Random Posts

Tuesday, October 4, 2011

ദാരിദ്ര്യരേഖ: ആസൂത്രണക്കമ്മീഷന്റെ പരിധി അടിസ്ഥാനമാക്കില്ലെന്ന് സര്‍ക്കാര്‍

ദാരിദ്ര്യരേഖ നിശ്ചയിക്കാന്‍ നഗരങ്ങളില്‍ ഒരാള്‍ ചെലവഴിക്കുന്ന തുക 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയുമായി ആസൂത്രണകമ്മീഷന്‍ നിശ്ചയിച്ചത്, ഭക്ഷ്യസുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടപ്പാക്കുമ്പോള്‍ അടിസ്ഥാനമാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഗ്രാമവികസനമന്ത്രി ജയറാം രമേഷും ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായി.

കേന്ദ്രസര്‍ക്കാറിന്റെ വിവിധ സാമൂഹിക പദ്ധതികളുടെ പ്രയോജനം പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. ഇപ്പോള്‍ ഗ്രാമവികസന മന്ത്രാലയം നടത്തുന്ന സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കുമിത്. സെന്‍സസ് അടുത്ത ജനവരിയില്‍ പൂര്‍ത്തിയായാല്‍ മന്ത്രാലയവും ആസൂത്രണക്കമ്മീഷനും വിദഗ്ധ സമിതി രൂപവത്കരിച്ച് സംസ്ഥാന സര്‍ക്കാറുകളുമായും പൗരസമൂഹവുമായും കൂടിയാലോചന നടത്തുമെന്ന് ജയറാം രമേഷും അലുവാലിയയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവപ്പെട്ട ഒരു കുടുംബത്തെയും സര്‍ക്കാര്‍ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കില്ല. ദരിദ്ര കുടുംബങ്ങളുമായി ബന്ധപ്പെട്ട് ആസൂത്രണക്കമ്മീഷന്‍ ഇപ്പോള്‍ ഓരോ സംസ്ഥാനത്തും നിശ്ചയിച്ച പരിധി, സര്‍ക്കാര്‍ പദ്ധതികളുടെ ആനൂകൂല്യത്തിന് അടിസ്ഥാനമാക്കില്ല.

ദരിദ്രകുടുംബങ്ങളുടെ എണ്ണം കുറച്ചുകാണിക്കാന്‍ ആസൂത്രണക്കമ്മീഷന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് അലുവാലിയ പറഞ്ഞു. സുപ്രീംകോടതിയിലെ കേസുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിന് നല്‍കിയ മറുപടി സത്യവാങ്മൂലമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഗ്രാമീണമേഖലയില്‍ മാസം 3905 രൂപയും നഗരമേഖലയില്‍ മാസം 4824 രൂപയും ചെലവഴിക്കുന്ന കുടുംബം ബി. പി. എല്‍. വിഭാഗത്തില്‍ വരുമെന്നാണ് അതില്‍ പറഞ്ഞിരുന്നത്. 1973-ല്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്ര്യരേഖ കണക്കാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 2009-ലെ ടെന്‍ഡുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലും 2011 ജൂണിലെ വിലനിലവാരം കണക്കാക്കിയുമാണ് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ പാവപ്പെട്ടവന് ജീവിക്കാന്‍ പറ്റുന്ന തുകയുടെ പരിധിയാണ് ഇതെന്ന അഭിപ്രായം കമ്മീഷനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കേ സബ്‌സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാവൂ എന്ന അഭിപ്രായം കമ്മീഷനില്ല. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ കരടില്‍ ദാരിദ്ര്യരേഖയെന്നല്ല, മുന്‍ഗണനാ വിഭാഗം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെന്ന് ജയറാം രമേഷും അലുവാലിയയും ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം ജനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. 2009-10 ല്‍ ടെന്‍ഡുല്‍ക്കര്‍ കമ്മിറ്റി കണക്കാക്കിയത് ജനസംഖ്യയുടെ 33 ശതമാനത്തോളം ദരിദ്രവിഭാഗത്തില്‍ ഉള്‍പ്പെടുമെന്നാണ്. എന്നാല്‍ സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമതി ഈ പരിധി വലുതാക്കി ജനസംഖ്യയുടെ 41 ശതമാനം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നും അവര്‍ക്ക് ഭക്ഷ്യസബ്‌സിഡി ലഭ്യമാക്കണമെന്നും ശുപാര്‍ശ ചെയ്തു. സര്‍ക്കാറിന്റെ പല പദ്ധതികളും ഇപ്പോള്‍ ദാരിദ്ര്യരേഖയുമായി ബന്ധപ്പെടുത്തിയല്ല നടപ്പാക്കുന്നത്. ഉച്ചഭക്ഷണ പരിപാടി, ദേശീയ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശനിയമം തുടങ്ങിയവയെല്ലാം സാര്‍വത്രികമാണ്.