കൊച്ചി:പാലക്കാട് ഷീലവധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പോലീസിന്റെ ക്രൂരത. പ്രതിയെ ഫാനില്‍ക്കെട്ടിത്തൂക്കിയ ശേഷം തുണിയില്‍ തേങ്ങ പൊതിഞ്ഞു മര്‍ദ്ദിക്കുന്നതുള്‍പ്പെടെ ക്രൂരമുറകളാണ് സമ്പത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. കഴിഞ്ഞദിവസം കൊച്ചിയിലെ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറകള്‍ വിശദീകരിച്ചത്. തുണിയില്‍ തേങ്ങ പൊതിഞ്ഞ് അടിക്കുകയും ഫാനില്‍ കെട്ടിത്തൂക്കുകയും ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകളാണ് പോലീസ് നടത്തിയത്. 63 മുറിവുകളാണ് സമ്പത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.അറസ്റ്റ് ചെയ്യപ്പെട്ട സമ്പത്തിനെ കോയമ്പത്തൂരില്‍ വെച്ച് ഐ.ജി മുഹമ്മദ് യാസിനും എസ്.പി വിജയ്‌സാഖറെയും ചോദ്യം ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. നാല് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ആരോപിച്ചുകൊണ്ടാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, രമേശന്‍, കോണ്‍സ്റ്റബിള്‍ ശ്യാമപ്രസാദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഡി.വൈ.എസ്.പി രാമചന്ദ്രന്‍ കേസിലെ 14ാം പ്രതിയാണ്. സുഹൃത്തായ ബിനു ഇട്ടൂപ്പ് നാലാം പ്രതിയും. കോണ്‍ട്രാക്ടറായ ബിനു പ്രതികളെയും സാകഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. എ.ഡി.ജി.പിയും ഡി.ഐ.ജിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഏത് നിമിഷവും ഇവരും അറസ്റ്റിലാവുമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
കേരള പോലീസ് ഇപ്പോഴും പ്രാകൃതയുഗത്തിലാണെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാവുകയാണ് സിബിഐയുടെ കണ്ടെത്തലുകള്‍. പോലീസില്‍ നിന്നും ക്രിമിനലുകളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി പറഞ്ഞ ദിവസം തന്നെയായിരുന്നു ഇത്തരമൊരു കുറ്റപത്രം തയ്യാറാക്കി നല്‍കിയതെന്ന് വെറും യാദൃശ്ചികത മാത്രമാകാം. എങ്കിലും കേരള പോലീസ് ഇനിയും മെച്ചപ്പെടണമെന്നതിന്റെ സൂചനകാണ് ഇതിലൂടെ കോടതി ജനത്തിനു മുന്നിലേക്കു വയ്ക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ നിയമപ്രകാരം അര്‍ഹതയില്ലെന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊലീസ് സേനയില്‍ നിയമനം നല്‍കാനാകുമോ എന്ന നിയമപ്രശ്‌നമാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. പൊലീസ് കോണ്‍സ്റ്റബിള്‍ പരിശീലനം പൂര്‍ത്തിയായിട്ടും നിയമനം നിഷേധിച്ചതിനെതിരെ കാസര്‍കോട് നീലേശ്വരം വാണിയംവയല്‍ എം. ശ്രീകുമാര്‍ സമര്‍പ്പിച്ചതടക്കമുള്ള പത്തോളം ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
പൊലീസ് സേനയെ ക്രിമിനല്‍ വിമുക്തമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചു. സര്‍ക്കാരിന്റെ വിശദീകരണം കോടതി രേഖപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സര്‍വീസിലുണ്ടെങ്കില്‍, അവര്‍ക്ക് കെ.എസ് ആന്‍ഡ് എസ്.എസ്.ആറിലെ വ്യവസ്ഥകള്‍ പ്രകാരം തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസില്‍ പെട്ടെന്ന സൂചനയെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ട ശേഷം കോടതി ഉത്തരവിന്റെ ബലത്തില്‍ പരിശീലനം നടത്തുന്നവരെ ആറാഴ്ചത്തേക്ക് മാറ്റിനിറുത്തണമെന്നും ഉത്തരവുണ്ട്. സമീപകാലത്ത് പൊലീസ് കോണ്‍സ്റ്റബിള്‍മാരായി നിയമനം ലഭിച്ചവരില്‍ നൂറിലധികം പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്നും കോടതി ഉത്തരവിന്റെ ബലത്തിലാണ് അവര്‍ക്ക് പരിശീലനത്തിന് അനുമതി ലഭിച്ചതെന്നും സിംഗിള്‍ ബെഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു.
പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് സ്വഭാവവും പൂര്‍വചരിത്രവും സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് ലഭിക്കും വരെ സേനയില്‍ തുടരാം. റിപ്പോര്‍ട്ട് അഞ്ചാഴ്ചയ്ക്കകം തയ്യാറാക്കി തുടര്‍നടപടിയെടുക്കണം. മാറ്റി നിറുത്തിയവരില്‍ അനുകൂല റിപ്പോര്‍ട്ട് ലഭിക്കുന്നവര്‍ക്ക് ആറാഴ്ചത്തെ പരിശീലനം പിന്നീട് നല്‍കണം. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ആഗസ്റ്റ് എട്ടിനകം നല്‍കണമെന്ന് ഡി.ജി.പിയോട് ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ രേഖകള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതിലുള്ള സര്‍ക്കാരിന്റെ അലംഭാവം മുതലെടുത്ത് ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നുഴഞ്ഞു കയറുന്നതാകാമെന്ന് കോടതി പറഞ്ഞു.
ക്രിമിനല്‍ കേസിലുള്‍പ്പെട്ടവര്‍ക്ക് പരിശീലനം നല്‍കാന്‍ കോടതികള്‍ ഉത്തരവ് നല്‍കിയാല്‍ സേനയുടെ അച്ചടക്കത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന സംഘങ്ങള്‍ ഉയര്‍ന്നുവരുമെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. പൊലീസ് സേനയുടെ മികവ്, അച്ചടക്കം എന്നിവയൊന്നും കോടതി നിശ്ചയിക്കേണ്ടതല്ല. ക്രിമിനലിനെയോ, കുറ്റവാളികളാകാന്‍ സാദ്ധ്യതയുള്ളവരെയോ അച്ചടക്കമുള്ള സേനയുടെ ഭാഗമാക്കരുത്. ഓരോ വ്യക്തിയുടെയും ക്രിമിനല്‍ പശ്ചാത്തലം വിലയിരുത്തി തീരുമാനമെടുക്കേണ്ടത് ഡി.ജി.പിയുടെ നിയന്ത്രണത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരാണെന്നും കോടതി പറഞ്ഞു. സമ്പത് വദം മാത്രമല്ല സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ ക്വട്ടേഷന്‍ കൊലപാതകത്തിലും മണിചെയിന്‍ ഇടപാടിലുമെല്ലാം പോലീസിന്റെ ഇടപെടലുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം






