Random Posts

Tuesday, October 11, 2011

കൃഷിഭവനുകള്‍ കാര്യക്ഷമമാക്കാന്‍ ഒന്നരക്കോടിയുടെ പദ്ധതിക്ക് അംഗീകാരം

സംസ്ഥാനത്തെ കൃഷി ഭവനുകള്‍ കാര്യക്ഷമമാക്കാന്‍ കൃഷിവകുപ്പ് തയാറാക്കിയ ഒന്നരക്കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം. കൃഷിഭവനുകളില്‍ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളുമുള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നതാണു പദ്ധതി. പദ്ധതിയുടെ ഫണ്ട് മറ്റാവശ്യങ്ങള്‍ക്കു വകമാറ്റരുതെന്ന് ഉത്തരവില്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. കൃഷി വികസനം ശക്തിപ്പെടുത്തല്‍ സ്കീമിന് 705 ലക്ഷം രൂപ ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റില്‍ വകകൊള്ളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി തയറാക്കിയത്.

കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന വിധത്തില്‍ കൃഷിഭവനുകളെ ഏകജാലക സംവിധാനമായി മാറ്റും. സംസ്ഥാനത്തെ 399 കൃഷി ഭവനുകളില്‍ കംപ്യൂട്ടര്‍ സംവിധാനമില്ല. പദ്ധതിയുടെ ആദ്യപടിയായി 165 കംപ്യൂട്ടറുകള്‍ കൃഷിഭവനുകളില്‍ വിതരണം ചെയ്യും. ഇതിനു 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നാളികേര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാക്കി കൃഷിഭവനുകളില്‍ കംപ്യൂട്ടര്‍ വിതരണം ചെയ്യും. 1000 കൃഷി ഭവനുകളാണ് സംസ്ഥാനത്തുള്ളത്. പദ്ധതിപ്രകാരം മുഴുവന്‍ കൃഷി ഭവനുകളിലും ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി 60 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്.

കൃഷിഭവനുകളില്‍ ഏര്‍പ്പെടുത്തുന്ന കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ സര്‍വീസിനും മെയിന്റനന്‍സിനുമായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്തു തലങ്ങളിലായിരിക്കും ഇതിനുള്ള ഏര്‍പ്പാടുള്ളത്. തെരഞ്ഞെടുത്ത കൃഷിഭവനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ കാര്‍ഷിക വിജ്ഞാനം ലഭിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍, സിഡികള്‍, ഡിവിഡികള്‍ എന്നിവ ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്കു സര്‍വോന്മുഖ സേവനം ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണു പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.