Random Posts

Monday, October 31, 2011

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കും

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി നവംബറില്‍ പുനരാരംഭിച്ചേക്കും. കഴിഞ്ഞ നവംബറില്‍ നിര്‍ത്തിവെച്ച നടപടികള്‍ക്കാണ് വീണ്ടും തുടക്കംകുറിക്കുന്നത്. ദേശീയപാത 47ല്‍ ചേര്‍ത്തല മുതല്‍ കളിയിക്കാവിള വരെയുള്ള 216 കിലോമീറ്ററാണ് ഇനി 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ളത്. ഇതിനായി ഏകദേശം 450 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. ദേശീയപാത 17ല്‍ കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ എറണാകുളം ജില്ലയിലെ ഇടപ്പള്ളി വരെ 417 കിലോമീറ്റര്‍ ദൂരം വികസിപ്പിക്കാനുണ്ട്. ഇതിനായി 950 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇതെല്ലാം നവംബറില്‍ പുനരാരംഭിക്കും.
കേന്ദ്ര പാക്കേജിനു പുറമെ, പുറമ്പോക്കില്‍ താമസിക്കുന്നവരെയും വാടകക്കാരെയും മറ്റും ഉള്‍പെടുത്തി സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പുനരധിവാസ പാക്കേജുകൂടി നടപ്പാക്കിക്കൊണ്ടാണ് പദ്ധതിക്ക് പുതുജീവന്‍ പകരുന്നത്. ദേശീയപാത നിയമമനുസരിച്ച് ഭൂമി ഒഴിയേണ്ടിവരുന്നവര്‍ക്കു നഷ്ടപരിഹാരത്തുക നല്‍കാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ. പുനരധിവാസ പാക്കേജ് നല്‍കാനാവില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതു പൊതുവായി ബാധകമായതിനാല്‍ പുനരധിവാസകാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കേ തീരുമാനം എടുക്കാനാവൂ. പുനരധിവാസ പദ്ധതികൂടി ഉള്‍പെടുത്തി കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തിന് പാക്കേജ് സമര്‍പ്പിച്ചപ്പോള്‍ അംഗീകാരം ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍നിന്ന് ഭൂമിയുടെ പരമാവധി നഷ്ടപരിഹാരം നേടിയെടുക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ ചെലവില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാനത്തിന് ആയിരം കോടി രൂപ ചെലവു വരുമെന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്. ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരില്‍ ഉപജീവനമാര്‍ഗം അടയുന്ന എല്ലാവരും പാക്കേജിന്റെ പരിധിയില്‍വരും. വാടകക്കെട്ടിടത്തില്‍ നിന്ന് ഒഴിയേണ്ടിവരുന്നവര്‍ക്ക് നിശ്ചിത തുക നഷ്ടപരിഹാരമായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടു പ്രകാരമാണ് പുനരധിവാസ പാക്കേജ് നടപ്പിലാക്കുക.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിനെതിരെ വന്‍തോതിലുള്ള പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്ന് ദേശീയപാത വികസനം 30 മീറ്ററാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആദ്യം നിലപാട് എടുത്തെങ്കിലും കേന്ദ്രാനുമതി കിട്ടാത്തതിനാല്‍ 45 മീറ്ററാക്കാന്‍ തീരുമാനിക്കുകയായിരുന്നു.