Random Posts

Wednesday, October 19, 2011

വിദ്യാര്‍ഥികള്‍ക്ക് അവധിദിനങ്ങളിലും ബസ് കണ്‍സെഷന് അര്‍ഹത

അവധിദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് കണ്‍സെഷന്‍ നിഷേധിക്കരുതെന്ന് കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യബസുടമകള്‍ക്കും ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യബസ് ജീവനക്കാര്‍ക്കും ഇതു സംബന്ധിച്ച് ഉത്തരവ് കൈമാറാന്‍ അതത് ആര്‍.ടി.ഒ മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഞായറാഴ്ചകളിലും മറ്റ് അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കിലെ യാത്ര നിഷേധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡുകള്‍ അവധി ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കണ്ടക്ടര്‍മാര്‍ അനുവദിച്ചിരുന്നില്ല. അതേസമയം സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് തിക്താനുഭവങ്ങളാണ് നേരിടേണ്ടിവന്നിരുന്നത്. ഞായറാഴ്ചകളില്‍ ഫുള്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച കുട്ടികളെ യാത്രാമധ്യേ ബസില്‍ നിന്നും ഇറക്കിവിട്ടിരുന്നു. സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും സ്വകാര്യബസ് ജീവനക്കാര്‍ കണ്‍സെഷന്‍ നിഷേധിച്ചിരുന്നു. പ്രാദേശിക അവധിദിനങ്ങള്‍പോലും വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം നിധേഷിക്കാനുള്ള അവസരമായി സ്വകാര്യബസുകാര്‍ വിനിയോഗിച്ചിരുന്നു.

40 കിലോമീറ്ററില്‍ താഴെയുള്ള ദുരത്തേക്കാണ് കണ്‍സെഷന്‍ അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രയ്ക്കാണ് കണ്‍സെഷന്‍ നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി കണ്‍സെഷന്‍ അനുവദിച്ചിരുന്നത്.

സ്വകാര്യബസുകാരുടെ സംഘടനകള്‍ കണ്‍സെഷനായി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതും ചില സ്ഥലങ്ങളില്‍ വിവാദമായിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇതു പിന്‍വലിക്കാന്‍ തയാറായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വകാര്യബസുകാര്‍ കണ്‍സെഷന്‍ നല്‍കുന്നത്. നിസാരകാരണങ്ങളുടെ പേരില്‍പോലും സ്വകാര്യബസുകാര്‍ കണ്‍സെഷന്‍ നിഷേധിക്കുന്നെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഞായറാഴ്ചകളില്‍ ട്യൂഷന്‍ സെന്‍ററുകളും മറ്റു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ സ്‌പെഷ്യല്‍ക്ലാസുകള്‍ സ്‌കൂളുകളിലും നടത്താറുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ്.

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്കുപോലും കണ്‍സെഷന്‍ ലഭിച്ചില്ല. വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഔദ്യോഗികമായിട്ടാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. റിപ്പബ്ലിക്ക്ദിനത്തിലെയും അവസ്ഥ മറിച്ചായിരുന്നില്ല.

കണ്‍സെഷന്‍ നിഷേധിക്കുന്നതിനെതിരെ വ്യാപകപരാതി ഉയര്‍ന്നപ്പോഴാണ് ഗതാഗതവകുപ്പ് വിശദീകരണം നല്‍കിയത്. കണ്‍സെഷന്‍ നിഷേധിക്കുന്ന സ്വകാര്യബസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നീക്കം. പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമായി ഇത്കണക്കാക്കും. പരാതി ആവര്‍ത്തിക്കുകയാണെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കാനിടയുണ്ട്.