കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് സപ്തംബറില്‍ റെക്കോഡ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 130.44 കോടി രൂപയാണ് സപ്തംബറില്‍ കെ.എസ്.ആര്‍.ടി.സി നേടിയത്. നാലു മാസങ്ങള്‍ കൊണ്ട് കെ.എസ്.ആര്‍.ടി.സിയില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരുന്ന പ്രതിമാസ നഷ്ടം 40 കോടി രൂപയായിരുന്നു.
ലാഭകരമല്ലാത്ത 892 ഷെഡ്യൂളുകളില്‍ 540 എണ്ണം പുനക്രമീകരിച്ച് ലാഭകരമാക്കിയതിലൂടെയും ഫെയര്‍ റിവിഷനിലൂടെയും 13 കോടി രൂപ അധിക വരുമാനമുണ്ടായി. അങ്ങനെ പ്രതിമാസ നഷ്ടം 27 കോടി രൂപയായി കുറയ്ക്കാന്‍ കഴിഞ്ഞു. 4428 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്നത് 4895 ആയി വര്‍ധിച്ചു. മുടങ്ങിക്കിടന്ന 467 ഷെഡ്യൂളുകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഒരുദിവസം ശരാശരി ഓടിയിരുന്ന ദൂരം 14.5 ലക്ഷം കി.മീറ്ററില്‍ നിന്ന് 15.77 ലക്ഷം കി.മീറ്ററായി വര്‍ധിച്ചു. കട്ടപ്പുറത്തിരുന്ന 900 ബസ്സുകളില്‍ 500 എണ്ണം റോഡിലിറക്കാന്‍ കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി ഈ വര്‍ഷംതന്നെ 1000 പുതിയ ബസ്സുകള്‍ ഇറക്കുമെന്നും 500 ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.






