വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി സി.പി.എം. ഇപ്പോള്‍ നടത്തുന്ന അക്രമ സമരം ജനാധിപത്യ സംവിധാനങ്ങളെയും ക്രമസമാധാനത്തെയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ഇടതുപക്ഷ മുന്നണി ഭരണത്തിന് പുറത്താവുമ്പോള്‍ കേരളം എക്കാലവും സാക്ഷിയാവുന്ന തെരുവുയുദ്ധങ്ങള്‍ക്ക് സമാനമായ തരത്തിലാണ് കോഴിക്കോട് നഗരത്തില്‍ തിങ്കളാഴ്ച അരങ്ങേറിയ അക്രമ സമരം. പൊലീസിനെ വേട്ടയാടിയും പൊതുമുതല്‍ തകര്‍ത്തും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അഴിഞ്ഞാടാന്‍ വിട്ട് സി.പി.എം. എന്ത് ലാഭമാണ് പ്രതീക്ഷിക്കുന്നതെന്നറിയാന്‍ താല്‍പര്യമുണ്ട്. അതിവേഗം മാറുന്ന കാലത്തിന്റെ പുതിയ പ്രവണതകളെ തിരിച്ചറിയാതെ സി.പി.എമ്മും അവരുടെ പോഷക സംഘടനകളും നടത്തുന്ന പ്രാകൃത സമരരീതി യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തോടുതന്നെ പുതിയ തലമുറക്ക് പുച്ഛമുണ്ടാക്കാനേ ഉപകരിക്കൂ. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാവേണ്ട യൗവനത്തെ തീഷ്ണമായ സമരമുഖങ്ങളിലേക്ക് തള്ളിവിട്ട് ചോരയില്‍ മുക്കിക്കൊല്ലുന്നത് ഏതായാലും ഗുണകരമല്ല. നശീകരണാത്മക രാഷ്ട്രീയത്തിന്റെ വേവും നോവും സമൂഹം മൊത്തം അനുഭവിക്കേണ്ടി വരുന്നത് ജനാധിപത്യത്തെ അവജ്ഞയോടെ കാണാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ശാന്തമായി സമരം ചെയ്തുകൊണ്ടുതന്നെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവസരങ്ങള്‍ തുറന്നുകിടക്കുന്ന ഒരു നാട്ടില്‍ സകല ക്രിമിനലുകളെയും തുറന്നുവിട്ട് ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുന്നത് അപലപനീയമാണ്.
എസ്.എഫ്.എെ.യുടെ ക്രൂരമായ പീഢനത്തിന് വിധേയനായി പഠനം ഉപേക്ഷിക്കേണ്ടിവന്ന നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ മെയ് 30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ സീറ്റില്‍ പ്രവേശനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിടുകയായിരുന്നു. എന്നാല്‍ നിര്‍മ്മല്‍ മാധവിനെ കോഴിക്കോട്ടും പഠിക്കാന്‍ വിടില്ലെന്ന വാശിയിലാണ് എസ്.എഫ്.എെ. പെരുമാറിയത്. ചട്ടം ലംഘിച്ചാണ് നിര്‍മ്മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്നും നിര്‍മ്മലിനെ പുറത്താക്കുംവരെ സമരം ചെയ്യുമെന്നും എസ്.എഫ്.എെ. പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി എസ്.എഫ്.എെ. സമരം തുടങ്ങിയത്. സമരംമൂലം ഒരു മാസക്കാലമായി എഞ്ചിനീയറിംഗ് കോളജില്‍ പഠനം മുടങ്ങിയിരിക്കുകയാണ്.
എസ്.എഫ്.എെ. നേതൃത്വം നല്‍കുന്ന സമരങ്ങള്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് പൊതുഖജനാവിന് വരുത്തിവെക്കുന്നത്. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ താന്തോന്നിത്തത്തിന് പൊതുജനങ്ങള്‍ ഇത്തരത്തില്‍ വില നല്‍കേണ്ടിവരുന്നത് ദു:ഖകരമാണ്. ഇത്തരം അക്രമ സമരങ്ങള്‍ നയിക്കുന്നവരില്‍നിന്നുതന്നെ പൊതുഖജനാവിന് വരുന്ന നഷ്ടം തിരിച്ചുപിടിക്കാനുള്ള നിയമ സംവിധാനം കൂടിയേ തീരൂ.
മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തരം സമരങ്ങളില്‍ പരിക്കേല്‍ക്കുന്നുണ്ട്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ.കെ. പ്രവീണ്‍കുമാറിന് വിദ്യാര്‍ത്ഥികളുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. എഞ്ചിനീയറിംഗ് കോളജിലെത്തിയ ഒരു രക്ഷിതാവിനും സംഘര്‍ഷത്തില്‍ പരിക്കുണ്ട്. ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മറവില്‍ നിരപരാധികള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. പ്രതിഷേധിക്കാനും പ്രതികരിക്കാനും ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്. ആ അവകാശം ഹനിക്കപ്പെടുന്നതിനെതിരെ പോരാടാനുള്ള ബാധ്യത തീര്‍ച്ചയായും യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കു തന്നെയാണ്. പക്ഷെ, ഈ അവകാശത്തിന്റെ പരിധി ഏതുവരെയാവാം എന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സാധാരണക്കാരുടെ നികുതിപണംകൊണ്ട് പടുത്തുയര്‍ത്തുന്ന പൊതുമുതല്‍ തകര്‍ത്താല്‍ മാത്രമേ സമരമാവൂ എന്ന ചിന്ത അബദ്ധജഡിലമാണ്. സമരങ്ങള്‍ക്ക് രൂപാന്തരം വന്നുവന്ന് ഇപ്പോള്‍ അക്രമം നടത്തിയില്ലെങ്കില്‍ സമരംതന്നെയാവുന്നില്ല എന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു സംഘടനയെയും കയറൂരിവിടാന്‍ പൊതുസമൂഹം അനുവദിക്കരുത്. സംഘടിതരായ ഒരു ചെറിയ ന്യൂനപക്ഷത്തേക്കാള്‍ അസംഘടിതരായ വലിയൊരു വിഭാഗം പുറത്തുണ്ട്. അവരാണ് പൊതുജനം. അവര്‍ സംഘടിതരല്ലാത്തതിനാല്‍ ഇതുപോലെ പുറത്തേക്ക് അവരുടെ ശബ്ദം എത്തിച്ചേരുന്നില്ല. അതിനര്‍ത്ഥം പൊതുസമൂഹത്തിന് ശബ്ദമേയില്ലെന്നല്ല.
അക്രമ സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ പങ്കുചേരുന്നുണ്ട്. ആയിരമാളുകള്‍ പങ്കെടുത്ത ഒരു സമരം അത് സമാധാനപരമാണെങ്കില്‍ മാധ്യമങ്ങള്‍ പരിഗണിക്കുന്നേയില്ല. എന്നാല്‍ പത്താള്‍ ചേര്‍ന്ന് നടത്തുന്ന സമരവും അക്രമാസക്തമാവുന്നതിന്റെ പേരില്‍മാത്രം ആഘോഷിക്കപ്പെടുകയാണ്. ഒരര്‍ത്ഥത്തില്‍ മാധ്യമശ്രദ്ധനേടാന്‍ പല സമരങ്ങളും അക്രമാസക്തമാക്കുകയാണെന്ന് പറഞ്ഞാല്‍പോലും തെറ്റാവില്ല.
നിര്‍മ്മല്‍മാധവ് പ്രശ്നം ഒരുമേശക്ക് ചുറ്റുമിരുന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇതിന് പകരം ഈ മനുഷ്യാവകാശ പ്രശ്നത്തെ വളച്ചൊടിച്ച് സമരാഗ്നിയിലെ എണ്ണയാക്കി മാറ്റുകയാണ് സി.പി.എം. ഇപ്പോള്‍. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍തന്നെ ഇന്നലെ സമരക്കാരുടെ മുന്നില്‍ നില്‍ക്കാന്‍ എത്തിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് ചേര്‍ന്നതല്ല. അതീവ ഗുരുതരമായ ഈ പ്രശ്നത്തെ ഒരിക്കലും രാഷ്ട്രീയ സംഘടനകള്‍ ചെറുതായി കാണാന്‍ പാടില്ല. കേരളത്തെ അഗ്നിക്കിരയാക്കാന്‍ വേട്ടയാടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ പേര് ഉപയോഗിക്കുന്നതിനെതിരെ വന്‍ ജനരോഷം ഉയര്‍ന്നുവന്നേ തീരൂ. രാഷ്ട്രീയത്തെ സക്രിയമാക്കുന്നതിന് പകരം നശീകരണത്തിനുള്ള ആയുധമാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. കേരളത്തിലെ ജനങ്ങള്‍ ഒരു ഘട്ടത്തിലും ഇത് അനുവദിക്കുകയുമില്ല.






