Random Posts

Friday, October 14, 2011

നിര്‍മല്‍ മാധവ് കോളജ് മാറും

വെസ്റ്റ്ഹില്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി നിര്‍മല്‍ മാധവ് കോളജ് മാറും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടറും വിദഗ്ധസമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പെരിന്തല്‍മണ്ണ പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളജിലാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കുക. നാലാം സെമസ്റ്ററിലാണ് പ്രവേശനം. നിര്‍മല്‍ മാധവുമായും രക്ഷിതാക്കളുമായും ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തി.
വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളജിന് മുന്നില്‍ നടത്തുന്ന ഉപരോധം പിന്‍വലിച്ചതായി സമരക്കാര്‍ വ്യക്തമാക്കി. ഇവരുമായും ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. എസ്.എഫ്.എെ നടത്തിയ കടുത്ത പീഡനത്തെ തുടര്‍ന്നാണ് നിര്‍മല്‍ മാധവ് കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളജിലെ പഠനം അവസാനിപ്പിച്ചത്. തുടര്‍ന്ന് പഠിക്കാന്‍ സൗകര്യം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വെസ്റ്റ്ഹില്‍ എഞ്ചിനീയറിംഗ് കോളജില്‍ പ്രവേശനം നല്‍കിയത്. എസ്.എഫ്.എെ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ തന്നെ സംഭവം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇടതു സംഘടനകള്‍ അക്രമസമരം തുടങ്ങിയത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് തന്നെയാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.
സമരം കൊണ്ട് എസ്.എഫ്.എെക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. അതേസമയം, ഗവ. എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. സെമസ്റ്റര്‍ പരീക്ഷ അടുത്ത സന്ദര്‍ഭത്തിലാണ് അധ്യയനം മുടങ്ങിയത്. സമരകോലാഹലങ്ങള്‍ക്കിടയില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളും വിഷമത്തിലായി. സമരാഭാസത്തിന്റെ പേരില്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും പൊലീസിനെ ആക്രമിക്കുകയുമുണ്ടായി.