സസ്പെന്‍ഷനിലിരിക്കുന്ന പൊലീസുകാരനെ ഡി.വൈ.എഫ്.എെ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കല്ലൂരിനടുത്തുള്ള താലത്തുപറമ്പ് പാലൊളി കുട്ടപ്പന്റെ മകന്‍ ഷൈജു(34)വിനാണ് കുത്തേറ്റത്. നെഞ്ചിലും പുറത്തും ആഴത്തിലുള്ള കുത്തേറ്റ ഷൈജു തൃശൂര്‍ അശ്വനി ആസ്പത്രിയില്‍ എെ.സി.യുവില്‍ ഗുരുതരാവസ്ഥയിലാണ്.
ഇന്നലെ വൈകീട്ട് നാലിന് നായങ്ങരാടിയില്‍ വെച്ചാണ് ഡി.വൈ.എഫ്.എെ പ്രവര്‍ത്തകരും സഹോദരങ്ങളുമായ കോന്നത്തുപറമ്പില്‍ ഉമേഷ്, ഉല്ലാസ് എന്നിവര്‍ ചേര്‍ന്നാണ് ഷൈജുവിനെ ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഡി.വൈ.എഫ്.എെ നേതാവ് എെനസ് ആന്റണി വധക്കേസിലെ പ്രതികളിലൊരാളായ കുഞ്ഞുകുട്ടന്റെ സഹോദരനാണ് ഷൈജു. അതേ വധക്കേസിലെ പ്രധാന സാക്ഷിയാണ് ഉമേഷ്. ഇന്നലെ നായരങ്ങാടിയില്‍വെച്ച് ഷൈജുവും ഉമേഷും ഉല്ലാസും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വാഗ്വാദത്തിനിടയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് ഷൈജുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുള്ള ഷൈജു രണ്ടുവര്‍ഷമായി സസ്പെന്‍ഷനിലാണ്. ആക്രമണത്തെ തുടര്‍ന്ന് ഉമേഷും ഉല്ലാസും ഒളിവിലാണ്.






