തിരുവനന്തപുരം: കല്യാണമേളത്തിനു പകരം തിരുവനന്തപുരം കുമാരപുരത്തെ വൈശാഖത്തില്‍ ഉയരുന്നത് കണ്ണീരില്‍ കുതിര്‍ന്ന തേങ്ങലുകള്‍. ഇന്ദു ജീവിച്ചിരുന്നെങ്കില്‍ വൈശാഖത്തിനു മുന്നില്‍ ഇന്നു വിവാഹപ്പന്തല്‍ ഒരുങ്ങുമായിരുന്നു. കോഴിക്കോട് എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിയായിരുന്ന കുമാരപുരം മോസ്‌ക് ലെയ്ന്‍ വൈശാഖത്തില്‍ ഇന്ദുവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത് ഇന്നാണ്. ട്രെയിനില്‍ നിന്നു വീണ് ഇന്ദു മരിച്ചിട്ട് ഇന്നലെ 16 ദിവസം തികഞ്ഞു. വിവാഹത്തിന്റെ തലേന്നുള്ള സ്വീകരണച്ചടങ്ങില്‍ നിറഞ്ഞുനില്‍ക്കേണ്ടയാളുടെ മരണാനന്തര ചടങ്ങുകള്‍ നടത്താനായിരുന്നു ഇന്നലെ വൈശാഖത്തിന്റെ വിധി.
ആത്മാവിനു ശാന്തി നേര്‍ന്നു 16-ാം ദിവസം നടത്തുന്ന ചടങ്ങുകളാണ് ഇന്നലെ നടത്തിയത്. ബന്ധുകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി മരണാന്തര ചടങ്ങുകളില്‍ പങ്കാളികളായി. മരണത്തിന്റെ 41-ാം ദിവസം തിരുവല്ലത്ത് അസ്ഥി നിമജ്ജനം ചെയ്യുമെന്നു ബന്ധുക്കള്‍ അറിയിച്ചു. കൊല്ലം സ്വദേശി അഭിഷേകുമായുള്ള ഇന്ദുവിന്റെ വിവാഹം ഇന്നു നടത്താനാണു വീട്ടുകാര്‍ നിശ്ചയിച്ചിരുന്നത്. അതിനായി ഇന്ദു തന്നെ മുന്‍കയ്യെടുത്തു ബന്ധുക്കളെ ക്ഷണിക്കുകയും വിവാഹത്തിനു വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വാങ്ങുകയും ചെയ്തു. വിവാഹം വഴുതക്കാട് ശ്രീമൂലം ക്ലബില്‍ നടത്താനാണു തീരുമാനിച്ചിരുന്നത്. കഴിഞ്ഞ 24നാണു കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദു ആലുവാപ്പുഴയില്‍ വീണു മരിച്ചത്. നാലു ദിവസത്തെ ദുരൂഹതകള്‍ക്കു ശേഷമാണു മൃതദേഹം കിട്ടിയത്.
ഇന്ദു ആത്മഹത്യ ചെയ്തതല്ലെന്നും സഹയാത്രികന്‍ അപായപ്പെടുത്തിയതാണെന്നും ഇന്ദുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആദ്യം റയില്‍വേ പൊലീസാണു കേസ് അന്വേഷിച്ചത്. പിന്നീട് ഇന്ദുവിന്റെ ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. സഹയാത്രികനും എന്‍ഐടിയിലെ അസിസ്റ്റന്റ് പ്രഫസറുമായ സുഭാഷിനെയാണ് അന്വഷണസംഘം ഇപ്പോഴും സംശയി്ക്കുന്നത്. ഇന്ദുവിനെ സുഭാഷ് ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയതാണോ, അതോ മാനസീകപീഡനം മൂലം ഇന്ദു ആത്മഹത്യ ചെയ്തതാണോ എന്നുമാത്രമാണ് ഇനി വ്യക്തമാകാനുള്ളത്. വീട്ടില്‍ കുടുംബസുഹൃത്തിന്റെ വേഷത്തിലെത്തുന്ന ഇയാള്‍ കാമക്കണ്ണുകളുമായി ഇന്ദുവിനൊപ്പം വര്‍ഷങ്ങളായി ഉണ്ടായിരുന്നുവെന്ന് പോലീസിനു ബോധ്യമായി. ഇരുവരും കോഴിക്കോടും പരിസരപ്രദേശങ്ങളിലും നിരവധി തവണ കറങ്ങുകയും ചെയ്തിരുന്നു. നേരത്തെ സുഭാഷ് ഇന്ദുവിന്റെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥനയും നടത്തിയിരുന്നു. വ്യത്യസ്ഥജാതിയില്‍പ്പെട്ടതായതിനാല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ വിസമ്മതം പ്രകടിപ്പിച്ചു. ഇതോടെ കുടുംബസുഹൃത്തിന്റെ വേഷം അണിയുകയായിരുന്നുവത്രെ ഇയാള്‍. ഇന്ദുവിന്റെ വീട്ടില്‍ കുടുംബ സുഹൃത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇയാള്‍ കോഴിക്കോട് എന്‍ഐടിയില്‍ ഇന്ദുവിന്റെ സംരക്ഷകനും സുഹൃത്തുമായിരുന്നു. സുഭാഷിന്റെ പെരുമാറ്റത്തില്‍ ഇന്ദുവിന്റെ വീട്ടുകാര്‍ക്കു ഒരു സംശയവും തോന്നിയിരുന്നില്ല. അതിനാല്‍ വിവാഹത്തിന് സ്വര്‍ണവും വസ്ത്രവും വാങ്ങാന്‍ സുഭാഷിനെയും വീട്ടുകാര്‍ ഒപ്പം കൂട്ടിയിരുന്നു. സ്വന്തം പെണ്ണുകാണല്‍ ചടങ്ങിനു പോകുമ്പോഴൊക്കെ സുഭാഷ് ഇന്ദുവിന്റെ വീട്ടിലെത്തി കാര്‍ എടുക്കുമായിരുന്നു. ഇരുവരുടെയും തുറന്ന പെരുമാറ്റം ആരിലും സംശയം ജനിപ്പിച്ചിരുന്നില്ല.
പ്രതിശ്രുത വരനും ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. ഇന്ദുവിനെ കാണാതായ അന്നു തന്നെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തപ്പോഴൊന്നും സുഭാഷ് പ്രണയരഹസ്യം വെളിപ്പെടുത്തിയിരുന്നില്ല. സഹപ്രവര്‍ത്തകയെ ട്രെയിനില്‍ വച്ചു കാണാതായി, മറ്റൊന്നും തനിക്കറിയില്ല എന്നായിരുന്നു നിലപാട്. ആദ്യ രണ്ടു ചോദ്യം ചെയ്യലുകളും റെക്കോര്‍ഡു ചെയ്ത പൊലീസ്, വീണ്ടുംവീണ്ടുംചോദ്യം ചെയ്തപ്പോള്‍ സുഭാഷ് പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടു കണ്ടെത്തി. മൂന്നു തവണ പറഞ്ഞ കാര്യങ്ങളും കേള്‍പ്പിച്ചതോടെ സുഭാഷിന്റെ ധൈര്യം ചോര്‍ന്നു. പിന്നെ, ചോദിക്കാത്ത കാര്യങ്ങള്‍ പോലും സുഭാഷ് വെളിപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം ട്രെയിനില്‍ വച്ച്, ഇതു നമ്മുടെ അവസാന യാത്രയായിരിക്കുമെന്ന് ഇന്ദു പറഞ്ഞതായി സുഭാഷ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ 16നു വിവാഹം നടക്കേണ്ടതിനാല്‍ ഒരുമിച്ചുള്ള യാത്ര ഇനിയുണ്ടാവില്ല എന്നായിരിക്കാം ഇന്ദു ഉദ്ദേശിച്ചതെന്ന് സുഭാഷ് ധരിച്ചത്രെ. മുന്‍പ് രണ്ടു തവണയും ഇതേ രീതിയില്‍ ഇന്ദു സംസാരിച്ചെങ്കിലും സുഭാഷ് സംശയിച്ചിരുന്നില്ല. എന്നാല്‍, ഇന്ദുവിനെ കാണാതായതോടെ ആത്മഹത്യാ സൂചന പൊലീസിനു നല്‍കിയത് സുഭാഷാണ്.
സുഭാഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഇന്ദു വിവാഹ നിശ്ചയത്തിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി സുഭാഷ് പൊലീസിനോടു പറഞ്ഞിരുന്നു. ഇതേ സമയം ഇന്ദു വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂര്‍ണ ഉല്ലാസവതിയായിരുന്നു. പേട്ടയില്‍ നിന്നു ട്രെയിനില്‍ കയറിയ ഇന്ദു 'അമ്മേ, ഞാന്‍ ട്രെയിനില്‍ കയറി. അച്ഛന്‍ സ്‌റ്റേഷനില്‍ നിന്നു തിരിച്ചിട്ടുണ്ട്. കോഴിക്കോട്ടു ട്രെയിനിറങ്ങി വിളിക്കാം എന്നു വീട്ടിലേക്കു വിളിച്ചു പറയാന്‍ മറന്നിരുന്നില്ല. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകനായിരുന്നു ഇന്ദുവിന്റെ പ്രതിശ്രുതവരന്‍ അഭിലാഷ്. ഇയാള്‍ അപകടദിവസം ഇതേട്രയിനില്‍ ഉണ്ടായിരുന്നുവെന്ന് ഇതിനിടെ പ്രചാരണമുണ്ടായിരുന്നു. ഒടുവില്‍ ഇതിനുപിന്നിലും സുഭാഷാണെന്നു പോലീസ് കണ്ടെത്തിയിരുന്നു.






