കൊച്ചി: മലയാളിയെ ചിരിപ്പിച്ച് പോക്കറ്റ് വീര്‍പ്പിക്കാന്‍ മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് തയ്യാറെടുക്കുന്നു. മര്‍ഡോക്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ്് മലയാളികളെ മാത്രം ചിരിപ്പിക്കാനായി ഒരു ചാനല്‍ തുടങ്ങുകയാണ്. പുതിയ ചാനലിന്റെ പേരില്‍ത്തന്നെയുണ്ട് ചാനലിന്റെ ലക്ഷ്യം.' ചിരി' എന്നാണ് പുതിയ ചാനലിനു പേരിട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ വിജയകരമായി മുന്നേറുന്ന തമാശചാനലുകളുടെ മാതൃകയില്‍ 24 മണിക്കൂറും മലയാളിയെ ചിരിപ്പിക്കാനായിരിക്കും ചിരി ചാനലിന്റെ ലക്ഷ്യം. തമാശപരിപാടികള്‍ക്ക് എല്ലാ ചാനലിലും ലഭിക്കുന്ന പ്രേക്ഷകരെ ഒന്നിച്ചുവിഴുങ്ങുക എന്നതാണ് മര്‍ഡോക്കിന്റെ പദ്ധതി. ഏഷ്യാനെറ്റ് പ്ലസില്‍ സംപ്രേഷണം ചെയ്തുവരുന്ന ചിരിക്കും തളിക', പോലുള്ള പരിപാടികള്‍ക്ക് കൂടുതല്‍ സമയം നീക്കിവെക്കുന്നതായിരിക്കും ചിരി'.
ഏഷ്യാനെറ്റിന് വലിയ പരസ്യവരുമാനം നല്‍കുന്ന പരിപാടിയാണ് ചിരിക്കുംതളിക. ചാനലിന്റെ ചീഫ് എക്‌സിക്യുട്ടീവായി സ്ഥാനമേറ്റയുടനെ ജോണ്‍ ബ്രിട്ടാസിനു ലഭിച്ച ദ്യത്യങ്ങളില്‍ ഒന്ന് ചിരി' ചാനല്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതായിരുന്നു. ഇതിനായി ബ്രിട്ടാസ് ഡല്‍ഹി സന്ദര്‍ശനംവരെ നടത്തികഴിഞ്ഞു. മലയാളത്തില്‍ ഇപ്പോള്‍ മുഴുവന്‍സമയ കോമഡി ചാനല്‍ ഇല്ല. സൂര്യ ടി.വി. ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ ആലോചിച്ചിരുന്നെങ്കിലും അതുപേക്ഷിച്ച് അവര്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്കിന്റെ മാതൃകയില്‍ കൊച്ചു ടി.വി'യിലേക്ക് ശ്രദ്ധതിരിക്കുകയായിരുന്നു. കുട്ടികള്‍ക്കുവേണ്ടിയുള്ള മുഴുവന്‍സമയചാനലാണ് കൊച്ചു ടി.വി. ദക്ഷിണേന്ത്യയില്‍ ആദ്യമായി കോമഡി ചാനല്‍ തുടങ്ങിയത് സണ്‍ ഗ്രൂപ്പാണ്. ആദിത്യ' എന്നു പേരുള്ള ആ തമിഴ് ചാനലില്‍ സിനിമകളില്‍ നിന്നുള്ള കോമഡി രംഗങ്ങളും ഹാസനടീനടന്മാരുമായുള്ള ഇന്റര്‍വ്യൂകളും മറ്റ് കോമഡി പ്രോഗ്രാമുകളുമൊക്കെയാണ് തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുവരുന്നത്.
തൊട്ടുപിറകെ കലൈഞ്ജര്‍ ടി.വി. സിരിപ്പൊളി എന്നൊരു ചാനലും അവതരിപ്പിച്ചു. ഇതിലും മുഴുവന്‍ സമയവും കോമഡി പരിപാടികള്‍ മാത്രമാണുള്ളത്. ചിരി വരുന്നതോടെ മറ്റു ചാനലുകളും കോമഡി ചാനലുകളുമായി രംഗത്തുവന്നേക്കാം. മറ്റു ചാനലുകളെ അപേക്ഷിച്ച് കോമഡി ചാനലുകള്‍ക്ക് ചെലവു കുറവാണെന്നതാണ് കാരണം. പ്രേക്ഷകര്‍ കൂടുതലുണ്ടാവുമെന്നതും പരസ്യവരുമാനം വലുതായിരിക്കുമെന്നതും ഉടമസ്ഥര്‍ക്ക് നേട്ടവുമാവും. മാതൃഭൂമി, കേരള കൗമുദി, മാധ്യമം എന്നീ പത്രസ്ഥാപനങ്ങളുടെ ചാനലുകള്‍, കെ. മുരളീധരന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ചാനലുകള്‍, മലയാള മനോരമയുടെ എന്റര്‍ടൈന്‍മെന്റ് ചാനല്‍, സൂര്യയുടെ കൊച്ചു ടി.വി എന്നിങ്ങനെ കുറേയെണ്ണം മലയാളി പ്രേക്ഷകര്‍ക്കായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനിടെയിലാണ് ചിരിപ്പിക്കാനായി ഒരു ചാനല്‍കൂടി കടന്നുവരുന്നത്.
അതേസമയം ഇതിനുള്ള അനുമതി ഉള്‍പ്പെടെ നേടിയെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വന്‍സമ്മര്‍ദ്ദം വേണ്ടിവന്േക്കും. രാജ്യവ്യാപകമായി ടിവി ചാനലുകളുടെ പേരിലുള്ള വന്‍ തട്ടിപ്പിനു കളമൊരുങ്ങുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിനു ലഭിച്ച സൂചനകള്‍ പ്രകാരം ചാനല്‍ ലൈസന്‍സിംഗ് ശ്രദ്ധിച്ചു നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പുതിയ ചാനലുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം(എംഐബി) വേഗത കൂട്ടിയിരിക്കുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ ശുപാര്‍ശകള്‍ പരിഗണിച്ചു തയ്യാറാക്കിയ കര്‍ശന നിബന്ധനകള്‍ ഉടന്‍ നടപ്പാക്കാനാണ് ആലോചന. കേരളത്തിലും പുതുതായി നിരവധി ചാനലുകള്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചു നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതില്‍ എത്രയെണ്ണത്തിനു പിന്നില്‍ വിശ്വാസ്യതയുള്ള നിക്ഷേപകരുണ്ടെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളു എന്നാണ് എംഐബിയുടെ വിലയിരുത്തല്‍. ആഭ്യന്തര മന്ത്രാലയം നല്‍കിയ ചില സൂചനകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇത്.
തിരുവനന്തപുരം ആസ്ഥാനമായി കുറച്ചുകാലം പ്രവര്‍ത്തിക്കുകയും പിന്നീട് നിര്‍ത്തുകയും ചെയ്ത ഭാരത് ടിവിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ചേര്‍ന്ന് പുതുതായി ആരംഭിക്കുമെന്നു പ്രഖ്യാപിച്ച ചാനലിനെക്കുറിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. മാധ്യമ രംഗവുമായി യാതൊരു ബന്ധവുമില്ലാത്തവരാണു പുതിയ ചാനല്‍ നീക്കത്തിനു പിന്നില്‍. ഇവര്‍ തലസ്ഥാനത്ത് ഓഫീസും തുടങ്ങിയിട്ടുണ്ട്. ഭാരത് ടിവിയുടെ പേരില്‍ നടത്തിയതിനു സമാനമായി വന്‍തോതിലുള്ള പണപ്പിരിവാണു നടക്കുന്നത്. കേരളത്തിലെ മാധ്യമ ചരിത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ടര്‍മാരെ നിയമിക്കുന്നതിനു പോലും ഭാരത് ടിവി മാനേജ്‌മെന്റ് പണം വാങ്ങിയിരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ മാത്രം മുപ്പതോളം കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. ഇവര്‍ തുടങ്ങുന്ന പുതിയ ചാനലിന്റെ തലപ്പത്ത് പേരുവെച്ചിരിക്കുന്നവരില്‍ ഒരാള്‍ മുമ്പ് സ്വകാര്യ ചാനലില്‍ അഡ്മിനിസ്‌ട്രേഷന്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചയാളാണ്. അതിനു ശേഷം ഒരേ സമയം ഇദ്ദേഹം രണ്ടു ചാനലുകളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചതായി വിവരം ലഭിച്ചിട്ടുമുണ്ട്.
ചെന്നൈ ആസ്ഥാനമായ രാജ് ടിവിയുടെ മലയാളം എഡിഷന്‍ തുടങ്ങാന്‍ രൂപീകരിച്ച കമ്പനിയുടെ എംഡിയായാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ആ കമ്പനി പിരിച്ചുവിട്ട് പുതിയ കമ്പനി രൂപീകരിച്ചതിനെച്ചൊല്ലിയും സാമ്പത്തിക വിവാദമുണ്ട്. ഇദ്ദേഹവും സംസ്ഥാനജലവിഭവ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനുമാണ് വിവാദത്തിന്റെ കേന്ദ്ര ബിന്ദു. സാമ്പത്തിക ഭദ്രതയോടെയല്ല ചാനലുകള്‍ തുടങ്ങാന്‍ പലരും തുനിഞ്ഞിറങ്ങുന്നതെന്നതിലെ ആശങ്കയാണ് എംഐബിയുടെ കര്‍ശന നിയന്ത്രണ നീക്കങ്ങള്‍ക്കു പിന്നില്‍. ഉയര്‍ന്ന സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തും. ചാനല്‍ പ്രമോട്ടര്‍മാരാകുന്നതിനുള്ള നിബന്ധനകള്‍ കര്‍ക്കശമാകും. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംപ്രേഷണാനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസുള്‍പ്പെടെ ഇന്ത്യയില്‍ കുറവാണ്. അഞ്ചുവര്‍ഷത്തേക്കുള്ള അനുമതിക്ക് വേണ്ടിവരുന്നത് അഞ്ചുലക്ഷം രൂപ മാത്രമാണ്. ഈ സ്ഥിതി മാറും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചാനലുകളുടെ പരസ്യ വരുമാനത്തില്‍ കുറവു വരുകയും വരിസംഖ്യാ വരുമാനത്തില്‍പോലും ഇടിവുണ്ടാവുകയും ചെയ്തിട്ടും പുതിയ ചാനലുകള്‍ക്കുള്ള അപേക്ഷകളില്‍ വന്‍ വര്‍ധനവുണ്ടാകുന്നതും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 444 പുതിയ ചാനലുകള്‍ക്കാണ് ദേശീയതലത്തില്‍ അനുമതി നല്‍കിയത്. 2010ല്‍ മാത്രം ഇത് 100ല്‍പരമാണ്. 2008ല്‍ 152 ചാനലുകള്‍ക്ക് നല്‍കിയ അനുമതിയാണ് കഴിഞ്ഞ പതിറ്റാണ്ടിലെ റെക്കോഡ്. 2000 മുതല്‍ 2005 വരെയുള്ളതിനേക്കാള്‍ 229 ശതമനം അധികമാണ് പുതുതായി കഴിഞ്ഞ അഞ്ചു വര്‍ഷം അനുമതി നേടിയവയുടെ എണ്ണമെന്ന് എംഐബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടു മാസം മാത്രം 39 ചാനലുകള്‍ക്കാണ് എംഐബി അനുമതി നല്‍കിയത്. സ്റ്റാര്‍ ഇന്ത്യ, ഇഎസ്പിഎന്‍, സണ്‍ നെറ്റ്‌വര്‍ക്ക് എന്നീ പ്രമുഖ ഗ്രൂപ്പുകളുടെ പുതിയ ചാനലുകളും ഇതില്‍പെടും. കേരളത്തിലും നിരവധി ചാനലുകളാണ് സംപ്രേഷണത്തിനായി അണയറനീക്കം നടത്തുന്നത്. 19 ടെലിവിഷന്‍ ചാനലുകള്‍ നിലവില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന കേരളത്തില്‍ ഈ വര്‍ഷം 15 ചാനലുകള്‍കൂടി പിറക്കുമെന്നാണ് സൂചന. അതോടെ ചാനല്‍രംഗത്ത് കിടമത്‌സരവും ഏറ്റുമുട്ടലുകളും രൂക്ഷമാകും. പുതിയ ചാനലുകളില്‍ മിക്കവയുടെയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യമെത്തുന്നത് വിദേശമലയാളികളുടെ കൂട്ടായ്മയില്‍ നിന്നു പിറക്കുന്ന സീ' ചാനലായിരിക്കുമെന്നാണ് സൂചന. തുടര്‍ന്ന് ഡിസംബറിനു മുമ്പ് 12 ചാനലുകള്‍കൂടി കേരളത്തിന്റെ സ്വീകരണമുറികളിലെത്തും. ഇവയില്‍ തമിഴ് ചാനലുകളുടെ മലയാളം പതിപ്പുകളും ഉള്‍പ്പെടുന്നു.
മലയാള മനോരമയാണ് പുതിയ ചാനലുകള്‍ തുടങ്ങുന്നവരില്‍ പ്രമുഖര്‍. യുവാക്കള്‍ക്കുവേണ്ടി യുവ എന്ന ചാനലും എന്റര്‍ടെയ്ന്‍മെന്റ് ചാനലായ മനോരമവിഷനുമാണ് മനോരമയുടേതായി 2010 ലെത്തുന്നത്. ഇപ്പോള്‍ സൂര്യ'യുടെ ഉടമസ്ഥതയുള്ള സണ്‍ ടി.വി നെറ്റ് വര്‍ക്കിന്റെ പുതിയ മലയാളം ചാനലും ഈ വര്‍ഷം ആരംഭിക്കും. തമിഴിലെ മറ്റൊരു ചാനലായ രാജ് ടി.വിയുടെ രണ്ട് ചാനലുകളാണ് മലയാളത്തില്‍ തുടങ്ങുന്നത് രാജ് മ്യൂസിക്കും രാജ് ടി.വി ന്യൂസും. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള മലയാളം ചാനല്‍ ജനപ്രിയ'യും ഈ വര്‍ഷം എത്തുന്നുണ്ട്. ജനപ്രിയയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളകൗമുദി ദിനപത്രമാണ് ചാനല്‍ തുടങ്ങുന്ന മറ്റൊരു കമ്പനി. മംഗളം, മാതൃഭൂമി ദിനപത്രങ്ങളും ഈ വര്‍ഷം ചാനല്‍ തുടങ്ങാനുള്ള തീരുമാനമെടുത്തുകഴിഞ്ഞു.
കൂടാതെ മലബാര്‍ കേന്ദ്രീകരിച്ച് ഗള്‍ഫ് മലയാളികള്‍ തുടങ്ങുന്ന ദര്‍ശന ടി.വി' ചാനല്‍, ഇംഗ്ലീഷ് ഹിന്ദി ചാനലായ സീ ടി.വിയുടെ മലയാളം ചാനല്‍ എന്നിവയും ഉടനെയുണ്ടാകും. ഗള്‍ഫില്‍ ഇപ്പോള്‍ സംപ്രേഷണം നടത്തുന്ന എന്‍.ടി.വി' കേരളത്തില്‍ ആരംഭിക്കാന്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്. സണ്‍ ടി.വിയുടെ ഡിഷ് ആന്റിനയില്‍നിന്നു മാത്രം ലഭ്യമാകുന്ന കൊച്ചു ടി.വി' എന്ന മലയാളം ചാനലും 2011 ല്‍ പിറക്കും. ലൈസന്‍സ് ലഭിക്കാതെ ടെലികാസ്റ്റ് തുടങ്ങിയതിന്റെ പേരില്‍ നിര്‍ത്തലാക്കപ്പെട്ട മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ (എം.ഇ.ടി), ഭാരത് ടി.വി എന്നിവ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തയുണ്ട്. അങ്ങനെ നാല്പതോളം ചാനലുകള്‍ കേരളത്തില്‍ യുദ്ധപ്രതീതി സൃഷ്ടിക്കുമെന്നുറപ്പായി. ചാനല്‍ മൈക്കുകളുടെ പ്രളയമായിരിക്കും, 2011 ല്‍ കേരളത്തില്‍







