Random Posts

Sunday, January 29, 2012

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വിഷന്‍ 2030 പദ്ധതി; ദര്‍ശന രേഖ പുറത്തിറക്കും

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ദര്‍ശനരേഖ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
രാഷ്ട്രീയപ്പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കു വിവിധ മേഖലകളിലുള്ളവരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഷന്‍ 2030ന്റെ ഭാഗമായി ആസൂത്രണ കമ്മീഷന്റെ ഉപദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ദര്‍ശനരേഖയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും. പ്രധാന വകുപ്പുകളുടെ പരിശോധനയ്ക്കുശേഷം ദര്‍ശനരേഖ തയ്യാറാക്കും. പൊതുചര്‍ച്ചയ്ക്കു ശേഷമാവും ഇതിന് അംഗീകാരം നല്‍കുക.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ദീര്‍ഘമായ പരിപാടിയ്ക്ക് ഇത്തരത്തില്‍ രൂപരേഖ തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2030 വരെയുള്ള കാഴ്ചപ്പാടോടുകൂടിയാണ് സംസ്ഥാനം പന്ത്രണ്ടാം പദ്ധതിയ്ക്ക് രൂപംനല്‍കുന്നതെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിതരണമേഖല ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അലുവാലിയയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യവികസനത്തിന് സിയാല്‍ മാതൃകയില്‍ പദ്ധതികള്‍ നടപ്പാക്കും. രണ്ടാം തലമുറ വികസനത്തിന് കേരളം രാജ്യത്തിന് മാതൃകയാകണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള വികസനപാത സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.