Random Posts

Sunday, June 26, 2011

പ്രിയതമനൊപ്പം ചേരാന്‍ ഇനി മെറിന്‍ തിടുക്കം കാട്ടില്ല...

തൊടുപുഴ: വിവാഹത്തിന്റെ ആദ്യമാസം തന്നെ പിരിഞ്ഞുജീവിക്കേണ്ടി വന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളിലൊരാള്‍ നിത്യനിദ്രയിലേക്ക് കടക്കുമ്പോള്‍ മറ്റേയാള്‍ കണ്ണീര്‍വാര്‍ക്കാന്‍ പോലുമാകാതെ തളര്‍ന്നുകിടക്കുകയാണ്. മൂലമറ്റം പവര്‍ഹൗസിലെ പൊട്ടിത്തെറിയില്‍ മരിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ കഴിഞ്ഞ മാസം 28 നാണ് വിവാഹിതയായത്. വനിതാ എന്‍ജിനീയര്‍മാരെ പരമാവധി ഒഴിവാക്കാറുള്ള ഭൂഗര്‍ഭ പവര്‍ഹൗസിലെ ജനറേറ്റര്‍ ഫ്ലോറില്‍ മെറിന്‍ എക്‌സ്ട്രാ ഡ്യൂട്ടിക്കെത്തിയതു തന്നെ ഭര്‍ത്താവിന്റെ സമീപത്തേക്കു പോകാനുള്ള തിടുക്കംമൂലമാണ്. അതാകട്ടെ ദമ്പതികളുടെ വേര്‍പിരിയലിനും കാരണമായി.

വിവാഹ ആല്‍ബവുമായി പിറ്റേന്ന് ഇടക്കുന്നത്തെ മാതാവിന്റെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു സാധാരണ കുടുംബത്തില്‍ പിറന്ന് കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കരസ്ഥമാക്കിയ മെറിന്‍.  ജനറേറ്റര്‍ ഓണ്‍ ചെയ്ത ശേഷം പാനല്‍ ബോര്‍ഡ് നിരീക്ഷിക്കുന്ന ഡ്യൂട്ടിയായിരുന്നു മെറിന്.റിസ്‌കി ഏരിയ എന്ന നിലക്ക് ഇവിടെ ഡ്യൂട്ടിക്കാരായിരുന്ന ആറ് വനിതാ എന്‍ജിനീയര്‍മാരെ കൂടിയ അപകട സാധ്യത കണക്കിലെടുത്ത് മാസങ്ങള്‍ക്ക് മുമ്പ് കൂട്ടത്തോടെ മാറ്റിയിരുന്നു. ആവശ്യത്തിന് പുരുഷ എന്‍ജിനീയര്‍മാരില്ലാതെ വന്ന സാഹചര്യത്തിലാണ് ഇവിടെ വീണ്ടും വനിതകളെ നിയോഗിച്ച് തുടങ്ങിയത്.
                                                                 മേയ് 28 നായിരുന്നു മെറിന്റെയും ബാങ്ക് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി കുറ്റിയാറ്റില്‍ റോയിയുടെയും വിവാഹം. ഭര്‍ത്താവ് തിരുവനന്തപുരത്തും മെറിന്‍ ഇടുക്കിയിലുമായതിനാല്‍ വളരെക്കുറച്ച് ദിവസം മാത്രമേ ഒരുമിച്ച് കഴിയാന്‍ സാധിക്കുന്നുള്ളൂവെന്നതിനാല്‍ പരമാവധി ഡ്യൂട്ടി എടുത്ത് ഒരുമിച്ച് ഓഫ് ഒപ്പിച്ച് ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാറായിരുന്നു പതിവ്. ശനിയാഴ്ച വൈകീട്ട് ഭര്‍ത്താവിന്റെ അടുത്തുനിന്ന് വീട്ടിലെത്തിയ മെറിന്‍ ഞായറാഴ്ച ഡ്യൂട്ടി ചെയ്ത് തിങ്കളാഴ്ച ഉച്ചക്ക് വീണ്ടും കയറിയപ്പോഴാണ് അപകടമുണ്ടായത്. പൂമാല സി.എസ്.ഐ പള്ളിയിലെ പാസ്റ്ററായ പിതാവ് ഐസക്കാണ് മകളെ ഞായറാഴ്ച പവര്‍ഹൗസില്‍ കൊണ്ടുചെന്നാക്കിയത്.

രാത്രി ഡ്യൂട്ടിക്കുള്ള യാത്ര മിക്കവാറും പൂമാലയിലെ 'മാമിക്കുട്ടി' എന്ന ഓട്ടോയിലാണ്. ഇത്തവണയും ഇത് തെറ്റിയില്ല. കൈയില്‍ ആല്‍ബം കരുതിയിരുന്നതും മൂലമറ്റത്തെ എ.ടി.എമ്മില്‍ കയറി പണമെടുത്തതും മാമിക്കുട്ടിയുടെ ഡ്രൈവര്‍ ഓര്‍ത്തെടുത്തു. മിടുക്കിയായിരുന്നു മെറിനെന്നും ഡ്യൂട്ടിയില്‍ കൃത്യത പുലര്‍ത്തിയിരുന്നെന്നും മെറിന്റെ സഹ്രപവര്‍ത്തകനായിരുന്ന അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എബ്രഹാം ദുഃഖത്തോടെ പറഞ്ഞു. അയല്‍ക്കാരി ശാന്തമ്മക്കും പറയാനുള്ളത് മെറിന്റെ സ്മാര്‍ട്ട്‌നസിനെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും തന്നെ. ചെറുപ്പം മുതല്‍ മെറിന്‍ പഠിത്തത്തില്‍ മുന്നിലായിരുന്നതും ജോലികള്‍ ഒന്നൊന്നായി തേടിയെത്തിയതും പറയുമ്പോള്‍ അമ്മാവന്‍ ജോര്‍ജിന് വാക്കുകള്‍ മുറിഞ്ഞു. പിതാവ് ഐസക്കിന് പാസ്റ്ററായി നിയമനം കിട്ടിയതോടെയാണ് മൂന്ന് വര്‍ഷം മുമ്പ് മെറിനും കുടുംബവും സ്വന്തം സ്ഥലമായ മേലുകാവില്‍ നിന്ന് പൂമാലയിലെത്തിയത്. ഇവിടെ പള്ളിക്ക് ചേര്‍ന്നുള്ള 'മിഷന്‍വീട്ടില്‍' താമസിക്കുന്ന ഐസക്കിന് സ്വന്തമായി വീടില്ല.തുച്ഛ വരുമാനം കൊണ്ട് കുട്ടികളെ പഠിപ്പിച്ചെടുക്കുകയായിരുന്നു.

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, റോഷി അഗസ്റ്റില്‍ എം.എല്‍.എ എന്നിവര്‍ പരേതയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

മെറിന്റെ അനുജത്തി ഗ്രീഷ്മക്കും ആറുമാസം മുമ്പ് വൈദ്യുതി ബോര്‍ഡില്‍ കാഷ്യറായി ജോലി ലഭിച്ചു. പാമ്പാടി രാജീവ്ഗാന്ധി എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി രണ്ടുവര്‍ഷത്തോളം ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി തൃശൂരിലും തൊടുപുഴയിലും ജോലി ചെയ്ത ശേഷമാണ് മെറിന്‍ കെ.എസ്.ഇ.ബിയില്‍ പ്രവേശിച്ചത്. ഒത്തിരി സ്വപ്നങ്ങളുമായാണു മെറിന്‍ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചത്. ദേവാലയ ഗായകസംഘത്തിലെ പ്രധാന പാട്ടുകാരിയായിരുന്ന മെറിന്‍ ഭക്തസംഘടനകളില്‍ പ്രവര്‍ത്തിക്കാനും ദാനധര്‍മത്തിനും സുവിശേഷപ്രഘോഷണത്തിനും സമയം കണ്ടെത്തിയിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. ആരോടും പിണക്കമില്ലാത്ത, പരിഭവമില്ലാത്ത പ്രകൃതം. ഏതുജോലി ചെയ്യാനും മടിയില്ലാതിരുന്ന മെറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കു വിതുമ്പല്‍ അടക്കാനാവുന്നില്ല. അസിസ്റ്റന്റ് എന്‍ജിനിയറായി വൈദ്യുതി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച മെറിന്‍, 2009 നവംബറിലാണു മൂലമറ്റത്ത് എത്തുന്നത്. ഇതിനുമുമ്പ് തൊടുപുഴ ബ്ലോക്കിലും തൃശൂര്‍ ബ്ലോക്കിലും താലൂക്ക് വ്യവസായ വികസന ഓഫീസറായി ജോലി ചെയ്തിരുന്നു. മേലുകാവിലാണു തറവാടു വീടെങ്കിലും അഞ്ചുവര്‍ഷമായി പൂമാല സെന്റ് പോള്‍സ് പള്ളിയോടുചേര്‍ന്നുള്ള കെട്ടിടത്തിലാണു മെറിന്റെ കുടുംബം താമസിക്കുന്നത്.

അപകടത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തിങ്കളാഴ്ച പ്രവേശിപ്പിക്കപ്പെട്ട മെറിന്‍ ശനിയാഴ്ച രാവിലെ 11.15 ഓടെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ പൂമാലയിലെ സി.എസ്.ഐ പള്ളിക്ക് സമീപത്തെ പാസ്റ്റര്‍ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്ന മൃതദേഹം ഇന്നു ഉച്ചക്ക് മേലുകാവ് വാളകം സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഞായറാഴ്ച രാവിലെ മൂലമറ്റം പവര്‍ഹൗസ് കോമ്പൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും മേലുകാവിലേക്ക് കൊണ്ടുപോകുക. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസില്‍ തിങ്കളാഴ്ച വൈകുന്നേരം 5.40 ഓടെയാണ് തീപിടിത്തമുണ്ടായത്. പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ കണ്‍ട്രോള്‍ പാനലില്‍ നിന്ന് തീ പടര്‍ന്ന് അനുബന്ധ സര്‍ജ് പ്രൊട്ടക്ടര്‍ ഭീകര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മെറിനും സബ് എന്‍ജിനീയര്‍ തിരുവനന്തപുരം കിളിമാനൂര്‍ ഇഞ്ചമൂല വെള്ളാതൂര്‍ സ്വദേശി കെ.എസ്. പ്രഭക്കുമാണ് (48) പൊള്ളലേറ്റത്.  ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രഭ അപകടനില തരണം ചെയ്തിട്ടില്ല.
ദുരന്തങ്ങളുടെ കുത്തൊഴുക്കില്‍ ഇടുക്കി വിറയ്ക്കുകയാണ്.. ഒന്നൊന്നായി അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പന്നിയാര്‍ പെന്‍സ്‌റ്റോക്ക് ദുരന്തവും തേക്കടിയില്‍ ബോട്ടു മുങ്ങിയുണ്ടായ അപകടവും പീരുമേടു ദുരന്തവും ജില്ലയെയും കേരളത്തെയും കണ്ണീരിലാഴ്ത്തി. ഇതിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനു മുന്‍പാണു മൂലമറ്റം പവര്‍ഹൗസില്‍ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ ഐസക്കിന്റെ മരണം. ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ദുരന്തനിവാരണ സേന പോലുമില്ലാതെ ഇടുക്കി ജില്ല മുങ്ങിത്താഴുകയാണ്.

മൂലമറ്റം പവര്‍ഹൗസില്‍ അപകടങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും ഒരാള്‍ മരിക്കുന്നത് ഇതാദ്യം. 1986 ഫെബ്രുവരി 16ന് ആണു പവര്‍ഹൗസില്‍ ആദ്യത്തെ അപകടമുണ്ടായത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആറാം ജനറേറ്റര്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അഗ്നിബാധ. വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെറിച്ചുവീണ് എണ്ണപുരണ്ട തുണിയും തടിയും കത്തി. വൈദ്യുതി ഉല്‍പാദനം മണിക്കൂറുകളോളം മുടങ്ങി. അപകടം നടക്കുമ്പോള്‍ നൂറോളം ജോലിക്കാരും സന്ദര്‍ശകരായി എത്തിയ മുന്നൂറോളം കുട്ടികളും പവര്‍ഹൗസില്‍ ഉണ്ടായിരുന്നു. തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇറക്ഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ ബോധരഹിതനായി. 1996 ഒക്‌ടോബര്‍ 22നു പവര്‍ഹൗസില്‍ സ്വിച്ച് യാര്‍ഡിലേക്കുള്ള ഇന്‍സ്ട്രുമെന്റ് ട്രാന്‍സ്‌ഫോമര്‍ പുലര്‍ച്ചെ പൊട്ടിത്തെറിച്ചു. 2002 മേയ് മൂന്നിന് ആറു ജനറേറ്ററുകളിലൊന്നിന്റെ കറന്റ് ട്രാന്‍സ്‌ഫോമര്‍ കത്തി. 2005 സെപ്റ്റംബര്‍ അഞ്ചിനു പവര്‍ഹൗസിനോട് അനുബന്ധിച്ചുള്ള സ്വിച്ച് യാര്‍ഡിലുണ്ടായ സ്‌ഫോടനത്തില്‍ കറന്റ് ട്രാന്‍സ്‌ഫോമര്‍ കത്തിനശിച്ചു.

ഏറ്റവും ഒടുവിലായി ജൂണ്‍ 20ന് ആണ് ഇവിടെ അപകടമുണ്ടായത്. വൈദ്യുതി ബോര്‍ഡിലെ എട്ടു ജീവനക്കാരുടെ ജീവന്‍ ഹോമിക്കപ്പെടുകയും ഒട്ടേറെ പ്രദേശവാസികളെ ദുരിതത്തിലാക്കുകയും ചെയ്ത പന്നിയാര്‍ പെന്‍സ്‌റ്റോക്ക് ദുരന്തത്തിനു നാലു വയസ്സ് തികയാന്‍ മൂന്നുമാസം ശേഷിക്കേയാണു മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായത്. 2007 സെപ്റ്റംബര്‍ 17ന് ആണു പെന്‍സ്‌റ്റോക്ക് ദുരന്തം. പന്നിയാര്‍ വാല്‍വ് ഹൗസില്‍ നിന്നു പവര്‍ഹൗസിലേക്കു വെള്ളം എത്തിച്ചിരുന്ന പെന്‍സ്‌റ്റോക്കുകളില്‍ ഒരെണ്ണം വൈകിട്ടു നാലരയോടെ പൊട്ടിയതോടെയാണു ദുരന്തത്തിനു തുടക്കം. കൊരട്ടി കരയാംപറമ്പില്‍ കെ.എല്‍. ജോസ്, വെള്ളത്തൂവല്‍ പുത്തന്‍പുരയ്ക്കല്‍ റെജി, തോക്കുപാറ മാക്കല്‍ ജോബി, ശല്യാംപാറ തൊണ്ടിനേത്ത് ഷിബു, പന്നിയാര്‍കുട്ടി കാനത്തില്‍ സണ്ണി, നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോണ്‍, കുറുപ്പംതറ സ്വദേശി ജിയോ സേവ്യര്‍, നാരകക്കാനം കൂട്ടുങ്കല്‍ ജയ്‌സണ്‍ സെബാസ്റ്റിയന്‍ എന്നിവരാണു ദുരന്തത്തില്‍ രക്തസാക്ഷികളായത്. ഇതില്‍ ജയ്‌സന്റെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.

പെന്‍സ്‌റ്റോക്ക് പൊട്ടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സമീപപ്രദേശത്തെ ഒട്ടേറെ വീടുകളും കൃഷികളും ഒലിച്ചുപോകുകയും പവര്‍ഹൗസിലേക്കു വെള്ളം ഇരച്ചുകയറി വൈദ്യുതി ഉല്‍പാദനം നിലയ്ക്കുകയും പവര്‍ഹൗസ് നാശത്തിലാകുകയും ചെയ്തു. പന്നിയാര്‍ ദുരന്തത്തിന്റെ അലയൊലികള്‍ അടങ്ങുംമുന്‍പു തേക്കടി തടാകത്തില്‍ 2009 സെപ്റ്റംബര്‍ 30നു ജലകന്യക ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ ദുരന്തമുണ്ടായി. 45 പേരാണ് അന്നു മരിച്ചത്. 2010 ജനുവരി 14നു പുല്ലുമേടിലുണ്ടായ ദുരന്തത്തില്‍ 102 പേര്‍ മരിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ജില്ലയില്‍ പതിവാണ്. അനവധി പേരാണ് ഉരുള്‍പൊട്ടലില്‍ ഓരോ വര്‍ഷവും മരിക്കുന്നത്. പൂച്ചപ്രയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചതു കഴിഞ്ഞ വര്‍ഷമായിരുന്നു. വാഹന അപകടങ്ങളും തുടര്‍ക്കഥ. കുണ്ടള ഡാമില്‍ വിനോദയാത്രയ്ക്കായി കഴിഞ്ഞ വര്‍ഷം എത്തിയ സംഘത്തില്‍പ്പെട്ട അഞ്ചുപേരാണു കഴിഞ്ഞ ഓഗസ്റ്റില്‍ മരിച്ചത്.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കരുതല്‍ മാര്‍ഗം സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇപ്പോഴും ഒരുക്കമല്ലെന്ന വസ്തുതയാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. അപകടസ്ഥലത്തു ഫയര്‍ഫോഴ്‌സ് വാഹനമെത്തണമെങ്കില്‍ കഷ്ടപ്പെടണമെന്ന സ്ഥിതിയാണ്. ദുരന്തങ്ങള്‍ തടയുന്നതിനു സേന രൂപീകരിക്കണമെന്നും ഇടുക്കിയില്‍ സ്ഥിരമായി സേന നിലനിര്‍ത്തണമെന്നുള്ള ആവശ്യങ്ങള്‍ ഇപ്പോഴും കടലാസിലാണ്. മൂലമറ്റം പവര്‍ഹൗസിലുണ്ടായ അപകടം മുന്‍നിര്‍ത്തി കരുതല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യമായ നടപടി എടുത്തില്ലെങ്കില്‍ ദുരന്തകേന്ദ്രമെന്ന പേര് ഇടുക്കി ജില്ലയില്‍ മാറ്റമില്ലാതെ തുടരും