വൈദ്യുതി പ്രതിസന്ധിയുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പെടുത്തിയിരുന്ന ലോഡ്ഷെഡിംഗ് പിന്‍വലിച്ചു. പുറമേ നിന്ന് ഉയര്‍ന്ന വിലക്ക് താപ വൈദ്യുതി വാങ്ങിയാണ് രാത്രിയില്‍ ഏര്‍പെടുത്തിയിരുന്ന അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് പിന്‍വലിച്ചത്.
കായംകുളം എന്‍.ടി.പി.സിയില്‍ നിന്ന് 150 മെഗാവാട്ട് വാങ്ങിയാണ് വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടത്. ഇതിന് പുറമെ, ഇടുക്കിയില്‍ വൈദ്യുതി ഉല്‍പാദനം പുന:സ്ഥാപിച്ചിട്ടുണ്ട്. മൂലമറ്റം പവര്‍ ഹൗസിലെ സാങ്കേതിക തകരാറും പരിഹരിച്ചു. അഞ്ച് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
കേരളത്തിന് 150 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന് എന്‍.ടി.പി.സി അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചതോടെയാണ് വൈദ്യുതി പ്രതിസന്ധിക്ക് അയവ് വന്നത്. കായംകുളത്തെ 360 മെഗാവാട്ട് വിലകൂടിയ വൈദ്യുതി കേരളവും തമിഴ്നാടും വീതിച്ചെടുക്കുകയാണ് മുമ്പ് ചെയ്തിരുന്നത്. എന്നാല്‍ വില കൂടിയതോടെ ഇരുസംസ്ഥാനങ്ങളും ഇതു വേണ്ടെന്നുവച്ചു. കായംകുളം വൈദ്യുതിക്കു പകരം തമിഴ്നാടിന് എന്‍.ടി.പി.സി 150 മെഗാവാട്ട് വിലകുറഞ്ഞ വൈദ്യുതി നല്‍കിയിരുന്നു. വൈദ്യുതി ക്ഷാമം ഉണ്ടായപ്പോള്‍ ഇത് ആന്ധ്രക്ക് നല്‍കി. കായംകുളം വൈദ്യുതി എടുത്താല്‍ ഈ 150 മെഗാവാട്ട് കേരളത്തിന് നല്‍കാമെന്നാണ് കഴിഞ്ഞദിവസം എന്‍.ടി.പി.സി സമ്മതിച്ചത്.






