Random Posts

Tuesday, June 21, 2011

സൂര്യനൊന്ന്‌ ആളിയാല്‍ ബ്രിട്ടന്‍ ഇരുട്ടില്‍


സൂര്യനൊന്ന്‌ ആളിയാല്‍ ബ്രിട്ടന്‍ ഇരുട്ടില്‍ ലോകത്തിനു മൊത്തം പ്രകാശം നല്‌കുന്ന സൂര്യന്‍ ഒന്ന്‌ ആളിപ്പിടിച്ചാല്‍ ബ്രിട്ടന്‍ ഇരുട്ടിലാകുമെന്നു മുന്നറിയിപ്പ്‌. സൂര്യനില്‍ ഇടയ്‌ക്കുണ്ടാകുന്ന സോളാര്‍ ഫ്‌ളെയര്‍ എന്ന പ്രതിഭാസമാണ്‌ ഈ അവസ്ഥ ഉണ്ടാക്കുക. സൂര്യന്‍ എപ്പോഴും ജ്വലിച്ചു നില്‌കുകയാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഇടയ്‌ക്ക്‌ സൂര്യനില്‍ നിന്ന്‌ സാധാരണയിലും കൂടുതല്‍ ഉയരത്തില്‍ രശ്‌മികള്‍ പുറപ്പെടുന്നതിനാണ്‌ ഫ്‌ളെയര്‍ എന്നു വിളിക്കുന്നത്‌. ഇത്തരം രശ്‌മികള്‍ ശക്തിയായി ആളുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ഊര്‍ജം അതിന്റെ പാതയിലെ എല്ലാ യാന്ത്രിക പ്രവര്‍ത്തനങ്ങളെയും ബാധിക്കും.

ഇങ്ങനെ അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഒരു ഫ്‌ളെയര്‍ ബ്രിട്ടനിലെ നാഷണല്‍ ഗ്രിഡ്‌ ആകെ തകര്‍ത്തു കളയുമെന്നാണ്‌ ഭയം. ഇത്‌ ഒഴിവാക്കാന്‍ നാഷണല്‍ ഗ്രിഡ്‌ തത്‌കാലത്തേക്ക്‌ ഓഫ്‌ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുകയാണ്‌ എനര്‍ജി സെക്രട്ടറി ക്രിസ്‌ ഹ്യൂണ്‍. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരം വന്‍ ഫ്‌ളെയര്‍ ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്‌. ക്ലാസ്‌ അഞ്ചില്‍ പെടുന്ന തരം ഫ്‌ളെയര്‍ ഉണ്ടായാല്‍ ഭൂമിയില്‍ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ തകരാറിലാകുമെന്നും ഫ്‌ളെയറിന്റെ മാര്‍ഗത്തിലുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വരെ തകര്‍ത്തു കളയുമെന്നും കരുതപ്പെടുന്നു. 1989-ല്‍ ക്യുബെക്കില്‍ ഇങ്ങനെ ഫ്‌ളെയര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആറു മില്യണ്‍ ജനങ്ങളാണ്‌ വൈദ്യുതി ഇല്ലാതെ കഴിയേണ്ടി വന്നത്‌. ഇതിനേക്കാള്‍ അഞ്ചിരട്ടി ശക്തിയുള്ള ഫ്‌ളെയര്‍ ആകും ഉണ്ടാവുകയെന്നു കരുതുന്നു.

ആദ്യ ഫ്‌ളെയര്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഭൂമിയില്‍ എത്തുമെന്നു കരുതുന്നു. അടുത്തത്‌ കുറേക്കൂടി ശക്തമായിരിക്കും. അതു പക്ഷേ, ഭൂമിയിലെത്താന്‍ മൂന്നു ദിവസം വരെയെടുക്കും. ഈ സമയത്തിനുള്ളില്‍ പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ സര്‍ക്കാരിനു സാവകാശം ലഭിക്കുമെന്നു കരുതുന്നു. ഈ സമയത്ത്‌ നാഷണല്‍ ഗ്രിഡ്‌ ഓഫ്‌ ചെയ്യുകയും വിമാനങ്ങള്‍ റേഡിയേഷന്‍ ഉണ്ടാകുന്നതിലും താഴേക്കൂടി പറത്തുകയും ചെയ്യേണ്ടിവരും. ശക്തിയേറിയ സൗര ആക്രമണത്തെ നേരിടാന്‍ ബ്രിട്ടന്റെ പവര്‍ ലൈനുകളെ ശക്തിപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണെന്ന്‌ സര്‍ക്കാരിന്റെ ചീഫ്‌ സയന്റിസ്റ്റ്‌ സര്‍ ജോണ്‍ ബെഡിംഗ്‌ടണ്‍ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌. ഏറെ കാലമായി ശാന്തതയിലായിരുന്ന സൂര്യന്‍ അടുത്തിടെ സജീവമായിട്ടുണ്ടെന്ന്‌ നാസയുടെ സോളാര്‍ ഡൈനാമിക്‌സ്‌ ഒബ്‌സര്‍വേറ്ററി അടുത്തിടെ കണ്ടെത്തിയിരുന്നു.

അടുത്തിടെ ക്ലാസ്‌ ടുവില്‍ പെടുന്ന ഒരു സൗര ജ്വലനം നടന്നിരുന്നു. അടുത്ത കാലത്തെങ്ങും ഇത്തരം ഫ്‌ളെയര്‍ ഉണ്ടായിട്ടില്ല. ഇതിലും വലുത്‌ വരാനിരിക്കുന്നതേയുള്ളൂവെന്ന്‌ അന്നേ അവര്‍ മുന്നറിയിപ്പ്‌ നല്‌കിയിരുന്നതാണ്‌. 1859ലാണ്‌ ചരിത്രത്തിലെ രേഖപ്പെടുത്തിയ ആദ്യ സോളാര്‍ ഫ്‌ളെയര്‍ ഉണ്ടായത്‌. സൂര്യനില്‍ നിന്നുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ വൈദ്യുത കാന്തിക പ്രവര്‍ത്തനം ഉണ്ടാക്കും. ഇത്‌ വലിയ തോതിലുള്ള റേഡിയേഷനാണു സൃഷ്ടിക്കുക. ഇത്‌ രാജ്യാന്തര സ്‌പേസ്‌ സ്‌റ്റേഷനിലെ ശാസ്‌ത്രജ്ഞരുടെ ആരോഗ്യത്തിനും ഭീഷണിയാണ്‌