപ്പോള്‍ വി എസ് ചരടുവലിക്കുകയായിരുന്നു. ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയുമായി ആലോചിച്ച് പിണറായി ഉടന്‍ തന്നെ പുതിയ എം ഡിയെ തീരുമാനിക്കുമെന്നാണ് സൂചന.കൈരളി ടി വിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ജോണ്‍ ബ്രിട്ടാസ് രാജിവച്ചു. സി പി എം സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് ബ്രിട്ടാസിന്റെ രാജി എന്നാണ് റിപ്പോര്‍ട്ട്.