Random Posts

Wednesday, October 5, 2011

പ്രകടനങ്ങള്‍ പോലീസ് തടഞ്ഞു; നൂറനാട്ട് സംഘര്‍ഷാവസ്ഥ; ഗതാഗതസ്തംഭനം

ചാരുമൂട്: എല്‍.ഡി.എഫ്-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് നൂറനാട്ട് സംഘര്‍ഷാവസ്ഥ. മുഖാമുഖമെത്തിയ പ്രകടനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടാക്കി. കെ.പി.റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എ.ഐ.എസ്.എഫ്.നേതാവ് അനുശിവനെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍.ഡി.എഫ് പ്രകടനം.

കഴിഞ്ഞദിവസം എല്‍.ഡി.എഫ്.നടത്തിയ പ്രകടനത്തിനിടയില്‍ യു.ഡി.എഫിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ്.പ്രകടനം. ചൊവ്വാഴ്ച വൈകിട്ട് പ്രകടനവും സമ്മേളനവും നടത്താന്‍ യു.ഡി.എഫ്.ആയിരുന്നു മുന്‍കൂട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍, യു.ഡി.എഫ്.പ്രകടനത്തിന് മുമ്പായി ആറുമണിയോടെ എല്‍.ഡി.എഫ്.പ്രകടനം തുടങ്ങി. എല്‍.ഡി.എഫ്.പ്രകടനം പാറ ജങ്ഷനില്‍ എത്തിയശേഷം തിരിച്ച് നൂറനാട്ടേക്ക് വരുമ്പോള്‍ പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു.

ഇതേ സമയം യു.ഡി.എഫിന്റെ പ്രകടനം പത്താംകുറ്റിയില്‍നിന്ന് നൂറനാട്ടേക്ക് വരികയായിരുന്നു. യു.ഡി.എഫ്.പ്രകടനം വില്ലേജ് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. രണ്ട് പ്രകടനങ്ങളും മുഖത്തോടുമുഖം വന്നതിനെ തുടര്‍ന്നാണ് കെ.പി.റോഡില്‍ ഇരുന്നൂറ് മീറ്ററോളം അകലത്തില്‍ തടഞ്ഞത്.

പ്രകടനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും റോഡില്‍ കുത്തിയിരുന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പോലീസ് ഉദ്യോഗസ്ഥരെത്തി ഇരു വിഭാഗത്തെയും അനുനയിപ്പിച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല.
എല്‍.ഡി.എഫ്.നേതാക്കളായ ആര്‍.രാജേഷ് എം.എല്‍.എ, കെ.രാഘവന്‍, യു.ഡി.എഫ്.നേതാക്കളായ കെ.പി.ശ്രീകുമാര്‍, ടി.പാപ്പച്ചന്‍ തുടങ്ങിയവരുമായി ഡി.വൈ.എസ്.പി. നരേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇരുവിഭാഗവും പിരിഞ്ഞുപോകാമെന്ന് ഉറപ്പുനല്‍കി.
ഇതിനിടയില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും നിന്നിരുന്ന ഭാഗത്തേക്ക് കല്ലുകള്‍ വീണത് വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാക്കി. പോലീസ് ഇരുവിഭാഗത്തെയും വീണ്ടും അനുനയിപ്പിച്ചു. തുടര്‍ന്ന് യു.ഡി.എഫ്.പ്രവര്‍ത്തകര്‍ യോഗം നടത്താന്‍ തുടങ്ങിയത് എല്‍.ഡി.എഫ്.എതിര്‍ത്തു. യോഗം നടത്തരുതെന്ന് പോലീസ് വിലക്കിയിട്ടും യു.ഡി.എഫ്.കാര്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി.കോശിയുടെ അധ്യക്ഷതയില്‍ മുന്‍ എം.എല്‍.എ. എം.മുരളി യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.ശ്രീകുമാര്‍, ടി.പാപ്പച്ചന്‍, പി.ബി.അബു എന്നിവര്‍ പ്രസംഗിച്ചു.

എട്ടുമണിയോടെ ഇരുവിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞുപോയെങ്കിലും നൂറനാട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. നരേന്ദ്രബാബു, മാവേലിക്കര സി.ഐ.ശിവസുതന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നൂറനാട്, വള്ളികുന്നം, കുറത്തികാട്, മാവേലിക്കര, വെണ്‍മണി സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
എ.ആര്‍.ക്യാമ്പില്‍നിന്നുള്ള പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.