Random Posts

Wednesday, October 12, 2011

കോഴിക്കോട് മെഡി.കോളജില്‍ അത്യാധുനിക സൗകര്യങ്ങള്‍

150 കോടി രൂപ ചെലവില്‍ കേന്ദ്രസര്‍ക്കാറിന്റെ പി.എം.എസ്.എസ്.വൈ പദ്ധതിയില്‍പെടുത്തി കോഴിക്കോട് മെഡിക്കല്‍കോളജില്‍ സൂപ്പര്‍സ്പെഷ്യാലിറ്റിബ്ലോക്ക് നിര്‍മിക്കുമെന്ന് മന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു.
നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നവജാതശിശുപരിചരണത്തിനായി ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. 22 കോടി ചെലവില്‍ കോഴിക്കോട് മെഡിക്കല്‍കോളജിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും ഓരോ ലീനെയര്‍ ആക്സിലേറേറ്റര്‍ സ്ഥാപിക്കും. സംസ്ഥാനത്ത് 4 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. പ്രാരംഭ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ പുതിയ ക്വാഷാലിറ്റി ബ്ലോക്കും ഫാര്‍മസ്യൂട്ടിക്കല്‍ കോളജിനുവേണ്ടി പുതിയ കെട്ടിടവും 30.50 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കും. 40.465 കോടി ചെലവഴിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ അക്കാദമിക് ബ്ലോക്കും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ട്രീറ്റ്മെന്റ് പ്ലാന്റും നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കും. തൃശൂര്‍, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രികളില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ആരംഭിക്കും. പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിക്കും. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ 3.14 കോടി ചിലവില്‍ സ്റ്റെം സെല്‍തെറാപ്പി യൂണിറ്റ് ഈ വര്‍ഷം ആരംഭിക്കും. കൂടാതെ 6.25 കോടി രൂപ മുടക്കി പുതിയ എം.ആര്‍.എെ സ്ക്കാനറും സ്ഥാപിക്കും. 21 പുതിയ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ തുടങ്ങും.
കണ്ണൂര്‍ ആയൂര്‍വേദ കോളജില്‍ ഒരു കോടി ചെലവഴിച്ച് ജീറിയാട്രിക് സെന്റര്‍ ആരംഭിക്കും. ചെലവുകുറഞ്ഞ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 60 ഹോമിയോ ഡിസ്പെന്‍സറികള്‍ തുടങ്ങും. 15 ഹോമിയോ ആസ്പത്രികളും 70 ഡിസ്പെന്‍സറികളും നവീകരിക്കും. വണ്ടൂരില്‍ കാന്‍സര്‍ കെയര്‍ യൂണിറ്റായ ചേതനയുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കും.