Random Posts

Tuesday, June 21, 2011

മെഡിക്കല്‍ സീറ്റുമാത്രമല്ല, മൃതദേഹങ്ങള്‍ പോലും സഖാക്കള്‍ വിറ്റുകാശാക്കി


കണ്ണൂര്‍: സാമൂഹ്യനീതിയെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്, മെഡിക്കല്‍ പി.ജി സീറ്റുകള്‍ മാത്രമല്ല സഖാക്കള്‍ വിറ്റഴിച്ചിരുന്നത്. ആശുപത്രിയില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ വിറ്റു ലക്ഷങ്ങള്‍ സഖാക്കളുടെ പോക്കറ്റുകളിലെത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പരിയാരം മെഡിക്കല്‍ കോളജിലേക്കു വിദ്യാര്‍ഥികള്‍ക്കു വൈദ്യപഠനത്തിനായി സൗജന്യമായി നല്‍കുന്ന മൃതദേഹങ്ങളാണ് വന്‍ വിലയ്ക്കു മറ്റു മെഡിക്കല്‍ കോളജിലേക്കു വില്‍പ്പന നടത്തുന്നത്. ആറു വര്‍ഷത്തിനിടയില്‍ 69 മൃതദേഹങ്ങളാണ് അന്യസംസ്ഥാന മെഡിക്കല്‍ -ആയുര്‍വേദ കോളജുകള്‍ക്കു വില്‍പ്പന നടത്തിയതെന്നു പരിയാരത്തെ ഓഫിസ് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഒരു മൃതദേഹത്തിനു 25,000 രൂപ ഈടാക്കുന്നുണ്ട്. 2005ല്‍ 15, 2006ല്‍ 13, 2007ല്‍ 24, 2008ല്‍ ഒന്‍പത്, 2009-10 കളില്‍ നാല് വീതവും മൃതദേഹങ്ങള്‍ വിറ്റിട്ടുണ്ട്.

മരണാനന്തരം വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ ശരീരം സ്വയം സംഭാവന ചെയ്യുന്നവരുടെ മൃതദേഹങ്ങള്‍ വരെ ഇങ്ങനെ വന്‍ വിലയ്ക്കു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വില്‍ക്കുന്നവയില്‍ ഉള്‍പ്പെടുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. നാലുവര്‍ഷമായി മുഴുവന്‍ പി.ജി സീറ്റും പരിയാരം ഭരണസമിതി ഇഷ്ടക്കാര്‍ക്കു വില്‍ക്കുകയായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ശവംപോലം വിറ്റഴിച്ച മറ്റൊരു കഥകൂടി പുറത്തുവരുന്നത്.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പി.ജി.കോഴ്‌സിന് 33 പേരാണ് ഇവിടെ പ്രവേശനം നേടിയത്. ഇതില്‍ സര്‍ക്കാരിന്റെ മെറിറ്റ് ലിസ്റ്റില്‍നിന്ന് പ്രവേശനം നേടിയതാകട്ടെ ഒരാള്‍ മാത്രം. കഴിഞ്ഞവര്‍ഷം പി.ജി.മെഡിസിന്‍ വിഭാഗത്തിലാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടന്നത്. അതിനുമുമ്പുള്ള എല്ലാവര്‍ഷവും നൂറുശതമാനം സീറ്റിലും മാനേജ്‌മെന്റ്തന്നെ പ്രവേശനംനടത്തി. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനംനേടുന്ന വിദ്യാര്‍ഥിയുടെ വാര്‍ഷിക ഫീസ് ശരാശരി 20 ലക്ഷമെന്ന് കണക്കാക്കിയാല്‍ പി.ജി., ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളില്‍നിന്നായി കോളേജ് മാനേജ്‌മെന്റ് നേടിയത് 29 കോടിയോളം രൂപയാണ്. സ്വാശ്രയ കോളേജിനെതിരായ സമരത്തിന് നേതൃത്വം കൊടുത്ത സി.പി.എം. നേതാക്കള്‍ പരിയാരം കോളേജിന്റെയും ഇടതുമുന്നണി സംസ്ഥാനത്തിന്റെയും ഭരണത്തിലിരിക്കുമ്പോഴാണ് മെറിറ്റ് സീറ്റുകള്‍ അട്ടിമറിക്കപ്പെട്ടത്. 2007 ല്‍ സി.എം.പിയുടെ നേതൃത്വത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയും നൂറുശതമാനം സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലാണ് പ്രവേശനം നല്‍കിയത്.

മെഡിസിന്‍, പീഡിയാട്രിക്‌സ്, സ്‌കിന്‍ വിഭാഗങ്ങളിലായാണ് പരിയാരത്ത് പി.ജി. ഡിഗ്രി ഡിപ്ലോമ കോഴ്‌സുകളുള്ളത്. കഴിഞ്ഞവര്‍ഷംവരെ 10 സീറ്റാണ് ആകെയുണ്ടായിരുന്നത്. ഈവര്‍ഷം 11 സീറ്റുകള്‍കൂടി അധികമായി പരിയാരത്തിന് ലഭിച്ചു. ഇതില്‍ 16 സീറ്റിലും മാനേജ്‌മെന്റ് സ്വന്തംനിലക്ക് പ്രവേശനംനടത്തിയതും അരക്കോടി ഫീസുള്ള എം.ബി.ബി.എസ് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ഡി.വൈ.എഫ്.ഐ. നേതാവിന്റെ മകള്‍ക്ക് പ്രവേശനം നല്‍കിയതുമാണ് സി.പി.എമ്മിന്റെയും ഭരണസമിതിയുടെയും നിലപാടുകള്‍ വിവാദമാകാന്‍ ഇടയാക്കിയത്. 2007 ല്‍ സി.എം.പിയുടെ നേതൃത്വത്തിലായിരുന്നു ഭരണസമിതി. ബാക്കി വര്‍ഷങ്ങളില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചത്. നിലവില്‍ പതിനൊന്ന് പി.ജി സീറ്റുകളാണുള്ളത്. ഇനി പത്ത് സീറ്റുകള്‍ കൂടി ലഭിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ പതിനാറ് സീറ്റും മാനേജ്മന്റിനാണ് ഭരണ സമിതി നിശ്ചയിച്ചിരിക്കുന്നത്. പരിയാരത്തെ കള്ളക്കളികള്‍ ആരും അറിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മാത്രമാണ് അഞ്ച് സീറ്റ് വിട്ടു നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു സീറ്റേ വിട്ടു നല്‍കിയുള്ളൂ.

അതിനിടെ പരിയാരത്തെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉ്ത്തരവിട്ടിട്ടുണ്ട്. അതിനിടെ 50 ലക്ഷം രൂപ മുടക്കി ഡിവൈഎഫ്‌ഐ നേതാവ് വി.വി. രമേശിന്റെ മകള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സീറ്റ് നേടിയതിനെത്തുടര്‍ന്നുണ്ടായ വിവാദം സംഘടനയെ വിടാതെ പിന്തുടരുകയാണ്. സ്വാശ്രയസമരത്തില്‍ പാര്‍ട്ടിയുടെ ധാര്‍മികത ഇതുവഴി ചോദ്യംചെയ്യപ്പെടുകയാണെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി എം.എ ബേബി ഇന്നലെ ഒരു ടി.വി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രമേശന്‍ മകളുടെ സീറ്റ് ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചെങ്കിലും സംഭവം ഡിവൈഎഫ്‌ഐയിലും എസ്എഫ്‌ഐയിലും വന്‍വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും ചുമതലയില്‍ നിന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെ നീക്കി പിബി അംഗം കോടിയേരി ബാലകൃഷ്ണനു ചുമതല നല്‍കിയതിനു പിന്നാലെയാണ് ഇ.പിയുടെ വലംകൈ ആയ രമേശന്‍ വിവാദത്തില്‍ അകപ്പെട്ടത്. ഇ.പി. ചുമതലയൊഴിഞ്ഞ സാഹചര്യത്തില്‍ രമേശനെതിരെ വൈകാതെ നടപടി ഉണ്ടാവുമെന്നാണു സൂചന.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കുന്നുണ്ട്. പരിയാരം വിവാദം പാര്‍ട്ടിയിലും ഇ.പിക്കെതിരെ ആയുധമാക്കാന്‍ ഇ.പി. വിരുദ്ധര്‍ ഒരുക്കം തുടങ്ങി. നേരത്തേ കോടിയേരിക്കായിരുന്നു സിപിഎമ്മിന്റെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളുടെ ചുമതല. കോടിയേരി ആഭ്യന്തര മന്ത്രിയായതോടെയാണ് അഞ്ചു വര്‍ഷം മുന്‍പു ചുമതല ഇ.പി. ജയരാജനു നല്‍കിയത്. സംഘടനകളുടെ ഭാരവാഹികളുടെ നിയമനത്തിലും പ്രവര്‍ത്തനത്തിലും ഇ.പി. ഏകപക്ഷീയമായി ഇടപെട്ടുവെന്ന പരാതികള്‍ വ്യാപകമായിരുന്നു. ഇ.പിയുടെ ഇഷ്ടക്കാര്‍ മാത്രം എസ്എഫ്‌ഐയില്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തുന്നുവെന്നു പരാതിയുണ്ടായി. ജയരാജന്റെ അനിഷ്ടത്തിനിരയായി സിന്ധു ജോയ് ഉള്‍പ്പെടെ പല മുന്‍നിര നേതാക്കളും ഒതുക്കപ്പെട്ടു. പുറത്തുപോയ പലരും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു രേഖാമൂലം തന്നെ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് എസ്എഫ്‌ഐ നിര്‍ജീവമായിരുന്നുവെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. എസ്എഫ്‌ഐ സമ്മേളനം രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമായി ചുരുക്കാനുള്ള ഇ.പിയുടെ നിര്‍ദേശം ക്യാംപസുകളില്‍ സംഘടനയെ തളര്‍ത്തിയെന്ന് ആരോപണമുണ്ടായിരുന്നു. അതു മൂലം, കോഴ്‌സ് കഴിഞ്ഞു ക്യാംപസ് വിട്ടവര്‍ തന്നെ ഭാരവാഹികളായി തുടരേണ്ട സ്ഥിതിയുണ്ടായി. ഡിവൈഎഫ്‌ഐയിലാവട്ടെ, സംസ്ഥാന പ്രസിഡന്റ് എം.ബി. രാജേഷ് ലോക്‌സഭയിലേക്കു മല്‍സരിച്ചു ജയിച്ചു രണ്ടു കൊല്ലം കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റിനെ നിയമിക്കാനായില്ല. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംസ്ഥാന പ്രസിഡന്റിനു സംസ്ഥാന കമ്മിറ്റിയില്‍ പോലും പങ്കെടുക്കാന്‍ കഴിയാതായി. സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ഫലത്തില്‍ സംഘടനയ്ക്കു മുഴുവന്‍ സമയ പ്രസിഡന്റോ സെക്രട്ടറിയോ ഇല്ലാത്ത സ്ഥിതിയാണ്.നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു സംസ്ഥാനത്തു രണ്ടു മേഖലാ ജാഥകള്‍ നടത്താന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചുവെങ്കിലും ഇ.പിയുടെ പച്ചക്കൊടി കിട്ടാതെ ജാഥകള്‍ മുടങ്ങിപ്പോയി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക നേതാക്കളും കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണപരമായ തിരക്കുകളിലായതിനാല്‍ യുവജന സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. വി.എസിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലും കണ്ണൂര്‍ ഘടകത്തിലുമുണ്ടായ പുതിയ ചേരിതിരിവുകളാണു ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും ചുമതലയില്‍ നിന്ന് ഇ.പി. ജയരാജന്‍ ഒഴിവാക്കപ്പെടാന്‍ കാരണമെന്നാണു സൂചന. , മന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ കോടിയേരിക്കു പഴയ ചുമതല തിരിച്ചു നല്‍കിയതാണെന്നാണു പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങളിലേക്കു റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടിയേരിയുടെ കീഴില്‍ ഇരുസംഘടനകളിലും അഴിച്ചുപണിക്കു നീക്കം തുടങ്ങിയിട്ടുണ്ട്