Random Posts

Sunday, January 8, 2012

സ്വകാര്യ വ്യക്തിക്ക് ഫഌറ്റ് നിര്‍മ്മിക്കാന്‍ ഒത്തുകളി:ഗ്രന്ഥാലയത്തിന് ബേബി ചട്ടവിരുദ്ധമായി ഫണ്ട് അനുവദിച്ചിരുന്നു


സി പി എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ എം എ ബേബിയുടെ സഹോദരന്‍ മുഖ്യസംഘാടകനായുള്ള ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ മറവില്‍ വയല്‍ മണ്ണിട്ട് നികത്തിയത് വിവാദമാവുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ചെലവൂര്‍ കാളാണ്ടിതാഴത്തെ 'ദര്‍ശനം സാംസ്‌കാരിക വേദി കെട്ടിട'ത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ മറവിലാണ് വയല്‍ മണ്ണിട്ട് നികത്തിയത്.
എം എ ബേബിയുടെ ജ്യേഷ്ഠസഹോദരന്‍ എം എ ജോണ്‍സണ്‍ ആണ് ദര്‍ശനം ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയും സാംസ്‌കാരികവേദിയുടെ ജനറല്‍ കണ്‍വീനറും. എം എ ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെ ചട്ടവിരുദ്ധമായി അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ദര്‍ശനം സാംസ്‌കാരിക വേദിയുടെ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പൊടിപൊടിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എം പി അച്യുതന്‍ എം പിയുടെ ഫണ്ടില്‍ നിന്നും ആറരലക്ഷം രൂപ ഗ്രന്ഥാലയകെട്ടിട നിര്‍മ്മാണത്തിനായി ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ട്.

നേരത്തെ ഫഌറ്റ് സമുച്ചയം പണിയുന്നതിനായി സ്വകാര്യവ്യക്തി മണ്ണിട്ട് നികത്താനൊരുങ്ങിയ സ്ഥലമാണ് കെട്ടിടം ഉദ്ഘാടനത്തിന്റെ മറവില്‍ ഇപ്പോള്‍ മണ്ണിട്ട് നികത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെയും പ്രാദേശിക ഡി വൈ എഫ് ഐ നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥലമുടമ പിന്‍മാറിയ സ്ഥലമാണ് ദര്‍ശനം ഭാരവാഹികള്‍ ഫഌറ്റ് നിര്‍മ്മാണത്തിന് 'സജ്ജമാക്കി' കൊടുത്തത്. ദര്‍ശനം ഗ്രന്ഥാലയം പണിതതും സി പി എം നേതൃത്വത്തിന്റെ ഒത്താശയോടെ നെല്‍വയല്‍ മണ്ണിട്ട് നികത്തിയാണെന്നിരിക്കെയാണ് പുതിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുന്നത്.
പാടം മണ്ണിട്ട് നികത്തിയതിനെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സി പി എം ആനുഭാവികളും അംഗങ്ങളായുള്ള 'റെഡ്ഡിയന്‍സ് ക്ലബ്' പരസ്യമായി രംഗത്തെത്തിയിരുന്നു. 'സാധാരണക്കാരന്‍ വീട് വെയ്ക്കാന്‍ രണ്ട് സെന്റ് സ്ഥലം മണ്ണിട്ട് നികത്തുന്നതിനെതിരെ രംഗത്ത് വരുന്നവര്‍ ഫഌറ്റ് നിര്‍മ്മാണത്തിന് പാടം മണ്ണിട്ട് നികത്താന്‍ കൂട്ടുനില്‍ക്കുന്നത് ജനം സഹിക്കില്ല' എന്ന് എഴുതിയ ഫഌക്‌സ് ബോര്‍ഡുകള്‍ ഉദ്ഘാടന വേദിയ്ക്കരികില്‍ ക്ലബ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു. ഫഌക്‌സ് ബോര്‍ഡുകള്‍ ഗ്രന്ഥശാല ഭാരവാഹികള്‍ ഉദ്ഘാടനച്ചടങ്ങിന് മുമ്പ് എടുത്ത് മാറ്റിയെങ്കിലും നിശിതവിമര്‍ശനങ്ങളുമായി വീണ്ടും റെഡ്ഡിയന്‍സുകാര്‍ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചു. റെഡ്ഡിയന്‍സ് ക്ലബ് ഭാരവാഹികളും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച സാഹചര്യത്തില്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഗ്രന്ഥശാല ഭാരവാഹികള്‍.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരെ ഭാരവാഹികളാക്കി നാട്ടുകാരുടെ എതിര്‍പ്പിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് സാംസ്‌കാരിക വേദി സംഘാടകര്‍ നടത്തിയത്. സാംസ്‌കാരികവേദിയില്‍ പേരിന് വേണ്ടി ഏതാനും പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സൗകര്യപൂര്‍വ്വം അവരുടെ വായടപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി വാദിക്കുന്നവര്‍ ഭാരവാഹികളായുള്ള സാംസ്‌കാരിക വേദിയാണ് വയല്‍ മണ്ണിട്ട് നികത്തി ഗ്രന്ഥശാല പണിയുകയും ഫഌറ്റ് സമുച്ചയത്തിന് മണ്ണിട്ട് നികത്താന്‍ അവസരമൊരുക്കുകയും ചെയ്തതെന്നത് നാട്ടുകാരില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഗ്രന്ഥശാലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഉദ്ഘാടനച്ചടങ്ങിനായെന്ന പേരില്‍ മണ്ണിട്ട് നികത്തി വേദി പണിതിരിക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ കെട്ടിട ഉദ്ഘാടനം എം പി അച്യുതന്‍ എം പി നിര്‍വ്വഹിച്ച ശേഷവും സ്ഥലം മണ്ണിട്ട് നികത്തിയ നിലയില്‍ തന്നെ നിലനിര്‍ത്താനാണ് ശ്രമം.

സാധാരണക്കാര്‍ വീട് പണിയാനായി ആകെയുള്ള അല്പം ഭൂമി മണ്ണിട്ട് നികത്തുന്നതിനെതിരെ കൊടിയും വടിയുമായി രംഗത്തെത്തുന്നവരാണ് വയല്‍ മണ്ണിട്ട് നികത്തി ഗ്രന്ഥശാലാ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
സ്വകാര്യ വ്യക്തിയ്ക്ക് ഫഌറ്റ് പണിയുന്നതിനായി ഗ്രന്ഥശാലയ്ക്ക് തൊട്ടടുത്ത സ്ഥലവും മണ്ണിട്ട് നികത്തിക്കൊടുത്ത് 'പാടസംരക്ഷണ'ത്തിന്റെയും കൃഷിസ്‌നേഹത്തിന്റെയും പുതിയ മാതൃക കാണിച്ച് കൊടുത്തിരിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സാംസ്‌കാരികവേദിയാണ് എന്നതാണ് വിരോധാഭാസം.