Random Posts

Tuesday, June 28, 2011

കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കരുത്: കെ.സി ജോസഫ്

> ഓണറേറിയം 3000 രൂപയായി വര്‍ധിപ്പിക്കുമെന്ന് മുനീര്‍
തിരുവനന്തപുരം: കുടുംബശ്രീയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവത്കരണവും പാടില്ലെന്ന് ആസൂത്രണ-ഗ്രാമവികസന മന്ത്രി കെ സി ജോസഫ്. കുടുംബശ്രീ കേരളത്തിന്റെ പൊതുസ്വത്താണെന്നും സര്‍ക്കാര്‍ ഇതിന് എല്ലാസഹായസഹകരണങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കുടുംബശ്രീ കേരളത്തിന്റെ ഗ്രാമങ്ങളില്‍ വ്യക്തമായ ഒരു ഇടം കണ്ടെത്തി കഴിഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാകുകയാണ് ഈ പ്രസ്ഥാനം. കുടുംബശ്രീക്ക് സര്‍ക്കാറിന്റെ പൂര്‍ണ്ണപിന്തുണയുണ്ടാകും. ഇക്കാര്യത്തിലുള്ള എല്ലാസംശയങ്ങളും അസ്ഥാനത്താണ്. രാഷ്ട്രീയ വത്കരണം പോലെയുള്ള അനഭിലഷണീയ പ്രവണതകള്‍ കുടുംബശ്രീക്ക് ഗുണകരമാകില്ല. സംസ്ഥാന ഭരണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇത്തരം സംരഭങ്ങളെ ദോഷകരമായി ബാധിക്കരുതെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ഗാര്‍മന്റ് കണ്‍സോര്‍ഷ്യത്തിന്റെ കാദംബരി ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും മന്ത്രി കെ.സി ജോസഫ് നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ ഓണറേറിയം 3000 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബാലപഞ്ചായത്ത് പ്രവര്‍ത്തന മാര്‍ഗരേഖ പുസ്തകം പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു. ആര്‍ക്കും നിഷേധിക്കാനാകാത്ത അനിഷേധ്യശക്തിയായി കുടുംബശ്രീ മാറി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സംഘനാദമായി മാറിയ കുടുംബശ്രീ സ്ത്രീശാക്തീകരണത്തില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ചതായി പട്ടികവര്‍ഗ-യുവജനക്ഷേമമന്ത്രി പി.കെ ജയലക്ഷ്മി പറഞ്ഞു. കുടുംബശ്രീ കാന്റീന്‍ യൂണിറ്റുകളുടെ പുതിയ ബ്രാന്‍ഡ്-കഫേകുടുംബശ്രീയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാരദ മുരളീധരന്‍ ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ തോമസ്, മാത്യു, രമണിരാജന്‍, ഓമനശിവന്‍, ഹരിപ്രിയദേവി എന്നിവര്‍ സംസാരിച്ചു.