Random Posts

Saturday, October 15, 2011

അപലപനീയം: മുഖ്യമന്ത്രി

നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളെ ആക്രമിച്ച പ്രതിപക്ഷ നടപടി നാടിന് അപമാനകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. കാര്യങ്ങള്‍ ഇത്രയും എത്തിക്കണമായിരുന്നോ എന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നും നിയമസഭാ മീഡിയാറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സത്യം ജനങ്ങള്‍ക്ക് അറിയണം. എല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷ അനുഭവിക്കണം. ദുരൂഹത സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്തും നടത്തിയിട്ട് അതിന് മറ്റുള്ളവരുടെ മേല്‍ പഴിപറയുന്നത് പ്രതിപക്ഷത്തിന്റെ സ്ഥിരം രീതിയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭയില്‍ കള്ളവോട്ട് നടന്നുവെന്ന് മുമ്പ് ആക്ഷേപിച്ച പ്രതിപക്ഷം വീഡിയോ പരിശോധനയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി ദിവസവും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ചിരിച്ചു, ആംഗ്യം കാട്ടി, ഫോണ്‍ വിളിച്ചു എന്നൊക്കെ പറഞ്ഞാണ് പ്രശ്നമുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്രതിപക്ഷ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാത്ത കുറ്റത്തിന് ആരെയും ശിക്ഷിക്കില്ല. പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന മര്യാദ കൊടുക്കും. ജനാധിപത്യ മര്യാദ പൂര്‍ണമായി പാലിക്കും. പക്ഷെ അവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ശരിയെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആരുടെയും ഭീഷണിക്കു വഴങ്ങില്ല. നിയമസഭയില്‍ നടന്നതെല്ലാം താന്‍ നേരിട്ടു കണ്ടതാണ്. എന്നാല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. വീഡിയോ പരിശോധന നടക്കട്ടെ. അപ്പോള്‍ സത്യം പുറത്തു വരും.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നെന്നു പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കിയത്. അതിന്റെ ഉത്തരവാദിത്തം തനിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. പ്രതിപക്ഷത്ത് നിന്ന് ആരൊക്കെയാണ് റിപ്പോര്‍ട്ടിനു വേണ്ടി പൊലീസിനെ സമീപിച്ചതെന്ന് തനിക്കറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ.കെ ലതികയെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദിക്കുകയോ അവരുടെ ദേഹത്ത് ആരും തൊടുകയോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും പറഞ്ഞു. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ തള്ളിയതിനെ തുടര്‍ന്ന് അവരുടെ തലയില്‍ നിന്ന് തൊപ്പി തെറിച്ച് താഴെ വീഴുന്നത് തങ്ങള്‍ കണ്ടതാണെന്നും മന്ത്രിമാര്‍ പറഞ്ഞു.