
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത അന്തര്‍-സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ സംബന്ധിച്ച
യോഗത്തിലാണ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചത്. അതുപ്രകാരം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. നിലവിലുള്ള ഡാം അസ്ഥിരമാണെന്നും കേരളത്തിലെ 30 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് അനുകൂല സമീപനം സ്വീകരിക്കണമെന്നും യോഗത്തിനുശേഷം മന്ത്രി പി.ജെ ജോസഫ് വ്യക്തമാക്കി. കേരളം നടത്തിയ നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നതു ഡാം സുരക്ഷിതമല്ലെന്നാണ്. പുതിയ ഡാം വന്നാല്‍ തമിഴ്‌നാടിനു വെള്ളം നല്‍കുന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ പുതിയ ഡാമിനെ തമിഴ്‌നാട് എതിര്‍ക്കേണ്ടതില്ല. വസ്തുതകള്‍ അവര്‍ മനസ്സിലാക്കണം. ഭൂചലനമുണ്ടായാല്‍ ഡാമിനു കൂടുതല്‍ ബലക്ഷയമുണ്ടാവുമെന്നു ആധികാരിക പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ വിഷയം ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്.
കോടതിയുടെ നിര്‍ദേശപ്രകാരമുള്ള ശാസ്ത്രീയപഠനങ്ങളിലും കേരളത്തിന്റെ വാദം ശരിവയ്ക്കുന്ന നിലപാടുണ്ടാവുമെന്നാണു പ്രതീക്ഷ. സംസ്ഥാന നിലപാട് ശക്തിപ്പെടുത്തുന്നതിനു സര്‍വകക്ഷിയോഗം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വിഷയത്തില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തി ചര്‍ച്ചയുണ്ടാവുമോ എന്ന ചോദ്യത്തിന് കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പറമ്പിക്കുളം- ആളിയാര്‍ കരാറിന്റെ കാലാവധി 1989ല്‍ അവസാനിച്ചു. അതിനുശേഷം ഇരുസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ 24 ഓളം ചര്‍ച്ചകള്‍ നടന്നു. ഏറ്റവുമൊടുവില്‍ നടന്ന ധാരണ പ്രകാരം ഇരുസംസ്ഥാനങ്ങളിലെ മന്ത്രിതലത്തില്‍ ചര്‍ച്ചയാവാമെന്നാണ്. ഇന്നലെ നടന്ന യോഗത്തിലും ആ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിന് അട്ടപ്പാടിയില്‍ ആറ് ടി.എം.സി വെള്ളം ലഭിക്കും. ആ വെള്ളം ഫലപ്രദമായി ഉപയോഗിക്കാനും യോഗത്തില്‍ ധാരണയായി. 5,000 ഹെക്ടര്‍ പ്രദേശത്തെ കൃഷിയ്ക്കു ഈ വെള്ളം പ്രയോജനപ്പെടുത്താനാവുമെന്നും പി.ജെ ജോസഫ് ചൂണ്ടിക്കാട്ടി. നെയ്യാര്‍ ഡാമിലെ വെള്ളം വിട്ടുനല്‍കുന്നതു പുനരാരംഭിക്കണമെന്നു തമിഴ്‌നാട് കത്തയച്ചിട്ടുണ്ട്. എന്നാല്‍, ആ ശ്രമത്തിനു ഫലമുണ്ടാവില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.






