Random Posts

Wednesday, May 16, 2012

പ്രത്യയശാസ്‌ത്രങ്ങള്‍ ആയുധമണിയുന്നതിന്റെ ആപത്ത്‌: രമേശ് ചെന്നിത്തല

രമേശ്‌ ചെന്നിത്തല (കെ.പി.സി.സി. പ്രസിഡന്റ്‌)

ജനാധിപത്യത്തിന്റെ കരുത്തും കാതലുമായ സഹിഷ്‌ണുതയും വിയോജിപ്പിനുള്ള അവകാശവും ചോര്‍ന്നുപോകുന്നതോടെ ആ പ്രസ്‌ഥാനം ഫാസിസമായിത്തീരുന്നു. കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍നിന്നാരംഭിച്ച്‌ ഇന്നു കേരളമാകെ വേരുപടര്‍ത്തിയ സി.പി.എം. അക്രമോത്സുകത ജനാധിപത്യ സംസ്‌കൃതിക്ക്‌ അപായകരമായിത്തീര്‍ന്നിരിക്കുന്നു.


ഇതരരാഷ്‌ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കുന്ന സി.പി.എമ്മിന്റെ ഇന്നലെകളിലെ പ്രാകൃതരാഷ്‌ട്രീയം ഇന്ന്‌ സഹജാത കമ്യൂണിസ്‌റ്റുകാരുടെ മേലും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നുവെന്നാണ്‌ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം നല്‍കുന്ന സൂചന. മനുഷ്യരക്‌തം വലിച്ചു കുടിക്കുന്ന രാഷ്‌ട്രീയപ്പകയുടെ കുരുതിക്കളമായി കേരളം മാറുകയാണോ എന്ന ഭീതി പൊതുസമൂഹത്തിലാകെ പടര്‍ന്നിരിക്കുന്നു. നാടുണര്‍ത്തുന്ന നാദലയങ്ങളായി മാറേണ്ട പ്രത്യയശാസ്‌ത്രങ്ങളെ ആയുധമണിയിക്കുന്നതിന്റെ അനന്തരഫലമാണ്‌ വടക്കന്‍ മലബാറില്‍ ഒഴുകുന്ന കൊലനിണച്ചാലുകള്‍.
ഏറ്റവും കഠിനഹൃദയനാവുന്ന നേതാവിന്‌ നായകപ്പട്ടവും ഏറ്റവും ക്രൂരനാവുന്ന പ്രവര്‍ത്തകന്‌ പട്ടും വളയും സമ്മാനിക്കുന്ന സി.പി.എമ്മിന്റെ കണ്ണൂര്‍രാഷ്‌ട്രീയത്തിന്റെ പിഴച്ച രീതിയാണ്‌ ഈ പ്രദേശങ്ങളെ എന്നും അശാന്തമാക്കുന്നത്‌. പാര്‍ട്ടിഗ്രാമങ്ങളും പാര്‍ട്ടികാമ്പസുകളും തീര്‍ത്ത്‌ ജനാധിപത്യവും തെരഞ്ഞെടുപ്പുകളും പ്രഹസനമാക്കിത്തീര്‍ക്കുന്ന തലത്തിലേക്ക്‌ വടക്കന്‍ മലബാര്‍ മാറിയിട്ട്‌ പതിറ്റാണ്ടുകളായി. ചെങ്കൊടിയല്ലാതെ മറ്റൊരു കൊടിയും പാറാന്‍ പാടില്ലെന്നും അരിവാള്‍ ചുറ്റികയല്ലാതെ മറ്റൊരു ചിഹ്നവും കാണാന്‍ പാടില്ലെന്നുമുള്ള ധിക്കാരത്തില്‍നിന്നായിരുന്നു പാര്‍ട്ടിഗ്രാമങ്ങളുടെ പിറവി.
പക്ഷേ, കാലം കുറെ പഴകിയപ്പോള്‍ ധിക്കാരച്ചെങ്കൊടികളെക്കാള്‍ ഉയരത്തില്‍ ചോദ്യം ചെയ്യലിന്റെയും തിരുത്തലിന്റെയും പുത്തന്‍ ചെങ്കൊടികള്‍ ഉയര്‍ന്നു. ഒഞ്ചിയത്തും ചോറോടും ഏറാമലയിലും അഴിയൂരിലുമൊക്കെ പുത്തന്‍ കമ്യൂണിസ്‌റ്റ് ധീരന്‍മാര്‍ പിഴച്ച നേതാക്കളുടെ നേര്‍ക്കു വിരല്‍ചൂണ്ടാനും ചോദ്യം ചെയ്യാനും തുടങ്ങിയതോടെ ചതിയും ചരിത്രവും കൈകോര്‍ത്തു പിടിച്ചുനില്‍ക്കുന്ന പാര്‍ട്ടി പിളര്‍ന്നു. കത്തുന്ന വയറുകളില്‍ കച്ചത്തോര്‍ത്തുകള്‍ വരിഞ്ഞുമുറുക്കി പാവങ്ങളെ കൊലമുഖത്തേക്കയച്ച ഒഞ്ചിയത്തിന്റെ ചരിത്രത്തിലും പിളര്‍പ്പുണ്ടായി. അത്തരമൊരു പിളര്‍പ്പിന്റെ പ്രസ്‌ഥാനരൂപമായിരുന്നു റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി. അത്തരമൊരു വഴിപിരിയലിന്റെ നായകരൂപമായിരുന്നു കഴിഞ്ഞ ദിവസം അരുംകൊല ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍.
ചോര ചുവക്കുന്ന സ്‌മരണകളുറങ്ങുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ മൂന്നാം തലമുറയിലെ യുവകമ്യൂണിസ്‌റ്റുകാരന്‍ നിഷ്‌ഠുരം കൊലചെയ്യപ്പെട്ടത്‌ കമ്യൂണിസ്‌റ്റിതര രാഷ്‌ട്രീയപ്പാര്‍ട്ടിക്കാരന്റെ കൈകൊണ്ടായിരുന്നില്ല, സമ്പത്തുകൊണ്ടും കൈയൂക്കുകൊണ്ടും ക്രൂരതകൊണ്ടും അധീശത്വശക്‌തിയായി മാറിയ സി.പി.എമ്മിന്റെ കരംകൊണ്ടായിരുന്നു എന്നാണ്‌ ജനങ്ങള്‍ വിശ്വസിക്കുന്നത്‌. ചന്ദ്രശേഖരന്റെ കൊലപാതകം ആകസ്‌മികമായ ഒരു ഏറ്റുമുട്ടലിലോ അവിചാരിതപ്രകോപനത്തിലോ സംഭവിച്ചതല്ല. നിരന്തരമായ വേട്ടയാടലിന്റെ ദുഃഖപര്യവസാനമായിരുന്നു മേയ്‌ നാലിന്‌ വടകരയ്‌ക്കടുത്ത വള്ളിക്കാട്‌ റോഡരികില്‍ നടന്ന അതിദാരുണമായ കൊലപാതകം.
നിഴല്‍പോലെ മരണം പിന്നാലെ കൂടിയിട്ടും ചന്ദ്രശേഖരന്‍ ഒമ്പതു തവണ രക്ഷപ്പെട്ടു. പത്താം തവണ കൊലവാള്‍ ആ ശരീരത്തെ വെട്ടിനുറുക്കി. ഇത്‌ ചന്ദ്രശേഖരന്റെ മാത്രം ദുരനുഭവമായിരുന്നില്ല. അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിട്ട നിരവധി പ്രാദേശിക നേതാക്കള്‍ക്കുനേരെയും സി.പി.എം. കൊലവാള്‍ വീശിയിട്ടുണ്ട്‌. ഫെബ്രുവരി 25, 26 തീയതികളില്‍ റവലൂഷണറി മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ സി.പി.എം. അക്രമം ശക്‌തമാക്കി. പുറത്തുനിന്നും ഇറക്കുമതി ചെയ്‌ത അക്രമികളെകൊണ്ട്‌ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമായിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ പാര്‍ട്ടിയുടെ ശത്രുവല്ലെന്നും അയാളുടെ കൂടെയുള്ളവരോട്‌ പാര്‍ട്ടിക്ക്‌ പകയില്ലെന്നും ഇപ്പോള്‍ പറയുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിനെതിരേ ഒഞ്ചിയത്തുവന്ന്‌ ഭീതിയും ഭീഷണിയും ഉയര്‍ത്തി സംസാരിച്ചിരുന്നു. പിണറായിക്കു പിന്നാലെ വന്ന ഇ.പി. ജയരാജന്റെ പ്രസംഗങ്ങളിലും പക പുകയുന്നുണ്ടായിരുന്നു. ഈ വെല്ലുവിളികളും തുടര്‍ന്നുള്ള അക്രമ പരമ്പരകളും എത്തിച്ചേര്‍ന്നത്‌ ചന്ദ്രശേഖരന്റെ ദാരുണമായ അന്ത്യത്തിലായിരുന്നു. ആ നിലയില്‍ ഈ അരുംകൊലയുടെ ധാര്‍മിക ഉത്തരവാദിത്തം മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കാണെന്നു വിശ്വസിക്കുന്നവരെ എങ്ങനെ കുറ്റം പറയാനാകും?
ഫാസിസത്തിന്റെ പീഡനമുറയായ കോണ്‍സന്‍ട്രേഷന്‍ ക്യാംപും സ്‌റ്റാലിനിസത്തിന്റെ ഉന്മൂലനരീതിയായ ക്യാപിറ്റല്‍ പണിഷ്‌മെന്റും പാര്‍ട്ടി കോടതിയുമൊക്കെ ജനാധിപത്യത്തിന്‌ അന്യമായ പദാവലികളാണ്‌. പുതിയ പ്രത്യയശാസ്‌ത്രരേഖയില്‍ ചൈനീസ്‌ മാതൃകയും ലാറ്റിനമേരിക്കന്‍ മാതൃകയും നിരാകരിച്ച്‌ ഇന്ത്യന്‍ മാതൃക തേടുന്ന പാര്‍ട്ടി, പീഡനത്തിനും നിഗ്രഹത്തിനും പഴയ സ്‌റ്റാലിനിസ്‌റ്റ് രീതിതന്നെയാണ്‌ പ്രയോഗിക്കുന്നത്‌. മാറുന്ന കാലത്തിനും സാങ്കേതികവിദ്യക്കും അനുസരിച്ചു കൊലപാതകപാഠങ്ങളും സിലബസും പുതുക്കുന്ന നിഷ്‌ഠൂരതയുടെ സര്‍വകലാശാലയായി സി.പി.എം. കേരള രാഷ്‌ട്രീയത്തെ മാറ്റുകയാണ്‌.
യു.ഡി.എഫ്‌. ആസൂത്രണം ചെയ്‌തതാണ്‌ ചന്ദ്രശേഖരന്റെ കൊലപാതകമെന്ന്‌ സി.പി.എം. തുടക്കത്തില്‍ ആരോപിച്ചത്‌. കൊലപാതകം നടക്കുന്നതിന്‌ മണിക്കൂറുകള്‍ക്കു മുമ്പ്‌ പ്രദേശത്തെ പ്രമുഖ സി.പി.എം. പ്രവര്‍ത്തകര്‍ വീടു പൂട്ടി കുടുംബസമേതം സ്‌ഥലംവിട്ടത്‌ സ്‌ഥലവാസികള്‍ സംശയത്തോടെയാണു വീക്ഷിക്കുന്നത്‌. കൊലപാതകം നടന്ന്‌ മുക്കാല്‍ മണിക്കൂറിനകം സി.പി.എം. ജില്ലാ സെക്രട്ടറി പാര്‍ട്ടിയുടെ പങ്കാളിത്തം നിഷേധിച്ചതും കൊലയ്‌ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന്‌ ആരോപിച്ചതും എവിടെനിന്ന്‌ ലഭിച്ച അറിവിന്റെ അടിസ്‌ഥാനത്തിലാണ്‌? പോലീസിനു പ്രതികളെ സംബന്ധിച്ച വിവരം ലഭിക്കുംമുമ്പേ കൊലപാതകം നടത്തിയത്‌ പ്രഫഷണല്‍ ക്വട്ടേഷന്‍ സംഘമാണെന്ന സംസ്‌ഥാന സെക്രട്ടറിയുടെ നിഗമനത്തിന്റെ അടിസ്‌ഥാനമെന്തായിരുന്നു?
ഈ കിരാതരാഷ്‌ട്രീയത്തെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വിറ്റു വോട്ടാക്കാന്‍ യു.ഡി.എഫ്‌. ആഗ്രഹിക്കുന്നില്ല. പക്ഷേ, ഈ അരുംകൊലരാഷ്‌ട്രീയത്തിന്റെ പേരില്‍ കേരളജനത സി.പി.എമ്മിനെ വിചാരണ ചെയ്യും. ചന്ദ്രശേഖരന്റെ ദാരുണകൊലപാതകത്തെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ആദ്യം സംസാരിച്ചത്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയാണ്‌. ഉപതിരഞ്ഞെടുപ്പില്‍ മാത്രം ഉന്നയിച്ച്‌ ഉപേക്ഷിക്കേണ്ട സംഭവമല്ല ഈ ഭീകരകൊലപാതകം. മാനവികസംസ്‌കാരത്തിന്റെ മണിധ്വജങ്ങളായി വാനിലുയരേണ്ട രാഷ്‌ട്രീയ പതാകകള്‍ പ്രതിയോഗികളുടെ രക്‌തംപുരണ്ട കീറത്തുണികളായി അപമതിക്കപ്പെടരുതെന്ന്‌ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നു. കരള്‍വെട്ടി കുരുതിക്കളം തീര്‍ക്കുന്ന കണ്ണീരിന്റെ ഗാഥകളല്ല, ഇരുള്‍വെട്ടി വഴിവിളക്കു കൊളുത്തുന്ന ഹൃദയങ്ങളുടെ സംഘഗീതമാണ്‌ രാഷ്‌ട്രീയരംഗത്ത്‌ ഉയരേണ്ടത്‌