Random Posts

Monday, October 24, 2011

മകനെ രക്ഷിക്കാന്‍ ദല്ലാള്‍ കുമാറുമായി വി.എസിന്റെ രഹസ്യ കൂടിക്കാഴ്ച

ഇടനിലക്കാരനുമായി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ഒളിച്ചുകളി പരസ്യമായി. മകന്‍ അരുണ്‍കുമാറിനെ രക്ഷിക്കാനുള്ള വഴിതേടി ഇന്നലെ വി.എസ് അച്യുതാനന്ദന്‍ ദല്ലാള്‍കുമാറെന്ന നന്ദകുമാറുമായി ആലുവ പാലസില്‍ നടത്തിയ രഹസ്യ ചര്‍ച്ച പിടിക്കപ്പെട്ടു.
സ്ഥിരമായി വി.എസ് നടത്തുന്ന രഹസ്യ കൂടിക്കാഴ്ച ഇത്തവണ ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്റെ ആദര്‍ശമുഖംമൂടി അഴിഞ്ഞുവീണു. ഇടമലയാര്‍ ഉള്‍പെടെയുള്ള കേസുകളില്‍ കോടതികളില്‍ നിന്ന് തനിക്ക് അനുകൂലമായ വിധി നേടാന്‍ വി.എസ് ജഡ്ജിമാരെ സ്വാധീനിച്ചെന്നും ഇക്കാര്യത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് നന്ദകുമാറാണെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കേ, കൂടിക്കാഴ്ച വന്‍ വിവാദത്തിനാണ് വഴിതുറക്കുന്നത്. മകന്‍ അരുണ്‍കുമാറിനെതിരെയുള്ള കേസുകള്‍ അന്വേിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായ വാര്‍ത്തകള്‍ വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് വി.എസ് ദല്ലാള്‍കുമാറുമായി ചര്‍ച്ച നടത്തിയത്. ഇത് മകനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മുമ്പ് പലപ്പോഴും ഇയാളുമായി വി.എസ് ആലുവ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് ഡല്‍ഹിയിലേക്ക് വിമാനയാത്ര ചെയ്തിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വി.എസിന്റെ വഴിവിട്ട ബന്ധം സ്ഥിരീകരിക്കപ്പെട്ടത് ഇന്നലെയാണ്. വി.എസിന് ഇയാളുയുള്ള ബന്ധം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെളിവുനല്‍കാന്‍ തയാറാണെന്ന് രാംകുമാര്‍ വെല്ലുവിളിച്ചെങ്കിലും വി.എസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
പാമോലിന്‍ കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞിരുന്നു. വി.എസിന്റെ പുതിയ നിലപാടുകളും അരുണ്‍കുമാറിനെ കാത്തിരിക്കുന്ന കടുത്ത അന്വേണങ്ങളുമാണ് വീണ്ടും ദല്ലാള്‍കുമാറിന്റെ സേവനം തേടാന്‍ പ്രേരിപ്പിച്ചത്.