തിരുവനന്തപുരം: കേരളാ ഹൈക്കോടതി ഇന്ത്യന്‍ ജൂഡീഷ്യറിക്ക് തന്നെ അപമാനമാണെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി ബിജു. മെഡിക്കല്‍ ഫീസ് സംബന്ധിച്ച കേസില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്കെതിരായ ഹൈക്കോടതി ഉത്തരവിനെക്കുറിച്ചായിരുന്നു ബിജുവിന്റെ ഈ പരാമര്‍ശം. സ്വാശ്രയ വിഷയത്തില്‍ എസ് എഫ് ഐ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു ബിജു. പണത്തിനും സഭയ്ക്കും മീതെ ജഡ്ജിമാര്‍ പറക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഗാന്ധിത്തലയുള്ള നോട്ട് കെട്ടുകള്‍ മുന്നില്‍ വച്ചാല്‍ കോടതിയില്‍ എന്തും നടക്കുമെന്നും ബിജു പറഞ്ഞു. സ്വാശ്രയവിഷയത്തില്‍ മന്ത്രി കെ എം മാണി ഇടപെട്ടത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് വേണ്ടിയാണെന്നും ബിജു ആരോപിച്ചു. വര്‍ഗീയ ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ് കെ എം മാണി, പി കെ അബ്ദുറബ്ബ് എന്നീ മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും ബിജു പറഞ്ഞു. സ്വാശ്രയ പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐ കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ഡി ഡി എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പൊലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് കുതിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഡി ഡി എ ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ന്റെ ജനല്‍ച്ചില്ലുകള്‍ പ്രവര്‍ത്തകരുടെ കല്ലേറില്‍ തകര്‍ന്നു. ഒരു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹൈക്കോടതി ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്ന് പറഞ്ഞ് പുലിവാലു പിടിച്ച പി.ബിജുവിന്റെ നേതാവ് എം.വി ജയരാജന്റെ മുഖമൊന്നും പ്രസംഗത്തിന്റെ തിരക്കില്‍ ബിജു ഓര്‍ത്തുകാണില്ല. ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്ന് പൊതുവേദിയില്‍ വിളിച്ചുപറഞ്ഞ ജയരാജന്റെ നടപടി കോടതിയെ അപമാനിക്കല്‍ തന്നെയെന്ന് കേരള ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണ് പറഞ്ഞത്. പരാമര്‍ശത്തിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് നേരിടുന്ന ജയരാജന് ഈ മാസം ആദ്യം കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിച്ചിരുന്നു. ശുംഭന്‍ പ്രയോഗവും കോടതിവിധിക്ക് പുല്ലുവില എന്ന പ്രയോഗവും കോടതിയുടെ കടുത്ത വിമര്‍ശനത്തിന് കാരണമായി. ശിക്ഷ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലും തന്റെ നിലപാടില്‍ നിന്ന് മാറാന്‍ ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല.
കുറ്റം നിഷേധിക്കുന്നുവെന്നും മൗലിക അവകാശം ലംഘിക്കുന്നതിനെതിരെ പൊരുതി മരിക്കാന്‍ തയാറാണെന്ന നിലപാടാണ് ജയരാജന്‍ കോടതിയില്‍ സ്വീകരിച്ചത്. കുറ്റപത്രം നല്‍കുന്നത് നീട്ടിവെക്കണമെന്ന അപക്ഷേ കോടതി നിരസിച്ചു. ജയരാജന്‍ കോടതി നടപടികളെ ബഹുമാനിക്കണമെന്ന് ജഡ്ജിമാര്‍ ഓര്‍മ്മിപ്പിച്ചു. വിധിന്യായങ്ങളെ വിമര്‍ശിക്കാനുള്ള അധികാരം ഓരോ പൗരനുമുണ്ട്. എന്നാല്‍ കോടതിയെ സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് ജയരാജന്‍ ശ്രമിച്ചത് എന്ന് ജസ്റ്റിസ്മാരായ എ.കെ ബഷീര്‍, എ.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. തന്റെ വാദം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയില്ലെന്ന് ജയരാജന്‍ പരാതി പറയേണ്ടത് പത്രമാധ്യമങ്ങളുടെ മുമ്പിലല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.എന്നാല്‍ തന്റെ ഭാഗം കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്ന് ഹൈക്കോടതി നടപടിക്ക് ശേഷം പുറത്തുവന്ന ജയരാജന്‍ പറഞ്ഞിരുന്നു. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് പാതയോരത്ത് പൊതുയോഗം നിരോധിച്ച വിധിക്കെതിരെ താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
വഴിയോര യോഗ നിരോധത്തിനെതിരായി ജയരാജന്‍ നടത്തിയ 'ശുംഭന്‍മാര്‍' എന്ന പ്രയോഗമാണ് വിവാദമായത്. പ്രസംഗത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയാരംഭിക്കുകയായിരുന്നു. പാതയോരത്തെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച കോടതി വിധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതി നിര്‍ദേശത്തിന് ശേഷവും എം.വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
ഏതായാലും രണ്ടുപേര്‍ക്കും കൂടി ഇനി കോടതിയില്‍ കേസുമായി കയറിയിറങ്ങാമോയെന്ന സംശയമാണ് മലയാളികള്‍ക്ക് ഇപ്പോള്‍. ജഡ്ജിമാര്‍ ഉണ്ണാമന്മാരാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് സ്വരാജും ജഡ്ജിമാരുടെ വീട്ടുമുറ്റത്ത് പൊതുയോഗം നടത്തുമെന്ന് എസ്.ഐഫ്.ഐ പ്രസിഡന്റ് കെ.വി സുമേഷും പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു തൊട്ടുപിന്നാലെയാണ് ജയരാജനും ഇപ്പോള്‍ ബിജുവും രംഗത്തെത്തിയിരിക്കുന്നത്. എല്ലാറ്റിനും കാരണം റോഡിന്റെ വശങ്ങളിലെ അടയാളത്തിനുള്ളില്‍ അതിക്രമിച്ചുകയറി പൊതുയോഗം നടത്തുന്നത് ശരിയല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലാണെന്നത് മറ്റൊരു വസ്തുത. ആലുവ നഗരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗം മൂലമുണ്ടാകുന്ന അസൗകര്യം ചൂണ്ടിക്കാട്ടി ബസ്സുടമകളുടെ സംഘടനാ നേതാവു കൂടിയായ ഖാലിദ് മുണ്ടപ്പള്ളി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയാണ് ഇതിനെല്ലാം അടിസ്ഥാനമായത്. റോഡ് കുഴിച്ചും പന്തലിട്ടും നടക്കുന്ന പൊതുയോഗങ്ങള്‍ നിരുത്‌സാഹപ്പെടുത്തണമെന്ന കോടതി വിധി അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തിലല്ല രാഷ്ട്രീയ നേതൃത്വം വായിച്ചെടുത്തതെന്നു ചുരുക്കം.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റം എന്ന നിലയിലാണിത് കേരളത്തില്‍ വിവാദം വിതയ്ക്കുന്നത്. ജനസാന്ദ്രതയും റോഡുകളുടെ അപര്യാപ്തതയും അനുനിമിഷം പെരുകിവരുന്ന വാഹനസാന്ദ്രതയുമൊക്കെക്കൊണ്ട് നമ്മുടെ ചെറുപട്ടണങ്ങളിലെ നിരത്തുകള്‍ പോലും മിക്കപ്പോഴും ഗതാഗതസ്തംഭനവും വീര്‍പ്പുമുട്ടലും അനുഭവിക്കുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. അവിടങ്ങളില്‍ അടിക്കടി നടക്കുന്ന പ്രകടനങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും സമരങ്ങളും സമ്മേളനങ്ങളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാറുമുണ്ട്. അത്തരം പ്രത്യേക കേന്ദ്രങ്ങളില്‍ ഇപ്പറഞ്ഞവയ്ക്ക് വിവേകപൂര്‍വ്വമായ നിയന്ത്രണങ്ങളോ പരിമിതമായ വിലക്കുകളോ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നതാണ് പൊതുവെയുള്ള ജനസംസാരം






