
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബന്ധുവിന് ഭൂമിനല്‍കിയ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കി. കേസ് അന്വേഷിച്ച കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കുഞ്ഞിരാമന്‍ വെള്ളിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും.
വിജിലന്‍സ് ഉത്തരമേഖലാ എസ്.പി. ഹബീബ് റഹ്മാന്റെ നേതൃത്വത്തിലായിരിക്കും തുടരന്വേഷണം. സംഘത്തിലെ ഉദ്യോഗസ്ഥര്‍ മാറാനിടയുണ്ട്. വി.എസിനെ പ്രതിയാക്കാന്‍ കഴിഞ്ഞദിവസമാണ് അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ.നായര്‍ക്ക് ശുപാര്‍ശ നല്‍കിയത്. മുന്‍ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രനാണ് രണ്ടാംപ്രതി.
ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന കെ.ആര്‍. മുരളീധരന്‍, മുഖ്യമന്ത്രിയായിരിക്കെ വി.എസിന്റെ പ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, ഭൂമിനേടിയ ടി.കെ.സോമന്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരായിരുന്ന എന്‍.എ.കൃഷ്ണന്‍കുട്ടി, ആനന്ദ് സിങ്, വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട എ.സുരേഷ് എന്നിവരാണ് മൂന്നുമുതല്‍ എട്ടുവരെ പ്രതികള്‍. വി.എസ്. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് സര്‍ക്കാര്‍ കാസര്‍കോട്ട് 2.33 ഏക്കര്‍ ഭൂമി നല്‍കിയതാണ് കേസിന് കാരണം. ഈ ഭൂമിക്ക് അന്യായമായി ക്രയവിക്രയാധികാരം നല്‍കിയെന്നാണ് ആരോപണം.






