Random Posts

Saturday, October 8, 2011

ഇടുക്കിയിലും സി.പി.എമ്മില്‍ സദാചാരപ്രശ്‌നം; അന്വേഷണത്തിന് പിണറായി

തെക്കന്‍ ജില്ലാ സെക്രട്ടറിക്കെതിരെയും ആരോപണം


തൊടുപുഴ: സദാചാരപ്രശ്‌നം ഇടുക്കി ജില്ലയിലും സി.പി.എമ്മിന് പ്രശ്‌നമാകുന്നു. പാര്‍ട്ടിയുടെ ബഹുജന സംഘടനകളിലൊന്നിന്റെ ജില്ലാ നേതാവായ വനിതയാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ ആള്‍ക്കെതിരെ പോളിറ്റ് ബ്യൂറോയ്ക്കും സംസ്ഥാന സെക്രട്ടേറിയറ്റിനും പരാതി അയച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശനിയാഴ്ച പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടെത്തുകയാണ്. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം രഹസ്യമാക്കിയിരിക്കുകയാണ്.
ഏരിയാ കമ്മിറ്റി സെക്രട്ടറി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുയര്‍ത്തിയ വനിത, ഇതിനെ എതിര്‍ത്തതിന്റെ പേരില്‍ തന്റെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയില്ലെന്നും പരാതിപ്പെട്ടിട്ടുണ്ട്. പരാതിയുടെ ഉള്ളടക്കം എല്ലാ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ക്കും ഇവര്‍ അയച്ചുകൊടുത്തിട്ടുണ്ട്.

അതേസമയം, ആരോപണവിധേയനായ വ്യക്തി, പരാതിക്കാരിക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ ആഞ്ഞടിച്ചിരിക്കുകയാണ്. തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു ജില്ലാ സെക്രട്ടറിക്കെതിരെയും ഇതുമായി ബന്ധപ്പെടുത്തി ഇദ്ദേഹം സദാചാരവിരുദ്ധ ആരോപണം ഉന്നയിച്ചതായി അറിയുന്നു.
പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗവുമായ വനിതയാണ് പരാതിക്കാരി. ഇവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്ന വ്യക്തി നേരത്തെയും സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് ആരോപണം നേരിട്ടിട്ടുണ്ട്.
അതേസമയം, പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പില്ല എന്ന വാദമാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. പരാതിക്കാരി മനഃപൂര്‍വ്വം പാര്‍ട്ടി അംഗത്വം പുതുക്കാതെ പുറത്താവുകയും ബഹുജന സംഘടനകളില്‍നിന്ന് അകലം പാലിക്കുകയും ചെയ്തശേഷം പാര്‍ട്ടി സമ്മേളനങ്ങള്‍ വന്നപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത് പാര്‍ട്ടി വിരുദ്ധനീക്കമായാണ് അവര്‍ കാണുന്നത്.

നേതാക്കള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കെ ബന്ധപ്പെട്ട ഘടകങ്ങളില്‍ ഉന്നയിക്കാമെങ്കിലും പരാതിക്കാരി അതുചെയ്തില്ല. അവിടെ പരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ അപ്പീല്‍ നല്‍കാനും സംവിധാനമുണ്ട്. ഇതൊന്നും ചെയ്യാതെ സ്വയം പാര്‍ട്ടിക്ക് പുറത്തുപോയശേഷം സമ്മേളനകാലത്ത് പരാതിയുമായി വരുന്നതില്‍ കാര്യമില്ലെന്ന നിലപാടാണ് ജില്ലാ നേതാക്കള്‍ക്ക്.