Random Posts

Tuesday, May 3, 2011

ഇന്ദുവിന്റെ മരണം;‍ അന്വേഷണം അട്ടിമറിക്കുന്നു, നിയമോപദേശത്തിന്റെ ബലത്തില്‍ സുഭാഷ് മൗനം പാലിക്കുന്നു


കോഴിക്കോട്: ചാത്തമംഗലം എന്‍.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശിനി ഇന്ദു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇഴയുന്നതായി ആരോപണം. ഇന്ദുവിന്റെ സഹയാത്രികനും എന്‍.ഐ.ടി കോളേജിലെ അധ്യാപകനുമായ സുഭാഷുമായി ട്രെയിനില്‍ വച്ചുണ്ടായ സംഭാഷണത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിനു ലഭിച്ചിരുന്ന വിവരം. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇയാള്‍ പോലീസിനോട് സംസാരിക്കുന്നതിനു പോലും വൈമുഖ്യം പ്രകടിപ്പിക്കുകയാണ്. സംഭവത്തിന് ശേഷം സുഭാഷിന്റെയും ഇന്ദുവിന്റെയും അവരുടെ സുഹൃത്തുക്കളുടെയും മുറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സുഭാഷിന്റെയും ഇന്ദുവിന്റെയും മുറികളില്‍നിന്ന് അവരുടെ ലാപ്‌ടോപ്പുകള്‍ കണ്ടെടുത്തു. സുഭാഷിന്റെ സുഹൃത്തിന്റെ മുറിയില്‍നിന്ന് ഇന്ദുവിന്റെ ചുരിദാറും ലഭിച്ചിട്ടുണ്ടെന്നാണ് സുചന.

ഇന്ദുവിന്റെ മൃതദേഹം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് തുനിഞ്ഞതോടെ എന്‍. ഐ.ടിയുമായി ബന്ധപ്പെട്ട ചിലര്‍ ഇടപെട്ടതായാണ് പറയപ്പെടുന്നത്. ആദ്യഘട്ടത്തില്‍ നിര്‍ണ്ണായകവും വ്യക്തവുമായ സുചനകള്‍ ലഭ്യമായിട്ടും പിന്നീടുള്ള അന്വേഷണം മന്ദഗതിയിലാവുകയായിരുന്നു. കേസില്‍ സുഭാഷിന്റെ സുഹൃത്തുക്കളുടെ അമിത ഇടപെടലും പോലീസില്‍ സംശയമുളവാക്കിയിട്ടുണ്ട്. ഇരുവരും ഉപയോഗിച്ചിരുന്ന സിംകാര്‍ഡുകളും ലാപ്‌ടോപ്പുകളും വിദഗ്ദപരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇത് ഉടനെ ലഭ്യമാവും. അതേസമയം കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നാണ് എന്‍.ഐ.ടി കോളേജിലെ ഇന്ദുവിന്റെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളില്‍ പലരും വിശ്വസിക്കുന്നത്. ഉന്നതതല ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍, മനസിലിരിപ്പ് പുറത്തുപറയാന്‍ ഇവരെല്ലാം ഭയക്കുകയാണ്.

അതിനിടെ ഇന്ദുവും സുഭാഷും നിരവധി തവണ ഒരുമിച്ചു താമസിച്ചായി പൊലീസിനു വിവരം ലഭിച്ചു. വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നതായി സുഭാഷ് പൊലീസിനോട് സമ്മതിച്ചു. വയനാട്ടില്‍ തിരുനെല്ലിയിലെ ഒരു ഹോട്ടല്‍, കോഴിക്കോട് ആര്‍.ഇ.സിക്കടുത്ത് ഒരു വാടകവീട്, ഇവിടെത്തന്നെയുള്ള മറ്റൊരു സ്ഥലം, ഊട്ടിയിലെ ഒരു ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഒരുമിച്ചു താമസിച്ചു. കോഴിക്കോട്ടു നിന്ന് അവസാനം തിരുവനന്തപുരത്തേക്കു പോകുന്നതിനു മുന്‍പുള്ള മൂന്നു ദിവസം ഇന്ദു സുഭാഷുമൊത്ത് എന്‍.ഐ.ടിയിലെ ഒരു അദ്ധ്യാപികയുടെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ അദ്ധ്യാപിക തിരൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയപ്പോള്‍ താക്കോല്‍ ഇന്ദുവിനെയാണ് ഏല്പിച്ചിരുന്നത്. ഈ അദ്ധ്യാപികയെ പൊലീസ് ചോദ്യം ചെയ്തു. മുന്‍പും പലവട്ടം ഇത്തരത്തില്‍ താക്കോല്‍ നല്കിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇന്നലെയും ആര്‍.ഇ.സിയിലെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്തു.

ഇന്ദുവും സുഭാഷും സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിലെ 20 പേരെക്കൂടി പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇവരെല്ലാം തന്നെ ക്രെഡിറ്റ് കാര്‍ഡ് മുഖേന റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ്. ചെന്നൈയില്‍ നിന്ന് യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ചശേഷം മേല്‍വിലാസം ശേഖരിച്ച് ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. സുഭാഷിനെ പൊലീസ് നിരന്തരമായി ചോദ്യം ചെയ്യുകയാണ്. പൊലീസിന്റെ വിളിപ്പുറത്ത് ഉണ്ടാകണമെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതേസമയം ഇന്ദു വീണു മരിച്ചത് ഒരുമിച്ചുള്ള ആത്മഹത്യയുടെ ഭാഗമായെന്നും പോലീസ് സംശയിക്കുന്നു. സുഭാഷും ഇന്ദുവുമായി ഒരുമിച്ച് ആതമഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് ഏറ്റവും ഒടുവില്‍ പൊലീസ് വിലയിരുത്തുന്നത്. തികച്ചും നിഗൂഢമായ ഈ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സൂചനകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസിന് ലഭിച്ചത്. സുഭാഷിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസ് ഈ അനുമാനത്തിലെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസിന്റെ കസ്റ്റഡിയിലുള്ള സുഭാഷ് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെയുള്ള ചോദ്യം ചെയ്യല്‍ മുറയ്‌ക്കൊടുവിലുള്ള അര്‍ദ്ധ ബോധാവസ്ഥയില്‍ ഇയാള്‍ സംഭവിച്ച കാര്യങ്ങള്‍ പൊലീസിനോടു വെളിപ്പെടുത്തിയതായി അറിയുന്നു.

ഇന്ദുവിന്റെ വിവാഹ നിശ്ചയം നടന്നതോടെയാണ് ഇരുവരും ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. എന്നാല്‍ വിവാഹത്തോട് ഇന്ദുവിന് കാര്യമായ വിരോധവും ഉണ്ടായിരുന്നില്ല. സുഭാഷുമായി കുടുംബ ബന്ധം പുലര്‍ത്തി കഴിയാനുള്ള തലത്തിലുള്ള ബന്ധമായിരുന്നില്ല ഇന്ദുവിനുണ്ടായിരുന്നത്. ആ സൗഹൃദത്തിന് മറ്റെന്തൊക്കെയോ മാനങ്ങളുണ്ടായിരുന്നു. ഇരുവരുമായി തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേയ്ക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടെ ഇന്ദുവിന്റെ മൊബൈല്‍ ഫോണില്‍ ഒട്ടേറെ എസ്. എം. എസ് സന്ദേശങ്ങള്‍ വന്നിരുന്നു. ഇതില്‍ പലതും പിന്നീട് മായ്ച്ചു കളയപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഇങ്ങിനെയെത്തിയ സന്ദേശങ്ങളോട് സുഭാഷിന് അതൃപ്തിയുണ്ടായിരുന്നു. അതിന്റെ പേരില്‍ തീവണ്ടിയില്‍ വച്ച് ഇരുവരും തമ്മില്‍ ദീര്‍ഘ നേരം സംസാരമുണ്ടായി. ഇതിനിടെ എപ്പോഴോ ഒരുമിച്ച് ട്രെയിനില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു. തേര്‍ഡ് എ. സി കംപാര്‍ട്ടുമെന്റിലായിരുന്നു ഇവരുടെ യാത്ര.

എ.സി ബോഗിയില്‍ യാത്ര ചെയ്യുമ്പോള്‍ കായലിനോ പുഴയ്‌ക്കോ മുകളിലീടെ തീവണ്ടി നീങ്ങുന്നത് ശബ്ദത്തിലൂടെ കൃത്യമായി മനസ്‌സിലാക്കാന്‍ കഴിയില്ല. എന്നാല്‍ പെരിയാറിനു മുകളില്‍ ട്രെയിന്‍ എത്തുന്ന സമയം പതിവ് യാത്രക്കാരനായ സുഭാഷിന് കണക്കുകൂട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. രണ്ടുപേരുമായി ട്രെയിനിന്റെ വാതിലിനടുത്തെത്തി.ആദ്യം ഇന്ദു സ്വയം താഴേക്ക് ചാടുകയോ സുഭാഷ് തള്ളിയിടുകയോ ചെയ്തിരിക്കാം. എന്നാല്‍ നേരിയ രീതിയിലുള്ള തള്ളലാണെങ്കില്‍ ഇന്ദുവിന്റെ ശരീരത്തില്‍ കൈ പതിഞ്ഞതിന്റെ പാട് കണ്ടെത്താന്‍ കഴിയില്ല. ഇന്ദു പെരിയാറില്‍ വീണ ശേഷം സുഭാഷ് ഒന്നുമറിയാത്തതുപോലെ വീണ്ടും ബെര്‍ത്തില്‍ വന്നു കിടന്നു. ഇതാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഇക്കാര്യത്തിലാണ് അന്വേഷണവും