Random Posts

Thursday, October 6, 2011

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

2012 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പെടുത്തി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികകള്‍ പുതുക്കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടറേറ്റുകള്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും അതതു സ്ഥലത്തെ പോളിംഗ് ബുത്തിന്റെ ചുമതലയുള്ള ബൂത്ത് തല ഉദ്യോഗസ്ഥരുടെ പക്കലുള്ള അച്ചടിച്ച കരട് വോട്ടര്‍ പട്ടികകളുടെ പകര്‍പ്പ് പരിശോധനക്ക് ലഭ്യമായിരിക്കും. ഒക്ടോബര്‍ ഏഴ് മുതല്‍ നവംബര്‍ ഒന്നുവരെ അപേക്ഷകള്‍ അതാത് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കും. പുതുതായി പേര് ചേര്‍ക്കുന്നതിനും ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊരു മണ്ഡലത്തിലേക്കോ മണ്ഡലത്തിനുള്ളില്‍ മറ്റൊരു ബൂത്തിലേക്കോ പേര് മാറ്റുന്നതിനും അനര്‍ഹരായവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അവ തിരുത്തുന്നതിനും അപേക്ഷകള്‍ സ്വീകരിക്കും.