Random Posts

Wednesday, May 16, 2012

കോഴിക്കോട് ജില്ലാ സെക്രട്ടറി അവധിയ്ക്ക് പോയി; സി.പി.എമ്മിന്റെ അടിവേര് ഇളകുന്നു

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. ആറുമാസം മുമ്പേ നിശ്ചയിച്ച പ്രകാരമുള്ള ചൈനായാത്രക്കാണ് അവധിയില്‍ പ്രവേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മേയ് 12 മുതലാണ് രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നും അവധിയെടുത്തത്. എം ഭാസ്‌കരന് പകരം ചുമതല നല്‍കിയിട്ടുണ്ട്. ടി.പി രാമകൃഷ്ണന്‍ ചൈനായാത്രക്കുവേണ്ടി നേരത്തേ അവധി ചോദിച്ചിരുന്നതായും ശനിയാഴ്ച തന്നെ യാത്ര പുറപ്പെട്ടുവെന്നുവെന്നും എളമരം കരീം അറിയിച്ചു. ടി. പി രാമകൃഷ്ണന്‍ സ്ഥലത്തില്ലെന്നും സ്വകാര്യ സന്ദര്‍ശനത്തിനായി ചൈനയിലേക്ക് പോയെന്നും മൂന്നു മാസം മുമ്പേ കത്തു നല്‍കിയിരുന്നു പകരം ചുമതല വഹിക്കുന്ന എം. ഭാസ്‌കരന്‍ പറഞ്ഞു.
മെയ് 4ന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ ആദ്യ പ്രതികരണം നടത്തിയത് ടി. പി രാമകൃഷ്ണനായിരുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ടി.പി വധത്തില്‍ പ്രതിഷേധിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൂട്ടായ്മ സംഘടിപ്പിക്കാന്‍ പോകുന്നതിനിടയിലാണ് ജില്ലാസെക്രട്ടറി അവധിയില്‍ പ്രവേശിച്ചത്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും രാമകൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാമൂര്‍ത്തിയായിരുന്നു വിശദീകരണ യോഗത്തില്‍ പങ്കെടുത്തത്.
കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ വീടുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു രാമകൃഷ്ണന്‍. തങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ച് ഉണ്ട് ഉറങ്ങിയ രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ തന്റെ ഭര്‍ത്താവിന് ഈ വിധി ഉണ്ടായല്ലോയെന്ന് ടി.പി. വധത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് രമ വ്യക്തമാക്കിയതുമാണ്. രമയുടെ അച്ഛന്‍ കെ.കെ മാധവന്‍ ജില്ലയിലെ തന്നെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളിലൊരാളും സ്വീകാര്യനുമാണ്. ഈ കുടുംബവുമായി അടുത്ത ബന്ധമുള്ള രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത് സംശയത്തോടെയാണ് ഈ ഘട്ടത്തില്‍ എല്ലാവരും നോക്കിക്കാണുന്നത്. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചാല്‍ ആദ്യം പരിഗണിക്കപ്പെടുന്ന നേതാക്കളിലൊരാള്‍ രാമകൃഷ്ണനാണ്. പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ അവധി പാര്‍ട്ടി ടി.പി വധത്തില്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്.
പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി നാള്‍ക്കുനാള്‍ ഏറിവരുകയാണ്. ഒഞ്ചിയം പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതാണ് ഈ രണ്ട് ജില്ലകളിലും പാര്‍ട്ടിയുടെ അടിവേര് ഇളക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. സൈദ്ധാന്തിക നിലപാടുകളില്‍നിന്നു പാര്‍ട്ടി നേതൃത്വം തുടര്‍ച്ചയായി വ്യതിചലിക്കുന്നത്‌ താഴേ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനാവുന്നതല്ല. നിലവില്‍ ഔദ്യോഗിക വിഭാഗവുമായി ഉടക്കി നില്‍ക്കുന്നവരുമായി താഴെ തട്ടിലുള്ളവര്‍ അടുക്കുന്നതോടെ 'കണ്ണൂര്‍ ലോബി'യ്ക്കെതിരായി കൂട്ടായ്മ ശക്തിപ്പെടുകയാണ്. വി.എസ് അനുകൂലികള്‍ കൂട്ടത്തോടെ ആര്‍.എം.പിയിലേക്ക് എത്തുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ മുന്നോടിയായി ടി.പി. ചന്ദ്രശേഖരനെ അനുകൂലിച്ചിരുന്നവരുടെ വിപുലമായ യോഗം ചൊവ്വാഴ്‌ച്ച കോഴിക്കോട് നടക്കും.
വി.എസ് പക്ഷത്തിനൊപ്പം നിന്നിരുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളിലെ ചില പ്രവര്‍ത്തകരാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. ടി.പി ചന്ദ്രശേഖന്റെ നിലപാടുകളോട് യോജിച്ചിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കും. സംശയമുള്ളവരെയൊക്കെ പാര്‍ട്ടിയുടെ നിരീക്ഷണ വലയത്തിലാണ്. എന്നാല്‍ താഴേത്തട്ടില്‍ നിരീക്ഷിക്കാന്‍ ഏല്പിച്ചവര്‍ തന്നെ മറുകണ്ടം ചാടുമോ എന്ന ഭയവും പാര്‍ട്ടിയ്ക്കുണ്ട്. പേരാമ്പ്ര, പാലേരി, കൂത്താളി, മേപ്പയൂര്‍, എന്നിവടങ്ങളില്‍ വ്യാപകമായി വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തിയുടെ വീടിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പലയിടങ്ങളിലും പാര്‍ട്ടി അനുഭാവികളുടെ പരസ്യമായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് സി.പി.എം നേതൃത്വം.
ഏരിയാ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് ചന്ദ്രശേഖരന്റെ മൃതദേഹം കാണാന്‍ പോയ സി.പി.എം പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പാര്‍ട്ടി ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒഞ്ചിയത്തും ചോറോടും നിരവധി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ ഭാര്യാപിതാവും സി.പി.എം നേതാവുമായ കെ.കെ മാധവന്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. വി.എസ് തരംഗത്തിനൊപ്പം നില്‍ക്കാനാണ് പലപ്പോഴും ജില്ലയിലെ പല സി.പി.എം പ്രവര്‍ത്തകരും തയ്യാറായിട്ടുള്ളത് സി.ഐ.ടി.യുവും കര്‍ഷക സംഘവും ഔദ്യോഗിക പക്ഷത്തേക്ക് നീങ്ങിയപ്പോള്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകള്‍ വി.എസ് പക്ഷത്തായിരുന്നു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ബിമല്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.പ്രദീപ് കുമാര്‍ തുടങ്ങിയ വി.എസ്. പക്ഷനേതാക്കളെ സംഘടനാ നടപടികളിലൂടെ ഒതുക്കി നിറുത്തിയാണ് ജില്ലയില്‍ ഔദ്യോഗിക പക്ഷം ആധിപത്യം സ്ഥാപിച്ചത്.
കോഴിക്കോട് ഉള്ളതിലും വലിയ പ്രതിസന്ധിയാണ് കണ്ണൂരില്‍ പാര്‍ട്ടി നേരിടുന്നത്. വി.എസും കണ്ണൂര്‍ ലോബിയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ കണ്ണൂരിലെ കറകളഞ്ഞ കമ്യൂണിസ്‌റ്റ് അനുഭാവികളും പ്രവര്‍ത്തകരും എന്തു തീരുമാനം എടുക്കുമെന്നുള്ളത് നിര്‍ണ്ണായകമാണ്. സൈദ്ധാന്തികവും ആശയപരവും കായികവുമായ വെല്ലുവിളികള്‍ക്കു മുന്നില്‍ ഒരിക്കലും പതറാത്ത, അണികളെന്ന പാര്‍ട്ടിക്കരുത്ത്‌ ആര്‍ക്ക് ഒപ്പമാണെന്നതാണ് പ്രധാന പ്രശ്നം. അടുത്തിടെ പാര്‍ട്ടിയിലുണ്ടായ വിവാദങ്ങള്‍ കണ്ണൂര്‍ പാര്‍ട്ടിയെ എത്തിച്ചിരിക്കുന്നു പൊട്ടിത്തെറിയുടെ വക്കിലാണ്‌. ജില്ലാ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രവണത അണികളിലേക്കു വ്യാപിച്ചതോടെ പല പാര്‍ട്ടി കോട്ടകളുംഎപ്പോള്‍ പൊട്ടുമെന്നേ ഇനി അറിയാനുള്ളൂ. ഈ ആശങ്കയിലാണു ജില്ലാ-സംസ്‌ഥാന നേതൃത്വം.
ഉറച്ച പാര്‍ട്ടി കോട്ടയാണെങ്കിലും കണ്ണൂര്‍ ഇതിനു മുമ്പും സി.പി.എം. നേതൃത്വത്തിന് ഭീഷണിയായിട്ടുണ്ട്. ബദല്‍രേഖ പ്രശ്‌നത്തില്‍ എം.വി. രാഘവന്‍ സി.പി.എം. വിട്ടു സി.എം.പി. രൂപീകരിച്ചപ്പോള്‍ കണ്ണൂരില്‍ ഉറച്ചപിന്തുണയാണു ലഭിച്ചത്‌. എം.വി. രാഘവന്റെ വ്യക്‌തിത്വത്തില്‍ ആകര്‍ഷകരായി ഏറ്റവും കൂടുതല്‍ പേര്‍ സി.പി.എം. വിട്ടതും കണ്ണൂരില്‍നിന്നായിരുന്നു. പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ജീവന്‍ ബലിയര്‍പ്പിക്കാനും മടിയില്ലാത്ത കണ്ണൂര്‍ സഖാക്കള്‍ക്കു സൈദ്ധാന്തിക നിലപാടുകളില്‍നിന്നു പാര്‍ട്ടി നേതൃത്വം തുടര്‍ച്ചയായി വ്യതിചലിക്കുന്നത്‌ അംഗീകരിക്കാനാവുന്നതല്ല. ഇത്തരം കാര്യങ്ങളില്‍ കേന്ദ്രനേതാക്കള്‍ക്കെതിരേപ്പോലും അതൃപ്‌തി കണ്ണൂരില്‍ ഉയര്‍ന്നിട്ടുണ്ട്‌.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമടക്കം സി.പി.എം. അടുത്ത കാലത്തു നേരിട്ട എല്ലാ പ്രതിസന്ധികളുടെയും പ്രതിസ്‌ഥാനത്തു കണ്ണൂര്‍ ലോബിയാണ്‌. നേരത്തേ ഇത്തരം കാര്യങ്ങളിലൊന്നും ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുഭൂരിപക്ഷം അണികളും നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നില്ല. നേതൃത്വത്തിന്റെ വിശദീകരണങ്ങളിലും നിലപാടുകളുകളിലും അടിയുറച്ചു വിശ്വസിക്കുകയും ചെയ്‌തു. എന്നാല്‍ കണ്ണൂര്‍ ലോബിയിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളിലുണ്ടായ മാറ്റവും പാര്‍ട്ടിയെ ഉലച്ച പ്രതിസന്ധികളില്‍ നേതൃത്വത്തിനുള്ള പങ്കും പുറത്തുവന്നപ്പോള്‍ കണ്ണൂരിലും ചിത്രം മാറുകയാണ്‌. ഔദ്യോഗിക നേതൃത്വത്തോടു നിരന്തരം കലഹിക്കുന്ന വി.എസ്‌. അച്യുതാനന്ദന്‍ ചില പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും സ്വീകാര്യനാണിപ്പോള്‍. വി.എസിനു കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥിത്വം ആദ്യം നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങാന്‍ കണ്ണൂരിലും സഖാക്കളുണ്ടായി. ഇതിന്റെപേരില്‍ ആദ്യമായി പാര്‍ട്ടി നടപടി നേരിട്ട ജില്ലകൂടിയാണു കണ്ണൂര്‍.  ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്‌ഥാന നേതൃത്വത്തിനും പിണറായിക്കുമെതിരേ തിരിഞ്ഞ വി.എസിനെതിരേ കേന്ദ്ര നേതൃത്വം കടുത്ത നടപടിയെടുത്താല്‍ പ്രതിഫലനം ആദ്യമുണ്ടാകുന്ന ജില്ല ഒരു പക്ഷേ കണ്ണൂരായിരിക്കും.
ഒഞ്ചിയം കൊലപാതകവും തുടര്‍ന്നു പിണറായി നടത്തിയ പ്രസ്‌താവനകളിലും സംസ്‌ഥാന സമിതിയംഗങ്ങള്‍ക്കിടയില്‍ ഗ്രൂപ്പുകള്‍ക്ക്‌ അതീതമായി ചേരിതിരിവ്‌ ഉണ്ടാക്കിയിട്ടുണ്ടെന്ന നിരീക്ഷണവും സംസ്‌ഥാന നേതൃത്വത്തിനു തലവേദനയാകുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടി ബന്ധം തെളിയിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സി.പി.എമ്മിനുള്ളിലെ പ്രതിഷേധം കൂടുതല്‍ മറനീക്കുമെന്നാണു കരുതപ്പെടുന്നത്‌. സംസ്‌ഥാന നേതൃത്വത്തിനെതിരേ വി.എസ്‌. നടത്തിയ പരസ്യമായ വെല്ലുവിളിക്കു പിന്നാലെ സി.പി.എം പിളര്‍പ്പുഭീതിയിലാണ്.

ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്നു ജില്ലാ കമ്മിറ്റികള്‍ക്കു ഔദ്യോഗിക നേതൃത്വം നിര്‍ദേശം നല്‍കി. മുഴുവന്‍ സി.പി.എം. ഓഫീസുകളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍ ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ക്കു സംസ്‌ഥാന നേതൃത്വത്തിന്റെ രഹസ്യനിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംസ്‌ഥാനത്തെ മൂന്നുമേഖലകളാക്കി തിരിച്ച്‌ പിണറായിപക്ഷത്തെ ഉന്നതര്‍ക്ക്‌ ഇതിനുള്ള ചുമതല നല്‍കി. വി.എസ്‌. പക്ഷത്തുള്ളവര്‍ക്ക്‌ യാതൊരു കാരണവശാലും ഓഫീസുകളുടെ ചുമതല നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.സി.പി.എമ്മില്‍ കൊടുമ്പിരിക്കൊണ്ട വിഭാഗീയത പൊട്ടിത്തെറിയില്‍ എത്തിയാല്‍ ഓഫീസുകളും മറ്റ്‌ ആസ്‌തികളും തങ്ങളുടെ പക്ഷത്തു നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്‌ ഈ രഹസ്യനീക്കം. ജില്ലാകമ്മിറ്റി ഓഫീസുകളുടെ ചുമതല ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍ക്കാണ്‌. നാലില്‍ കുറയാത്ത വിശ്വസ്‌തര്‍ ഇവര്‍ക്കൊപ്പമുണ്ടാകും. ഇത്രയും പേര്‍ എപ്പോഴും ഓഫീസില്‍ ഉണ്ടാകണമെന്നാണു നിര്‍ദേശം