
ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ സെക്രട്ടേറിയറ്റുകള്‍ കേന്ദ്രീകരിച്ച് ശബരിമല സെല്‍ രൂപവത്കരിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.ചര്‍ച്ചയിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ച് ദീര്‍ഘകാല പ്രവര്‍ത്തനം നടത്താനും രൂപംകൊടുത്ത മാസ്റ്റര്‍പ്ളാന്‍ നടപ്പാക്കാന്‍ 150 കോടിയുടെ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ച്കോടി വാഗ്ദാനം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന ഉറപ്പും ലഭിച്ചു.
ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി.
തീര്‍ഥാടകരുമായി എത്തുന്ന ലോറികളെ നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും മറ്റ് സംസ്ഥാനങ്ങളിലെ ആര്‍.ടി.ഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ധാരണയായി. ഇതിന് അതത് ഭാഷകളില്‍ പ്രചാരണമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തും. ക്ളീന്‍ ശബരിമല പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ശബരിമല മുതല്‍ പമ്പ വരെയുള്ള ഭാഗം മാലിന്യമുക്തമാക്കുന്ന കര്‍മപദ്ധതിക്ക് മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടനകാലം തുടങ്ങുന്നതിന് മുമ്പ് സര്‍ക്കാറും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ചാലക്കയം-പമ്പ റോഡ് റബറൈസ്ഡാക്കിയും അനുബന്ധമായ 17 റോഡുകള്‍ നവീകരിച്ചും തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കും.അഞ്ച് വര്‍ഷത്തെ മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി അപകട സാധ്യത നിലനില്‍ക്കുന്ന അരവണ പ്ളാന്‍റ് മാറ്റി സ്ഥാപിക്കുന്നതിനും നിലവിലെ വലിയപന്തലിന് മുകളില്‍ കൂടുതല്‍ സൗകര്യത്തോടെ 25 കോടി മുടക്കി മറ്റൊരു പന്തല്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സന്നിധാനത്തും പമ്പയിലും യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യമൊരുക്കാനും ദേവസ്വംബോര്‍ഡും മാസ്റ്റര്‍ പ്ളാന്‍ കമ്മിറ്റിയും നടപടിയൊരുക്കിയിട്ടുണ്ടെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.






