കോഴിക്കോട്: ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ തേര്‍വാഴ്ച നഗരത്തെ യുദ്ധക്കളമാക്കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബസുകള്‍ക്കും നേരെ അക്രമമുണ്ടായി. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അണികള്‍ അഴിഞ്ഞാടിയത്.
പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന് ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു.പൊലീസിനെ അക്രമിക്കാന്‍ വടികളും കല്ലുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്. കമ്മിഷണര്‍ ഓഫിസിന് മുമ്പില്‍ വെച്ച് പൊലീസിനെതിരെ അക്രമം നടത്തിയ പ്രവര്‍ത്തകര്‍ ലാത്തിപിടിച്ചുവാങ്ങി ഒരു പൊലീസുകാരനെ നടുറോഡില്‍ വലിച്ചിഴക്കാനും ശ്രമിച്ചു. ബാങ്ക് റോഡ്-സി.എച്ച് ഫ്‌ളൈ ഓവര്‍ ജംഗ്ഷനിലെ ജയന്റെ ഉടമസ്ഥതയിലുള്ള ഹോട്ട് ആന്റ് കൂള്‍ എന്ന കടയും സമീപത്തെ ദേവന്‍സ് ഡിജിറ്റല്‍ സ്റ്റുഡിയോയും അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ അതുവഴി വന്ന വാഹനങ്ങളെയും വെറുതെവിട്ടില്ല. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വഴിയാത്രക്കാര്‍ പരക്കം പായുന്നത് കാണാമായിരുന്നു. വൈകീട്ട് 5.45 ന് തുടങ്ങിയ അക്രമം ഒരുമണിക്കൂറോളം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു.







