Random Posts

Saturday, June 25, 2011

ജനപ്രിയനേതാവിന് ജനസഹസ്രങ്ങളുടെ യാത്രാമൊഴി


കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. എ സുജനപാലിന് ജനസഹ്രസങ്ങളുടെ യാത്രാമൊഴി. ഭൗതികശരീരം  ഉച്ചയ്ക്ക് ഒരു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മാശനത്തില്‍ സംസ്‌കരിച്ചു. 
മകന്‍ മനുഗോപാല്‍ ചിതയ്ക്ക് തീ കൊളുത്തി. എസ് കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോചാരം അര്‍പ്പിച്ചു. രാഷ്ട്രീയജീവിതത്തിനൊപ്പം സാംസ്‌കാരിക-സാമൂഹിക രംഗത്തും സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയെ അവസാനമായി ഒരു നോക്കുകാണാന്‍ പതിനായിരങ്ങളാണ് എസ് കെ ഹാള്‍, ഡി സി സി, ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലേക്കായി ഒഴുകിയെത്തിയത്. രാവിലെ ഒമ്പതരയോടെ പൊറ്റമ്മലിലെ ഗോപാലപുരം വസതിയില്‍ നിന്ന് പുതിയറ എസ് കെ സാംസ്‌കാരിക നിലയത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനായി എത്തിച്ച ശേഷം അവിടെ നിന്നും പത്തരയോടെ ഭൗതികശരീരം ഡി സി സി ഓഫിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഡി സി സി ഓഫിസില്‍ നിന്നും പതിനൊന്നരയോടെ ടൗണ്‍ഹാളില്‍ എത്തിച്ച ഭൗതികശരീരം 12.10 വരെ അവിടെ പൊതുദര്‍ശനത്തിനായി വെച്ചു. തുടര്‍ന്ന് ഭൗതികശരീരം വഹിച്ച വാഹനം വിലാപയാത്രയായി മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് നീങ്ങി. ചിതയ്ക്ക് തീ കൊളുത്തുന്നതിന് തൊട്ടുമുമ്പ് വരെയും ജനപ്രിയ നേതാവിന്റെ മുഖം അവസാനമായി ദര്‍ശിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
  കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, എം പിമാരായ ജെ പി സി ചെയര്‍മാന്‍ പി സി ചാക്കോ, എം കെ രാഘവന്‍, എം ഐ ഷാനവാസ്, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി സി സി മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപ്പിള്ള, സി വി പത്മരാജന്‍,  മേയര്‍ പ്രഫ. എ കെ പ്രേമജം, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ഭാരവാഹികളായ അഡ്വ. പി ശങ്കരന്‍, യു കെ ഭാസി, സതീശന്‍ പാച്ചേനി, എന്‍ സുബ്രഹ്മണ്യന്‍, വി വി പ്രകാശ്, ലതികാ സുഭാഷ്, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. എം വീരാന്‍കുട്ടി, മുന്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സിറിയക് ജോണ്‍, എം കമലം, കെ പി നൂറുദ്ദീന്‍, എം ടി പത്മ, പി കെ കെ ബാവ, കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, അക്ബര്‍ കക്കട്ടില്‍, പി വത്സല, നടന്‍ മാമുക്കോയ, സംവിധായകന്‍ വി എം വിനു, എം എന്‍ കാരശ്ശേരി, പി എം എ സലാം, കോണ്‍ഗ്രസ് നേതാക്കളായ എന്‍ പി മൊയ്തീന്‍, പി വി ഗംഗാധരന്‍, പി ജെ പൗലോസ്, എ ബാലറാം, പി എം സുരേഷ്ബാബു, കെ രാമചന്ദ്രന്‍മാസ്റ്റര്‍, അഡ്വ. ടി സിദ്ദിഖ്, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍, എ ഡി എം ഇ ജെ ഡേവിഡ്, മുന്‍മേയര്‍മാരായ എം ഭാസ്‌കരന്‍, സി ജെ റോബിന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടി എ ഡി എം ഡേവിഡും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഡി സി സി പ്രസിഡന്റ് കെ സി അബുവും നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് വേണ്ടി അഡ്വ. പി എം നിയാസും കേന്ദ്രഊര്‍ജ്ജ സഹമന്ത്രി കെ സി വേണുഗോപാലിന് വേണ്ടി എന്‍ കെ അബ്ദുറഹിമാനും പുഷ്പ ചക്രം സമര്‍പ്പിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു