
മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദന്‍ തന്റെ ബന്ധുവായ ടികെ സോമന് കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കിയെന്ന പരാതിയില്‍ വിഎസിനെതിരെ
അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് പരിധിയിലായിരിക്കും അന്വേഷണം. വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ അച്യുതാനന്ദന്‍ കുറ്റകരമായ ഇടപെടല്‍ നടത്തിയെന്നു സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഡിസംബര്‍ അവസാനവാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന നിയമോപദേശം ലഭിച്ചു. ഇതിനെത്തുടര്‍ന്നു വിശദമായ പരിശോധനകള്‍ക്കു ശേഷം പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) തയാറാക്കുകയായിരുന്നു. പഴുതുകള്‍ അടച്ചുകൊണ്ടുള്ള എഫ്‌ഐആര്‍ വിജിലന്‍സിന്റെ പ്രത്യേക അഭിഭാഷകനും പുറത്തുനിന്നുള്ള ചില നിയമവിദഗ്ധരും കണ്ടിരുന്നു. ഇവര്‍ നല്‍കിയ നിയമോപദേശം കൂടി പരിഗണിച്ചാണ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്.
എഫ്‌ഐആറും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. ഡയറക്ടറുടെ അനുമതി ലഭിച്ചതോടെ എഫ്‌ഐആര്‍ ഇനി കോടതിയില്‍ സമര്‍പ്പിക്കാം. അടുത്ത ആഴ്ചയില്‍ ആദ്യ ദിവസങ്ങളില്‍ വിജിലന്‍സിന്റെ പ്രത്യേക അഭിഭാഷകന്റെ സമയം ലഭിക്കുന്ന മുറയ്ക്കു പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ നല്‍കും. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണു എഫ്‌ഐആര്‍ നല്‍കുക. മറ്റു കോടതികള്‍ വഴി എഫ്‌ഐആര്‍ ചോദ്യം ചെയ്യാനോ നടപടികള്‍ സ്റ്റേ ചെയ്യാനോ സാധ്യതയുള്ളതിനാല്‍ ഇതൊഴിവാക്കുന്നതിനാണു നിയമപരമായ എല്ലാ പഴുതുകളും അടയ്ക്കുന്നത്.
അന്വേഷണസംഘം തയാറാക്കിയ എഫ്‌ഐആറില്‍ ഒന്നാം പ്രതിസ്ഥാനത്താണ് അച്യുതാനന്ദന്‍. അഴിമതി നിരോധന നിയമത്തിലെ 13-ാം വകുപ്പ് ഇന്ത്യന്‍ പീനല്‍ കോഡിന്റെ കുറ്റകരമായ ഗൂഡാലോചന, വഴിവിട്ടു സഹായിക്കല്‍, അധികാര കേന്ദ്രങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു അച്യുതാനന്ദനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. റവന്യൂ മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രനാണു എഫ്‌ഐആറിലെ രണ്ടാം പ്രതി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമാണു കെ.പി രാജേന്ദ്രന്‍ ചെയ്തിട്ടുള്ളത്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്‍. മുരളീധരന്‍ മൂന്നാം പ്രതിയും അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ് നാലാം പ്രതിയുമാണ്. ഭുമി ലഭിച്ച വി.എസിന്റെ ബന്ധു ടി.കെ. സോമനാണ് അഞ്ചാം പ്രതി. കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന്ന എന്‍.കെ കൃഷ്ണന്‍കുട്ടി, ആനന്ദ് സിങ് എന്നിവരാണ് ആറും ഏഴും പ്രതികള്‍. അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷാണ് എട്ടാം പ്രതി.
പ്രാഥമിക പരിശോധനയില്‍ പലതവണ ആവശ്യപ്പെട്ടിട്ടും മൊഴി നല്‍കാതിരിക്കാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് നിലപാട് കര്‍ശനമാക്കിയതോടെ മൊഴി നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അച്യുതാനന്ദനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് വകുപ്പ് തയാറാകും. മൂന്നുമാസത്തിനകം പൂര്‍ത്തിയാകുന്ന തരത്തിലാണു അന്വേഷണം നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യം കോടതിയില്‍ അറിയിക്കും.






