Random Posts

Tuesday, June 28, 2011

സാമൂഹ്യനീതി അടിസ്ഥാനമാക്കി സ്വാശ്രയനിയമം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി അടിസ്ഥാനമാക്കി സ്വാശ്രയനിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നുവെന്ന് എം.എ.ബേബി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു മാനേജ്‌മെന്റും ധാരണ ഉണ്ടാക്കിയിട്ടില്ല. അപകടകരമായ സ്ഥിതിയാണിത്. മാനേജ്‌മെന്‍റുകളെ നിയന്ത്രിക്കാന്‍ ശക്തമായ കേന്ദ്രനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരുമായി സഹകരിക്കാത്ത ഇന്‍ര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പോലും സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിയാരത്ത് ആരെങ്കിലും തുട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നീഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി