തിരുവനന്തപുരം: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കെയ്യേറിയവരെ ഒഴിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ കുടിയേറ്റകര്‍ഷകരെ ഭൂമിയില്‍ നിന്ന് ഇറക്കിവിടുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ കൈയ്യേറ്റമൊഴിപ്പിക്കല്‍ ഭരണകൂട ഭീകരതയാണെന്ന റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്ന് കൈയ്യേറ്റമൊഴിപ്പിക്കുകയും അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുകയും ചെയ്ത കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാരിന് അനുകൂലമായ വിധി പ്രതീക്ഷിച്ചിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തന്നെ തങ്ങളുടെ നടപടി ഭരണകൂട ഭീകരതയായിരുന്നു എന്ന് പറയുന്നത് കേസിനെ ദുര്‍ബലപ്പെടുത്താനും റിസോര്‍ട്ട് മാഫിയയെ സഹായിക്കാനുമാണെന്ന് സംശയിക്കേണ്ടിവരും.ചെറുകിട കൈയ്യേറ്റം, വന്‍കിട കൈയ്യേറ്റം എന്ന തരംതിരിക്കല്‍ ഒഴിവാക്കണമെന്ന് അച്യുതാനന്ദന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. എല്ലാ കൈയ്യേറ്റങ്ങളും നിയമവിരുദ്ധമാണെന്ന് അംഗീകരിക്കുകയും നടപടിയെടുക്കുകയും വേണം. എന്നാല്‍ കൈയ്യേറ്റങ്ങളും കുടിയേറ്റങ്ങളും വേര്‍തിരിച്ചുകാണണം. മറ്റെവിടെയും സ്ഥലമില്ലാതെ വീടുവെയ്ക്കുന്നതിനും കൃഷി ചെയ്തുജീവിക്കുന്നതിനുമായി ഭൂമിയില്‍ കയറിവരെ കുടിയേറ്റക്കാരായി അംഗീകരിക്കണം. മൂന്നാറില്‍ നടന്നുകഴിഞ്ഞ സര്‍വേകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണയിക്കണം. ഇനിയും റീസര്‍വേ നടത്തിയാല്‍ ഇതിനോടകം നടന്ന കൈയ്യേറ്റങ്ങള്‍ സാധൂകരിക്കാന്‍ ഇടവരും. പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് കെട്ടിടങ്ങള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.







