Random Posts

Tuesday, May 3, 2011

38 സീറ്റുകളെന്ന് ഇടതുനേതൃത്വം; മന്ത്രിയുടെ ഓഫീസില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ നടത്തിയ ശ്രമം തടഞ്ഞു


തിരുവനന്തപുരം: സര്‍ക്കാരിന്റെ കാലാവധി തീരുകയാണ്. ഇനി അധികാരത്തിലെത്തുമെന്ന അതിമോഹംപോലും പാടില്ലെന്ന ബോധ്യവുമായി. അപ്പോള്‍പ്പിന്നെ കിട്ടാവുന്നത്ര സാധനങ്ങളുമായി കടക്കുകതന്നെ. ഇടതുസര്‍ക്കാരിന്റെ പിണിയാളുകളായി തലസ്ഥാനത്ത് ചേക്കേറിയ ആയിരക്കണക്കിന് സഖാക്കളുടെ മനസിലിരിപ്പ് ഇതാണ്. സാംസ്‌കാരികമന്ത്രികൂടിയായ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുടെ ഓഫീസില്‍ കഴിഞ്ഞദിവസം നടന്ന ഒട്ടും സംസ്‌കാരമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഇതാണ്.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സെക്രട്ടേറിയറ്റിലെ വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസില്‍ നിന്നു സാധനങ്ങള്‍ ഒരുസംഘം പുറത്തുകൊണ്ടുപോവുകായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞപ്പോഴും സഖാക്കളാണെന്നു വാദിച്ചു രക്ഷപെടാനായിരുന്നു ഇവരുടെ ശ്രമം. മന്ത്രിയുടെ ഓഫിസിലെ കാബിനുകളും മറ്റുമാണു കഴിഞ്ഞദിവസം പഴ്‌സനല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ പൊളിച്ചത്. ഇതില്‍ കുറേ സാധനങ്ങള്‍ പുറത്തേക്കു കൊണ്ടുപോവാന്‍ നടത്തിയ ശ്രമം സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. മന്ത്രിമാരുടെ ഓഫിസുകളുടെയും മറ്റും ചുമതല പൊതുഭരണ വകുപ്പിലെ ഹൗസ്‌കീപ്പിങ് വിഭാഗത്തിനാണ്. അവരെ അറിയിക്കാതെ പൊളിച്ചുമാറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം.

അതേസമയം വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.— ഓഫിസില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിനായി റാക്കുകളും കബോര്‍ഡുകളും കംപ്യൂട്ടര്‍ ക്രമീകരിക്കുന്നതിന് ആവശ്യമായ മേശകളും വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ കേരള താല്‍ക്കാലികമായി ക്രമീകരിച്ചിരുന്നു. ഈ സാധനങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനത്തിനു തിരികെനല്‍കേണ്ടതുണ്ട്. ഇതുപോലെ സെക്രട്ടേറിയറ്റില്‍ നിന്ന് ഓഫിസ് ക്രമീകരണത്തിനായി അനുവദിച്ച കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മറ്റും തിരിച്ചുനല്‍കിക്കഴിഞ്ഞു. ഈ നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണു വിദ്യാഭ്യാസവകുപ്പിനു കീഴിലെ മറ്റ് ഓഫിസുകളില്‍ നിന്ന് താല്‍ക്കാലികമായി കൊണ്ടുവന്നു ക്രമീകരിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കുകയെന്നത്. ഇത് വളച്ചൊടിച്ചാണു ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതെന്നും ഓഫിസ് വിശദീകരിക്കുന്നു.

എന്തായാലും ഭരണം മാറുന്നതിന്റെ സൂചനകള്‍ തലസ്ഥാനത്തുനിന്നും ലഭിച്ചുതുടങ്ങിയെന്നതാണ് വസ്തുത. ഇതിന്റെ തെരഞ്ഞെടുപ്പു അവലോകനം എല്‍ഡിഎഫ് വേണ്ടെന്നു വച്ചു. ഇതിനുള്ള കാര്യം വ്യക്തമാക്കിയ വൈക്കം വിശ്വന്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപരാജയം ഉറപ്പിച്ച് പറയുകയും ചെയ്തു.ഇന്നലെ എല്‍ഡിഎഫ് യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വ്യക്തമാക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം വിജയത്തെക്കുറിച്ച് മുന്‍പ് പറഞ്ഞത് വിഴുങ്ങിയത്.പൊതുതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എണ്ണിത്തീരുന്നതിനു മുന്‍പ് ഗുസ്തി പിടിക്കാന്‍ എല്‍ഡിഎഫ് ഇല്ല. എണ്ണിക്കഴിഞ്ഞിട്ട് പറയാംവൈക്കം വിശ്വന്‍ പറഞ്ഞു. അധികാരം നേടാനുള്ള ഭൂരിപക്ഷം നേടും എന്ന് വൈക്കം വിശ്വന്‍ പറഞ്ഞതിനോട് ഒരോ മണ്ഡലവും പ്രക്യേകം അവലോകനം നടത്തിയോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു.എന്നാല്‍ മണ്ഡലങ്ങള്‍ തങ്ങള്‍ വിലയിരുത്തിയില്ലെന്ന മറുപടിയാണ് വിശ്വന്‍ നല്‍കിയത്. മണ്ഡലങ്ങള്‍ പരിശോധിക്കാതെ വിജയസാധ്യതയെക്കുറിച്ച് പറയുന്നതിന്റെ മാനദണ്ഡം ചോദിച്ചപ്പോള്‍ ഇന്ന സീറ്റ്, ഇന്ന മണ്ഡലം എന്നൊന്നും തല്‍ക്കാലം പറയുന്നില്ല എന്ന് പറഞ്ഞൊഴിയുകയായിരുന്നു വിശ്വന്‍. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇനി എല്‍ഡിഎഫ് ചേരുന്നതെന്ന് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന്റെ ആവശ്യമില്ല. ഇലക്ഷന്‍ ഫലം വന്ന ശേഷം വേണമെങ്കില്‍ തീരുമാനിക്കും. കേഡര്‍ പാര്‍ട്ടിയെന്നഭിമാനിക്കുന്ന സിപിഎം, സിപിഐ, ആര്‍എസ്പി മുതലായവ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഉടന്‍ തന്നെ പാര്‍ട്ടി തലത്തിലും സംയുക്തമായും സീറ്റുകളും ജയസാധ്യതയും ചര്‍ച്ച ചെയ്യാറുണ്ട്.

എല്‍ഡിഎഫിന്റെ ചരിത്രത്തിലാദ്യമായാണ് തങ്ങള്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അവലോകനം വേണ്ടെന്നു വച്ചതായി ഒരു കണ്‍വീനര്‍ പറയുന്നത്.എന്നു മാത്രമല്ല, തെരഞ്ഞെടുപ്പ് അവലോകനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിജയപ്രതീക്ഷ ഇത്രയെന്ന് സാധാരണഗതിയില്‍ വ്യക്തമാക്കാറുള്ള എല്‍ഡിഎഫ് ഇപ്പോള്‍ അതില്‍ നിന്നും പിന്നോക്കം പോയിരിക്കുന്നതു തന്നെ പരാജയമുറപ്പിച്ചു എന്ന വിലയിരുത്തലിനു ശേഷമാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് യോഗം തീര്‍ന്ന ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അടുത്ത യോഗത്തില്‍ തെരഞ്ഞെടുപ്പ് വിശകലനമെന്ന് പറഞ്ഞിരുന്നു.തുടര്‍ന്ന് ചേര്‍ന്ന യോഗം എന്‍ഡോസള്‍ഫാന്‍ ഹര്‍ത്താലില്‍ ഒതുങ്ങി.പിന്നീട് ഇന്നലെ ചേര്‍ന്ന യോഗത്തിലും തെരഞ്ഞെടുപ്പിനെക്കുറിച്ച് തങ്ങള്‍ മിണ്ടിയില്ല, വേണമെങ്കില്‍ പിന്നീട് ചേര്‍ന്നേക്കും എന്നാണ് അദ്ദേഹം എല്‍ഡിഎഫ് യോഗത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

ആദ്യത്തെ രണ്ടു യോഗങ്ങളിലും അധ്യക്ഷനായിരുന്നത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു.എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്തടുത്ത ദിവസങ്ങളില്‍ ചേര്‍ന്ന സിപിഎംസിപിഐ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാനം ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കും എന്ന വിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നത്.എന്നാല്‍ ഇടതു മുന്നണിയില്‍ സംയുക്ത ചര്‍ച്ച വന്നതോടെ കഥയുടെ ഗതി മാറി.ഒരോ സീറ്റും അക്കമിട്ട് എണ്ണിത്തീര്‍ത്തതോടെ എല്‍ഡിഎഫ് 38 സീറ്റുകളില്‍ ഒതുങ്ങുമെന്നതായി വിലയിരുത്തല്‍