കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ രണ്ട് പ്രതിപക്ഷ എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സി.പി.എം അംഗങ്ങളായ ടി.വി രാജേഷ്, ജയിംസ് മാത്യു എന്നിവരെയാണ് രണ്ട് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്. ഇന്നത്തെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് സസ്പെന്‍ഷന്‍. വെള്ളിയാഴ്ചയുണ്ടായ കയ്യാങ്കളി സംബന്ധിച്ച് സ്പീക്കര്‍ നല്‍കിയ റൂളിംഗിനെ ചോദ്യം ചെയ്ത എം.എല്‍.എമാര്‍, സസ്പെന്‍ഷന്‍ ചോദിച്ചുവാങ്ങുകയായിരുന്നു. നടപടി അംഗീകരിക്കാന്‍ തയാറാകാത്ത പ്രതിപക്ഷം, സ്പീക്കറെ വെല്ലുവിളിച്ച് നിയമസഭക്കുള്ളില്‍ സത്യഗ്രഹം നടത്തുകയാണ്. സസ്പെന്‍ഷന്റെ സമയപരിധി തീരുന്നതുവരെ നടുത്തളത്തില്‍ സത്യഗ്രഹമിരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം.
ഭരണപ്രതിപക്ഷ അംഗങ്ങളുമായി മണിക്കൂറുകള്‍ നീണ്ട സമവായ ചര്‍ച്ചക്കൊടുവില്‍ രണ്ട് പേരുടെയും ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, ഇനി ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാജേഷും ജയിംസ് മാത്യുവും തന്റെ ചേംബറിലെത്തി ഖേദം പ്രകടിപ്പിച്ചെന്ന സ്പീക്കറുടെ പ്രസ്താവനയെ തുടര്‍ന്ന് ഇരുവരും ആക്രോശത്തോടെ ചാടിയെഴുന്നേറ്റ് സ്പീക്കര്‍ കള്ളം പറയുകയാണെന്ന് ആരോപിച്ചു. തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സംഭവങ്ങളില്‍ വിഷമമുണ്ടെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.
ചേംബറിലുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ജയിംസ് മാത്യു വീണ്ടും പ്രതിഷേധിക്കുന്നത് ചട്ടലംഘനമാണെന്നും കൂടുതല്‍ കടുത്ത നടപടിക്ക് നിര്‍ബന്ധിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. റൂളിംഗിനിടയിലും പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രിയോട് സ്പീക്കര്‍ ആരാഞ്ഞു. തുടര്‍ന്ന് എഴുന്നേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ രണ്ട് പേരെയും സസ്പെന്റ്് ചെയ്യുന്നതായ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ടി.വി രാജേഷ്, ജയിംസ്മാത്യു എന്നിവര്‍ സഭയോട് കടുത്ത അനാദരവും ഗുരുതരമായ അച്ചടക്കലംഘനവും നടത്തിയിരിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സാമാജികരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്നും അതിനാല്‍ ചൊവ്വാഴ്ച സഭ പിരിയുന്നത് വരെ ഇരുവരെയും സസ്പെന്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രമേയം സഭ പാസാക്കി.
ഇന്നലെ രാവിലെ മുതല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ രൂപം കൊണ്ട ധാരണ പ്രതിപക്ഷം ഒടുവില്‍ അട്ടിമറിക്കുകയായിരുന്നു. രാവിലെ ഇരുമുന്നണികളുടെയും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ കക്ഷിനേതാക്കളെ ചുമതലപ്പെടുത്തി. തുടര്‍ന്ന്, സ്പീക്കര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇരുമുന്നണികളും തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്ത എം.എല്‍.എ മാര്‍ക്കെതിരെ സസ്പെന്‍ഷന്‍ വേണമെന്ന നിലപാടായിരുന്നു ഭരണപക്ഷത്തിന്റേത്. എന്നാല്‍, നടപടിയെടുത്താല്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്ന ധിക്കാരമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഒടുവില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിക്കുകയെന്ന നിര്‍ദേശം ഉയര്‍ന്നു.
തുടര്‍ന്ന്, സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ശരിയായില്ലെന്നും ഇതില്‍ തങ്ങള്‍ക്ക് ഖേദമുണ്ടെന്നും രണ്ട് എം.എല്‍.എമാരും സ്പീക്കറെ അറിയിച്ചു. തുടര്‍ന്നുണ്ടാക്കിയ ധാരണനുസരിച്ച് ധനാഭ്യര്‍ത്ഥന ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സ്പീക്കര്‍ ചെയറിലെത്തി വിശദമായ റൂളിംഗ് നല്‍കി. ഇതിനിടെയാണ് വീണ്ടും പ്രതിപക്ഷം തങ്ങളുടെ തനിനിറം കാട്ടിയത്. തുടര്‍ന്നാണ് ഇരുവരെയും സസ്പെന്റ് ചെയ്തത്.






