Random Posts

Wednesday, June 22, 2011

ക്യൂ പരാജയം: കരോട്ടുവള്ളക്കാലില്‍ തിരക്കിനു ശമനമില്ല


കോട്ടയം: നിവേദനം നല്കാനായി കേരളത്തിന്റെ വിവിധജില്ലകളില്‍ നിന്നും ഞായറാഴ്ചകളില്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളി ലക്ഷ്യമാക്കി ആയിരങ്ങള്‍. ഇതേത്തുടര്‍ന്നുള്ള തിരക്കു നിയന്ത്രിക്കാനായി ക്യൂ സമ്പ്രദായം നടപ്പാക്കിയെങ്കിലും തിരക്കിനു ശമനമില്ല. പ്രശ്‌നപരിഹാരവുമാകുന്നില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയവരെക്കൊണ്ടു വീടും പരിസരവും നിറഞ്ഞു. ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നു നിവേദനങ്ങള്‍ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച മുതലാണ് ക്യൂ ഏര്‍പ്പെടുത്തിയത്. ചികില്‍സാ സഹായത്തിനുള്ളവര്‍ക്കായി പ്രത്യേക ക്യൂവും ഏര്‍പ്പെടുത്തി. പക്ഷേ, വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ളവരും പുതുപ്പള്ളിയിലേക്ക് എത്തിത്തുടങ്ങിയതോടെയാണ് തിരക്കു വീണ്ടും വര്‍ധിച്ചത്.


കോട്ടയത്തിനു പുറമേ തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരും വിവിധ ശുപാര്‍ശകള്‍ക്കും ആവശ്യങ്ങള്‍ക്കുമായി ഇന്നലെ എത്തിയിരുന്നു. ഇന്നലെ മൂന്നു മണിക്കൂറോളം ക്യൂവിനു നടുവിലൂടെ നടന്ന് എല്ലാ നിവേദനങ്ങളും വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വീട്ടില്‍ നിന്ന് അടുത്ത പരിപാടിക്കു തിരിച്ചത്. എത്താവുന്ന അകലത്തിലാണെങ്കില്‍ എവിടെ നിന്നാണെങ്കിലും ഞായറാഴ്ച കുര്‍ബാനയ്ക്കും അതിനുശേഷം കരോട്ട് വള്ളക്കാലില്‍ തറവാട്ടിലും കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉണ്ടാകുമെ ഉറപ്പിന്റെ പിന്‍ബലത്തിലാണ് ഈ ജനക്കൂട്ടമെല്ലാം എത്തുന്നത്.

തിക്കും തിരക്കും ഒഴിവാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് അപേക്ഷകളും നിവേദനങ്ങളും സമര്‍പ്പിക്കുന്നതിനായി ഇതേത്തുടര്‍ന്ന് ഒരാഴ്ചമുമ്പാണ് ക്യൂ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയെ കണ്ട് വിവരം ധരിപ്പിക്കാന്‍ എത്തുന്നവര്‍ക്ക്, വീട്ടില്‍ എത്തുന്ന മുറയ്ക്ക് ക്യൂവില്‍ നില്‍ക്കാം. മറ്റ് പരിഗണനകളൊന്നും കൂടാതെ അദ്ദേഹം ആളുകളില്‍നിന്ന് നിവേദനങ്ങള്‍ നേരിട്ട് സ്വീകരിക്കും. ഉടന്‍ പരിഹാരനിര്‍ദേശങ്ങളുമായി െ്രെപവറ്റ് സെക്രട്ടറിമാര്‍ക്ക് അപേക്ഷകള്‍ കൈമാറും. കുടുംബവീട്ടിലെ മുറ്റത്ത് അദ്ദേഹം നിന്നുകൊണ്ടുതന്നെയാണ് നിവേദനങ്ങള്‍ സ്വീകരിക്കുന്നത്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ക്യൂവാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച നടത്തിയ പരീക്ഷണം വിജയംകണ്ടതിനെ തുടര്‍ന്നാണ് ഈ ഞായറാഴ്ചയും ആളുകള്‍ ക്യൂ പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിക്ക് ചുറ്റും കൂടി തിക്കും തിരക്കും ഉണ്ടാക്കുന്നതുമൂലം സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

എന്നാല്‍ ജനക്കൂട്ടം ഏറിയതോടെ ക്യൂവിന്റെ നിയന്ത്രണവും അച്ചടക്കവും അയഞ്ഞുതുടങ്ങി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം സാധാരണക്കാരായ ജനങ്ങളുടെ വേദനകള്‍ കാണുവാനും അവരുടെ കണ്ണീരൊപ്പാനും ജനങ്ങളിലേക്കിറങ്ങി ചെല്ലുന്ന മുഖ്യമന്ത്രിയേയാണ് ഇപ്പോള്‍ കേരളം കാണുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനം ഈ വാദത്തിന് അടിവരയിടുന്നു. കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരുന്ന രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തെ 14 ജില്ലകളിലും മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെ മാത്രം 96,901 പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതില്‍ 42,151 പരാതികള്‍ക്ക് അതാതിടങ്ങളില്‍ വച്ചുതന്നെ തീര്‍പ്പാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാനമെങ്ങുമുള്ള ജനഹൃദയങ്ങളില്‍ അതിവേഗം സ്ഥാനം പിടിക്കുകയായിരുന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒരുവര്‍ഷത്തിനുള്ളില്‍ 2,03,200 പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്വന്തം മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ എത്രത്തോളം വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്നതിനു തെളിവുകൂടിയാണ് ഉമ്മന്‍ ചാണ്ടിക്കു ലഭിക്കുന്ന പരാതികളുടെ എണ്ണം. ഇതോടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞായിരുന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും അഭയസ്ഥാനവും അത്താണിയുമായി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. മുഖ്യമന്ത്രിയായിരുന്ന ചെറിയൊരു കാലയളവിനുള്ളില്‍ അതിവേഗം നാടിനെയും നാട്ടുകാരെയും ബഹുദൂരം മുന്നിലെത്തിച്ച ഉമ്മന്‍ ചാണ്ടി അന്ന് തുടങ്ങിവച്ച പദ്ധതികളും ഭരണപരിഷ്‌കാരങ്ങളും ലോകത്തിനുതന്നെ മാതൃകയായിരുന്നു. സമൂഹം അയിത്തം കല്പിച്ചു മാറ്റിനിര്‍ത്തിയിരുന്ന അടിസ്ഥാനവര്‍ഗങ്ങളെയും അഗതികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ഉമ്മന്‍ ചാണ്ടിയുടെ കാരുണ്യസ്പര്‍ശം കേവലം വാര്‍ത്താ പ്രാധാന്യത്തിനുവേണ്ടി ആയിരുന്നില്ലെന്നതിന് അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ തന്നെ സാക്ഷ്യം.

അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിലൂന്നി ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ പദ്ധതികള്‍ അവഗണിക്കപ്പെട്ടുകിടന്ന നിരാശ്രയരും നിരാലംബരുമായ വലിയൊരു സമൂഹത്തിന് ആശ്രയത്വത്തിന്റെ തിരിനാളമാകുകയായിരുന്നു.പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കുമായി ആരോഗ്യ ഇന്‍ഷ്വറന്‍സ്, ക്ഷേമപെന്‍ഷന്‍, ലക്ഷംവീട് തുടങ്ങി ഒട്ടേറെ ക്ഷേമപദ്ധതികള്‍ക്കു തുടക്കം കുറിച്ച ഉമ്മന്‍ ചാണ്ടി പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമല്ല നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. അഗതികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ എല്ലാമാസവും ഒന്നാംതീയതി ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വന്തം ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി ലോകത്തുതന്നെ അത്ഭുതമായതിനും ചരിത്രം സാക്ഷി. മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്നും ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ വിതരണം ചെയ്ത കാലഘട്ടവും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ മലര്‍ക്കെ തുറന്നിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ ഒന്നേകാല്‍ വര്‍ഷംകൊണ്ട് 60, 196 പേര്‍ക്കാണ് ചികിത്സാസഹായം അനുവദിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കുനേരെ ആക്ഷേപശരങ്ങള്‍ ഏറെയുണ്ടായി. എന്നാല്‍ ആക്ഷേപശരങ്ങളേറ്റ് ചോര പൊടിയുമ്പോഴും അചഞ്ചലനായിനിന്ന് അശരണര്‍ക്കായി പോരാടിയ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ പ്രതിപക്ഷം മുട്ടുമടക്കുന്നതും പിന്നെ കണ്ടു. പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ പക്ഷേ ഉമ്മന്‍ ചാണ്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തത് പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടുകൊണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി ചികിത്സാ സഹായം അനുവദിച്ച 52,000 അപേക്ഷകര്‍ക്ക് പണം നല്കാതെ ഇടതുസര്‍ക്കാര്‍ പിടിച്ചുവച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും രംഗത്തിറങ്ങേണ്ടിവന്നു. ചികിത്സാസഹായം സര്‍ക്കാരിനെക്കൊണ്ട് അനുവദിപ്പിച്ചശേഷം മാത്രമാണ് അദ്ദേഹം സമരവഴിയില്‍നിന്നു പിന്‍മാറിയത്.

സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലകളിലും ഉമ്മന്‍ ചാണ്ടിയുടെ ഭരണപരിഷ്‌കാരങ്ങള്‍ നാടിനു പുതിയ ദിശാബോധം നല്കി. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള വന്‍കിട പദ്ധതികളും ചെറുകിട പദ്ധതികളും കേരളത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ പര്യാപ്തമായിരുന്നു. മുഖ്യമന്ത്രിയായി ചുമതല ഏറ്റയുടനെ 14 ജില്ലകളിലും ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നേരിട്ടു പരാതി ഏറ്റുവാങ്ങി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയാകട്ടെ സംസ്ഥാനത്തെ തന്നെ ആദ്യസംഭവമായിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ ഇതിന് നല്കിയ പ്രാധാന്യം തന്നെ ഇക്കാര്യം അടിവരയിടുകയും ചെയ്തു. ഒന്നരവര്‍ഷംകൊണ്ട് അതിവേഗം ബഹുദൂരം സംസ്ഥാനത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിനായി ഓരോ ദിവസവും ഓഫീസില്‍ ചെലവാക്കുന്നത് 18 മണിക്കൂര്‍. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം കൊണ്ടുവന്നതോ, വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതോ അല്ല മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ നേട്ടമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ എല്ലാ ക്ഷേമപദ്ധതികളും എല്ലാമാസവും ഒന്നാംതീയതി കൃത്യമായി നല്കാന്‍ തീരുമാനിച്ചതാണ് മുഖ്യമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം, നൂറുദിന പരിപാടി, 315 വാര്‍ഷിക പരിപാടി, വിഷന്‍ 2010ല്‍ 10+3+3+ പരിപാടികള്‍, സ്വാതന്ത്ര്യദിന ഒമ്പതിന പരിപാടികള്‍, വിശപ്പില്ലാത്ത കേരളം, മൂന്നുരൂപ നിരക്കില്‍ അരി, ദരിദ്രവിഭാഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങി ദരിദ്ര ജനവിഭാഗങ്ങളെ അഭ്യുന്നതിയിലേക്ക് നയിക്കുന്ന പദ്ധതികളല്‍ മാത്രം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നില്ല.

സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട സര്‍ക്കാര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, ഡ്രീംസിറ്റി, കൊച്ചി മെട്രോറെയില്‍, എയര്‍ കേരള, റോഡ് വികസനം തുടങ്ങി കേരളത്തില്‍ മുഖഛായ തന്നെ മാറ്റിക്കുറിച്ച പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. മുക്കാല്‍ വര്‍ഷത്തിനിടയില്‍ പ്രതിപക്ഷവുമായി ഒരുഡസനോളം തവണ ചര്‍ച്ച നടത്തിയ മുഖ്യമന്ത്രിയെന്ന ബഹുമതിയും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം. അങ്ങിനെ വികസനമെന്നത് കേരളത്തിന്റെ അജണ്ടയാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. അതുവഴി ലോക രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ കേരളത്തെ സ്മാര്‍ട്ടാക്കിയ സ്മാര്‍ട്ട് മുഖ്യമന്ത്രിയെന്ന പേരും ഉമ്മന്‍ ചാണ്ടിക്കു മാത്രം. ആകാശം അതിരുകളാക്കി സംസ്ഥാനത്തിന്റെ വികസനം സ്വപ്നം കാണുന്ന ഉമ്മന്‍ ചാണ്ടി ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് ഇപ്പോള്‍ ആഹോരാത്രം പാടുപെടുന്നത്. ആ സ്വപ്‌നത്തിലേക്കാണ് പുതുപ്പള്ളിയിലെ ഈ ക്യൂ നീളുന്നതും