Random Posts

Monday, May 23, 2011

അയാംദി സോറി അളിയാ... അയാം ദി സോറി: സലിമിനുവേണ്ടി മല്ലൂസ് ട്വീറ്റി...

കൊച്ചി: സോഷ്യല്‍മീഡിയ നെറ്റുവര്‍ക്കായ ട്വിറ്ററില്‍ സലിംകുമാര്‍ ഡലയോഗുകള്‍ ചിരിമഴയായി പെയ്തിറങ്ങി. ഇന്ത്യയിലെ ഏറ്റവുംമികച്ച നടനുള്ള പുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രീയപ്പെട്ട സലിംകുമാറായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ ട്വിറ്ററിലെ താരം. ഹിന്ദിയിലെ നായികാ നായികന്മാര്‍ക്കു അവാര്‍ഡു ലഭിക്കുമ്പോള്‍മാത്രം രംഗത്തുവരുന്ന ദേശീയമാധ്യമങ്ങള്‍ക്കു കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് ട്വിറ്ററിലൂടെ സലീമിനുവേണ്ടി മല്ലൂസ് രംഗത്തെത്തിയത്. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി മംഗ്ലീഷില്‍ സലിമിനുവേണ്ടി മല്ലൂസ് ആഞ്ഞടിച്ചതോടെ ട്വിറ്റര്‍ ചിരിയുടെ പൂരപ്പറമ്പായി മാറുകയായിരുന്നു. സലീംകുമാറിന് ദേശീയ അവാര്‍ഡ് വന്നു എന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ ട്രെന്‍ഡുകളില്‍ ഒന്നാക്കി സലിംകുമാറിനെ മലയാളികള്‍ മാറ്റി.

സലീംകുമാറിനൊപ്പം തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള ദേശീയ ലഭിച്ചിരുന്നു എങ്കിലും ട്വിറ്ററില്‍ മലയാളികള്‍ പ്രകടിപ്പിച്ച ഒത്തൊരുമ തമിഴര്‍ കാണിച്ചില്ല. ഫലം, ധനുഷിന് വ്യാഴാഴ്ച ട്വിറ്ററില്‍ ഇന്ത്യയിലെ ട്രെന്‍ഡാവാനും കഴിഞ്ഞില്ല. സലീംകുമാറിനെ അഭിനന്ദിച്ചും 'കൊളോണിയല്‍ മീഡിയ' എന്ന് ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചും 'ഹാഷ് സലീംകുമാര്‍' എന്ന് ഇട്ടുകൊണ്ട് മലയാളികള്‍ നടത്തിയ ട്വീറ്റ് പടയോട്ടത്തിലാണ് സലീംകുമാര്‍ ഇന്ത്യയില്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. പോരാത്തതിന് വിവിധ സിനിമകളില്‍ സലീംകുമാര്‍ പറയുന്ന ഇടിവെട്ടു ഡയലോഗുകളും മലയാളികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ വരെ ഈ പടയോട്ടം തുടര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് സലീംകുമാര്‍ ട്വിറ്ററിന്റെ ഇന്ത്യാ ട്രെന്‍ഡില്‍ നിന്ന് പോയത്.

അയാം ദി സോറി അളിയാ.. അയാം ദി സോറി, നമ്മളൊക്കെ വല്ല ചൊറിയോ, ചിരങ്ങോ ഒക്കെ വന്നിട്ടാവും ചാവുക, അവന്റെയൊക്കെ ആത്മാവ് ഇപ്പൊ സ്വര്‍ഗത്തില്‍ കിടന്നു അര്‍മാദിക്കുകയാവും ശിവലിംഗ ഭഗവാനെ....എന്റെ ഉണ്ണികളേ കാത്തോളനെ, ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വേനലും മുള്ളിന കേടു . മുന ഓടിയും ആഹാ.. പിന്നെ, അച്ഛനെ കാണണം, അച്ഛനെ കാണണം എന്ന് ഞാന്‍ കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി, പാട്ടു പാടണ നടിയാണെന്നു വച്ച് വല്ലാണ്ടു ആളാവല്ലേ മോളേ, ഫീഗരനാണവന്‍ കൊടും ഫീഗരന്‍, അതുശരി നിന്റെ സാര്‍ ആണല്ലേ? നിനക്ക് അങ്ങിനെ തന്നെ വേണം തുടങ്ങിയ ഡയലോഗുകളിലൂടെയാണ് സലിംകുമാര്‍ ട്വിറ്ററിലും ഒന്നാമനായത്. അതിനിടെ ദേശീയഅവാര്‍ഡിനുപുറമേ സംസ്ഥാന അവാര്‍ഡും സലിംകുമാറിനായിരിക്കുമെന്ന് കേരള കൗമുദി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേനാളാണ് ബുദ്ധദേവ്ദാസ് ഗുപ്ത ചെയര്‍മാനായ ജൂറി 'ആദാമിന്റെ മകന്‍ അബു’ കണ്ടത്. സലിംകുമാറിന്റെ അഭിനയ വൈഭവം കണ്ട് ജൂറി അത്ഭുതപ്പെട്ടു. പിന്നെ മികച്ച അഭിനേതാവിനുള്ള മറ്റൊരു നടന്റെ പേരും ഉയര്‍ന്നുവന്നില്ല. വെള്ളിയാഴ്ച അവാര്‍ഡ് നിര്‍ണയത്തിനുള്ള അവസാന ചിത്രവും ജൂറി കണ്ടു. തീരുമാനത്തില്‍ ഇനി ഒരു അട്ടിമറിയുണ്ടായില്ലെങ്കില്‍ സലിംകുമാറായിരിക്കും മികച്ച നടനെന്നും കോവളം സതീഷ് കുമാര്‍ കേരളകൗമുദിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചലച്ചിത്ര അക്കാഡമിയുടെ ചുമതലയുള്ള പുതിയ വകുപ്പ് മന്ത്രി ചുമതല ഏറ്റെടുത്താലുടന്‍ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകും.

'ആദാമിന്റെ മകന്‍ അബു’ വിനെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കുന്നില്ലെന്ന തെറ്റായ വാര്‍ത്തകള്‍ വെള്ളിയാഴ്ച പ്രചരിച്ചിരുന്നു. മികച്ച സംവിധായകന്‍, കാമറാമാന്‍ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ക്ക് സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം പരിഗണിക്കപ്പെട്ടിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ അവാര്‍ഡുകള്‍ ആദാമിന്റെ മകന്‍ അബു സ്വന്തമാക്കിയതായും അറിയുന്നു. മികച്ച നടിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവാര്‍ഡാണ് ജൂറിക്കുമുന്നില്‍ വെല്ലുവിളിയായത്. കാവ്യാ മാധവനും (ഗദ്ദാമ) നവ്യാ നായരുമാണ് (സദ്ഗമയ) അവസാന റൗണ്ടില്‍ കടുത്ത മത്സരം കാഴ്ച വച്ചത്. 'കഥ തുടരുന്നു’ എന്ന ചിത്രത്തിലെ അഭിനയവുമായി മംമ്ത മോഹന്‍ദാസും രംഗത്തുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ദേശീയ കായികമേള മുന്‍ സര്‍ക്കാര്‍ തീരുമാനിച്ച തീയതികളില്‍ നടത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു