തിരുവനന്തപുരം: വെറുമൊരു ഐടി പാര്‍ക്ക് എന്നതിനപ്പുറം ടൂറിസവും വ്യവസായവും ഐടിയും എല്ലാം കൂട്ടിക്കുഴച്ച ഒരു സ്മാര്‍ട്ട് സിറ്റിയാണ് കൊച്ചിയില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. ഐടി വ്യവസായത്തിനു പുറമെ മറ്റു സേവന മേഖലകളും ഉള്‍പ്പെടുന്ന വിവിധോദ്ദേശ പദ്ധതിയായി സ്മാര്‍ട്ട് സിറ്റി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം ഏറെക്കുറെ വിജയംകണ്ടിരിക്കുയാണ്. ഇന്നലെ ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡാണു പുതിയ പദ്ധതി അംഗീകരിച്ചത്. നേരത്തെ ടീകോമുമായി ഒപ്പുവച്ച കരാര്‍ പ്രകാരം ഐടി നിക്ഷേപങ്ങള്‍ മാത്രമെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നുള്ളൂ. ഇന്നലെ ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗം കിന്‍ഫ്രയില്‍ നിന്നും നാലേക്കര്‍ ഭൂമി കൂടി വിലയ്‌ക്കെടുത്തു 250 ഏക്കറില്‍ വിവിധോദ്ദേശ പദ്ധതിക്കുള്ള പ്രത്യേക സാമ്പത്തിക മേഖലാ പദവി നേടുന്നതിനാണു തീരുമാനിച്ചത്. 250 ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ കേന്ദ്ര പ്രത്യേക സാമ്പത്തിക മേഖലാ നയം അനുസരിച്ചു വിവിധോദ്ദേശ സേവന പദ്ധതിക്കുള്ള സാമ്പത്തിക മേഖലാ പദവി ലഭിക്കും. ഇതിനായാണു കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ മാര്‍ഗം സ്വീകരിക്കുന്നത്.
വിവിധോദ്ദേശ സേവന സെസ് പദവി ലഭിക്കുകയാണെങ്കില്‍ ബാങ്കിങ്, വിനോദങ്ങള്‍ക്കായുള്ള മള്‍ട്ടിപ്ലക്‌സുകള്‍, ഷോപ്പിങ്മാളുകള്‍, ടൂറിസം പദ്ധതികള്‍, ഹോട്ടല്‍ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, താമസിക്കുന്നതിനുള്ള ഫഌറ്റുകള്‍, വന്‍കിട ആശുപത്രികള്‍ തുടങ്ങിയവ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിര്‍മിക്കാം. പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി ഇവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ഇതിനു വേണ്ടിയാണു മുന്‍ സര്‍ക്കാര്‍ കേന്ദ്ര സെസ് നയത്തിനു പുറമെ ഏറ്റവും ഒടുവില്‍ പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥകള്‍ ഒഴിവാക്കിയത്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ വിവിധോദ്ദേശ പ്രത്യേക സാമ്പത്തിക മേഖലാ പദവിക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ഇടതു സര്‍ക്കാരിന്റെ അവസാനകാലത്തുള്‍പ്പെടുത്തിയ 70% സ്ഥലവും കെട്ടിടങ്ങളുടെ 70% സ്ഥലവും ഐടി വ്യവസായത്തിനുപയോഗിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.
ഈ വ്യവസ്ഥ നിലനിര്‍ത്തിയാല്‍ 30% സ്ഥലത്തും കെട്ടിടങ്ങളുടെ 30% സ്ഥലത്തും മാത്രമെ ഐടിയിതര വ്യവസായം നടത്താന്‍ കഴിയുകയുള്ളൂ. കേന്ദ്ര സെസ് നയത്തിനു പുറമെയാണു സംസ്ഥാന സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സെസ് നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സാമ്പത്തിക മേഖലയിലെ 50% സ്ഥലം മാത്രം വ്യവസായിക ആവശ്യത്തിനുപയോഗിച്ചാല്‍ മതിയാകുമെന്നു തീരുമാനിച്ചു. 50% സ്ഥലം ഇതര ആവശ്യത്തിനുപയോഗിക്കാം. ഇതിന്റെ പശ്ചാത്തലത്തിലാണു വിവിധോദ്ദേശ സേവന സാമ്പത്തിക മേഖലയായി അംഗീകാരം നേടാന്‍ തീരുമാനിച്ചത്. ഇതിനുപുറമെ സംസ്ഥാനത്തെ പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള പ്രദേശങ്ങളിലെല്ലാം 5050 എന്ന കേന്ദ്ര വ്യവസ്ഥ ഏര്‍പ്പെടുത്തി. സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ മാത്രം 70% സ്ഥലം ഐടി ആവശ്യത്തിനുപയോഗിക്കും. അതാകട്ടെ നിലവില്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി നേടിയ 146 ഏക്കര്‍ സ്ഥലത്തായിരിക്കും നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന 3.5ലക്ഷം ചതുരശ്രഅടി സ്ഥലത്തിനു മാത്രമാകും ഈ വ്യവസ്ഥ. ഇതിനു ശേഷം വിവിധോദ്ദേശ സേവന സെസ് പദവി ലഭിച്ച ശേഷം നിര്‍മിക്കുന്ന 88ലക്ഷം ചതുരശ്ര അടി സ്ഥലത്തെ 50% സ്ഥലം മാത്രമായിരിക്കും ഐടി ആവശ്യത്തിനുപയോഗിക്കുക. ഇതോടെ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന 250 ഏക്കറില്‍ 125 ഏക്കറില്‍ മാത്രമെ ഐടി പദ്ധതികളുണ്ടാകുകയുള്ളൂ.
അതിനിടെ പദ്ധതി സമയബന്ധിതമായി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരും ടീകോം പ്രതിനിധി സംഘവും ഇന്നലെ ധാരണയിലെത്തിയതോടെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനമായി. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്റെ പൂര്‍ത്തീകരണം, കൊച്ചിയിലെ പുല്ലേപ്പടി - തമ്മനം റോഡ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വരെ ദീര്‍ഘിപ്പിക്കല്‍, വൈറ്റില മൊബിലിറ്റി ഹബിന്റെ സമീപത്തു കൂടെയുള്ള കണിയാമ്പുഴ റോഡ് എരൂര്‍ വഴി നിര്‍ദിഷ്ട തമ്മനം-പുല്ലേപ്പടി-സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണു സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ടു നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രധാന റോഡ് വികസന പദ്ധതികള്‍. സ്മാര്‍ട് സിറ്റി പ്രദേശത്തു നിന്നുള്ള മന്ത്രിയായ കെ. ബാബുവിനാണ് അനുബന്ധ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. കൊച്ചിന്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റില്‍ കെ. ബാബുവിനെ പ്രത്യേക ക്ഷണിതാവാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ആലുവയില്‍ നിന്നു പേട്ട വരെ നിര്‍മിക്കുന്ന നിര്‍ദിഷ്ട മെട്രോ റയില്‍ തൃപ്പൂണിത്തുറ-ഇരുമ്പനം വഴി കാക്കനാട്ടേക്കു ദീര്‍ഘിപ്പിക്കാനാകുമോയെന്ന കാര്യം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഇരുവശവും ദീര്‍ഘിപ്പിക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടും. റോഡ് നെടുമ്പാശേരിയിലെത്തിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ധന സമാഹരണ നടപടികളും ആരംഭിച്ചു. റോഡ് ദീര്‍ഘിപ്പിക്കാനാവശ്യമായ സ്ഥലമെടുപ്പിനു നെടുമ്പാശേരി, ആലുവ, തൃക്കാക്കര നോര്‍ത്ത്, തിരുവാങ്കുളം വില്ലേജുകളില്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. റോഡിന്റെ തെക്കേ അറ്റം കൊച്ചി-മധുര ഹൈവേയില്‍ മുട്ടിക്കാനാണു തിരുവാങ്കുളത്തു സ്ഥലമെടുക്കുന്നത്. കൊച്ചിയില്‍ നിന്നു കാക്കനാട്ടേക്കു നിലവിലുള്ള സിവില്‍ ലൈന്‍ റോഡിനു സമാന്തരമായി കാക്കനാട്-എറണാകുളം പാതയാണു പുല്ലേപ്പടി തമ്മനം റോഡ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വരെ ദീര്‍ഘിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ട് എട്ടു വര്‍ഷമായി.
കൊച്ചി നഗരത്തില്‍ നിന്നു പുല്ലേപ്പടി വഴി തമ്മനത്ത് അവസാനിക്കുന്ന റോഡില്‍ നിന്നു ബൈപാസ് ക്രോസ് ചെയ്തു ചക്കരപ്പറമ്പ്, വെണ്ണല, പാലച്ചുവട്, കാളച്ചാല്‍, തുതിയൂര്‍ പ്രദേശങ്ങളിലൂടെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ചിറ്റേത്തുകരയില്‍ എത്തും വിധമാണു എറണാകുളം-കാക്കനാട് സമാന്തര റോഡ് വിഭാവന ചെയ്തിട്ടുള്ളത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു. കാളച്ചാല്‍ തോടിനു കുറുകെ പാലം നിര്‍മിക്കേണ്ട സ്ഥലത്തു മണ്ണു പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കാക്കനാട് ഐഎംജി ജംക്ഷനില്‍ നിന്നു സ്മാര്‍ട് സിറ്റി പരിസരത്തേക്കു നാലുവരിപ്പാത നിര്‍മിക്കാനുള്ള പദ്ധതിയും പുനരുജ്ജീവിപ്പിക്കും. നേരത്തെ പുറപ്പെടുവിച്ച സ്ഥലമെടുപ്പു വിജ്ഞാപനം റദ്ദായിട്ടും നാളുകളായി. ഈ രണ്ടു പാതകളും യാഥാര്‍ഥ്യമാകേണ്ടതു സ്മാര്‍ട് സിറ്റി പദ്ധതിയോടനുബന്ധിച്ച ഗതാഗത സൗകര്യ വികസനത്തിന്റെ മുഖ്യ വിഷയങ്ങളാണ്. ഐഎംജി ജംക്ഷനില്‍ നിന്നു തെങ്ങോട് വരെയാണ് ഇതിനായി ഭൂമി ഏറ്റെടുക്കേണ്ടത്. സര്‍വേയും കുറേ ഭാഗത്ത് അടയാളക്കല്ലിടലുമൊക്കെ പൂര്‍ത്തിയായിട്ടു വര്‍ഷങ്ങളായി. കരഭൂമിയും പാടശേഖരവും ഉള്‍പ്പെടെ 22 ഏക്കര്‍ സ്ഥലമാണ് ഈ റോഡിനായി വേണ്ടിവരുന്നത്. സ്ഥലമുടമകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിച്ചു സ്ഥലമെടുപ്പിനു വീണ്ടും നടപടിയെടുക്കാനാകും ശ്രമം.
വൈറ്റില ബസ് ടെര്‍മിനലിന് അരികിലൂടെയുള്ള കണിയാമ്പുഴ റോഡ് വികസിപ്പിക്കുകയും എരൂരില്‍ മേല്‍പാലം നിര്‍മിക്കുകയും ചെയ്താല്‍ എരൂര്‍-വെണ്ണല റോഡിലൂടെ നിര്‍ദിഷ്ട കാക്കനാട് റോഡുമായി ഈ റോഡിനെ ബന്ധിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മെട്രോ റയില്‍ പദ്ധതി പേട്ടയില്‍ നിന്നു തൃപ്പൂണിത്തുറ-ഇരുമ്പനം വഴി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശം വരെ നീട്ടാനാകുമോയെന്ന കാര്യം സാങ്കേതിക പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രൂപരേഖ ആയിക്കഴിഞ്ഞ ആലുവ മുതല്‍ പേട്ട വരെയുള്ള ഭാഗത്തു സ്ഥലമെടുപ്പു നടപടികള്‍ ഊര്‍ജിതമാക്കും. ഇതിനായി സ്‌പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലമെടുപ്പു യൂണിറ്റും ഓഫിസും വേണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തു കൂടി ഗെയിലിന്റെ പ്രകൃതി വാതക പൈപ്പ് ലൈന്‍ കടന്നു പോകുന്നതിനാല്‍ അവിടെ വൈദ്യുതി വകുപ്പുമായി ചില പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കാന്‍ ഗെയില്‍-വൈദ്യുതി ബോര്‍ഡ് അധികൃതരും ടീകോം, സര്‍ക്കാര്‍ പ്രതിനിധികളുമായി 25ന് 11 മണിക്കു ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. റോഡ് വികസന പദ്ധതികള്‍ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നതിനനുസരിച്ചു സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്







