Random Posts

Tuesday, October 11, 2011

സി.പി.എമ്മിനെതിരെ സി.പി.ഐ

നേതാക്കളുടെ രാഷ്ട്രീയ കൂടുമാറ്റത്തെച്ചൊല്ലി സി.പി.എം ഉന്നയിച്ച ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി സി.പി.ഐ. സി.പി.എമ്മിനും ഇ.പി ജയരാജനുമെതിരെ മുതിര്‍ന്ന സി.പി.എെ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് മറുപടിയുമായി രംഗത്തെത്തിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഇടതുപക്ഷ പ്രസ്ഥാനത്തന്റെ അടിത്തറ വികസിപ്പിക്കാന്‍ ഇടതുപക്ഷ ബന്ധമുള്ള ആരു വന്നാലും സ്വീകരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. ചേര്‍പ്പ് ലോക്കല്‍ സെക്രട്ടറിയടക്കം സി.പി.എമ്മില്‍ നിന്ന് പുറത്തായവരെ സി.പി.എെ സ്വീകരിച്ചതിനെതിരെ ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇടതുപക്ഷ വിരുദ്ധരുടെ ആശ്രയ കേന്ദ്രമായി സി.പി.എെ മാറുന്നുണ്ടെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ തകര്‍ക്കുന്നതാണ് സി.പി.എെ നടപടിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു പന്ന്യന്റെ വാക്കുകള്‍. അടിത്തറ വികസിപ്പിക്കാന്‍ വെറുതെ സ്വപ്നം കണ്ടിരുന്നാല്‍ പോര. ഇടതുപക്ഷ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള മുഴുവന്‍ ജനങ്ങളെയും സ്വീകരിക്കുന്നതാണു സി.പി.എെയുടെ പൊതുസമീപനം. ഇതിന്റെ അടിസ്ഥാനത്തിലാണു സി.പി.എം വിട്ടുവന്നവരെ സ്വീകരിക്കുന്നത്. അതില്‍ ആര്‍ക്കും ആക്ഷേപമുണ്ടാകേണ്ട കാര്യമില്ല. ഇടതുചേരിയില്‍ ഉള്ളവരെ അവിടെതന്നെ നിര്‍ത്താനാണ് സി.പി.എെ ശ്രമിക്കുന്നത്. സി.പി.എം വിടുന്നവര്‍ ഇടതുചേരി തന്നെ വിട്ടുപോകണമെന്നാണോ ജയരാജന്‍ പറയുന്നതെന്നും പന്ന്യന്‍ ചോദിച്ചു.
ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാകുന്നില്ല. കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന ആരും ഇക്കാര്യത്തില്‍ ആക്ഷേപിക്കേണ്ട കാര്യമില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൂടാരമല്ലിത്. കമ്യൂണിസ്റ്റ് അനുകൂലികളുടെ കൂടാരമാണ്. ജയരാജന്റെ വാക്കുകള്‍ തെറ്റിദ്ധാരണയില്‍ നിന്നായിരിക്കാമെന്നും പന്ന്യന്‍ പറഞ്ഞു.
ജയരാജന്റെ പ്രസ്താവനക്ക് താന്‍ മറുപടി പറയേണ്ട ആവശ്യമില്ല. യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമായി കാണണം. ഈ പ്രസ്ഥാനത്തിനകത്തു വരേണ്ട ആളുകളെ വരേണ്ടെന്നു പറഞ്ഞാല്‍ അവര്‍ പോകുന്നതു പിന്തിരിപ്പന്‍മാരുടെ കൂടാരത്തിലായിരിക്കും. അത് പിന്തിരിപ്പന്മാരെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. സി.പി.എെ അതിനു തയാറല്ല. കമ്യൂണിസ്റ്റുകാരുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ അഭയസ്ഥാനം ശക്തമാക്കണം. രാജ്യം അനുഭവിക്കുന്ന ദുരന്തത്തിനു പരിഹാരം കാണാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ആവശ്യമായതുകൊണ്ടാണ് ഈ പ്രസ്ഥാനത്തിലേക്ക് വരുന്ന കൊള്ളാവുന്നവരെയെല്ലാം സ്വീകരിക്കുന്നത്. ഒരുപാടുപേര്‍ വരുന്നതില്‍ സന്തോഷിക്കുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടതെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ ചേര്‍പ്പ് ഏരിയാ കമ്മിറ്റി നടത്തിയ പൊതുയോഗത്തിനിടെയായിരുന്നു സി.പി.എെക്കെതിരെ ഇ.പി. ജയരാജന്‍ കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്.
ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് സി.പി.എെ കുറച്ചുകൂടി ഉയര്‍ന്ന് ചിന്തിക്കണമെന്നും വര്‍ഗീയ ശക്തികളെ ചെറുക്കാനുള്ള കഴിവ് സി.പി.എെക്കില്ലെന്നും ജയരാജന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സി.പി.എം വിടുന്നവര്‍ സി.പി.എെയില്‍ ചേരുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. ഇരുപാര്‍ട്ടികളും തമ്മില്‍ നേരത്തെതന്നെ അഭിപ്രായഭിന്നതക്ക് വഴിവെച്ച സംഭവം ഏറ്റുമുട്ടലായി പുറത്തുവരുന്നതിന്റെ സൂചനയാണ് സി.പി.എംസി.പി.എെ നേതാക്കള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നല്‍കുന്നത്.